യുഎസ് അംബാസഡറായി റിച്ചാര്‍ഡ് രാഹുല്‍ വര്‍മ സ്ഥാനമേറ്റു
യുഎസ് അംബാസഡറായി റിച്ചാര്‍ഡ് രാഹുല്‍ വര്‍മ സ്ഥാനമേറ്റു
Sunday, December 21, 2014 12:09 AM IST
വാഷിംഗ്ടണ്‍: റിച്ചാര്‍ഡ് രാഹുല്‍ വര്‍മ ഇന്ത്യയിലെ യുഎസ് അംബാസഡറായി അമേരിക്കയില്‍ ചുമതലയേറ്റു. യുഎസ് സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കുന്നതിനു മുമ്പ് റിച്ചാര്‍ഡ് രാഹുല്‍ വര്‍മ ഇന്ത്യയിലെത്തി സ്ഥാനമേല്‍ക്കും. പഞ്ചാബില്‍നിന്ന് അമേരിക്കയിലേക്കു കുടിയേറിയ കുടുംബത്തില്‍ പിറന്ന 46കാരനായ രാഹുല്‍ വര്‍മ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ്.

ഈ വര്‍ഷത്തെ റിപ്പബ്ളിക്ദിന പരേഡില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയാണ് മുഖ്യാതിഥി. ഇതിനു മുന്നോടിയായി രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുമായി രാഹുല്‍ വര്‍മ കൂടിക്കാഴ്ച നടത്തും.


കഴിഞ്ഞയാഴ്ചയാണു സെനറ്റ് ശബ്ദവോട്ടോടെ വര്‍മയുടെ നിയമനം അംഗീകരിച്ചത്. ഇന്ത്യയുമായുള്ള ആണവകരാര്‍ ഒപ്പുവയ്ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച രാഹുല്‍വര്‍മ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും താത്പര്യമുള്ളയാളാണ്. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധി ദേവയാനി ഖോബ്രഗഡെയുടെ വീസാത്തട്ടിപ്പു കേസുമായി ബന്ധപ്പെട്ടുള്ള വിവാദത്തെത്തുടര്‍ന്നാണ് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ നാന്‍സി പൌവലിനെ കഴിഞ്ഞ മാര്‍ച്ചില്‍ തല്‍സ്ഥാനത്തുനിന്നു നീക്കിയത്. കാതലീന്‍ സ്റീഫനായിരുന്നു താത്കാലിക ചുമതല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.