പെഷവാര്‍ കൂട്ടക്കൊല : ഒമ്പതാംക്ളാസില്‍ ശേഷിച്ചത് ഒരു കുട്ടിമാത്രം
പെഷവാര്‍ കൂട്ടക്കൊല : ഒമ്പതാംക്ളാസില്‍ ശേഷിച്ചത് ഒരു കുട്ടിമാത്രം
Thursday, December 18, 2014 12:08 AM IST
പെഷവാര്‍: പെഷവാര്‍ സൈനിക സ്കൂളില്‍ മരണംവിതച്ച താലിബാന്‍ ഭീകരര്‍ ഒമ്പതാം ക്ളാസില്‍ ഹാജരുണ്ടായിരുന്ന മുഴുവന്‍ വിദ്യാര്‍ഥികളെയും തോക്കിനിരയാക്കി. അവധിയിലായിരുന്ന 15കാരനായ ദാവൂദ് ഇബ്രാഹിം മാത്രമാണ് അവശേഷിച്ചത്. തലേന്ന് വിവാഹസത്കാരത്തിനു പോയി രാത്രി ഏറെ വൈകിയെത്തിയ ഇബ്രാഹിം സമയത്ത് എഴുന്നേല്‍ക്കാനായി അലാറം വച്ചെങ്കിലും അടിച്ചില്ല. അതിനാലാണ് ക്ളാസില്‍ പോകാത്തത്.

.വിദ്യാര്‍ഥികളെ നിരത്തിനിര്‍ത്തി ഭീകരര്‍ വെടിവയ്ക്കുകയായിരുന്നു. അതു വിധിയാണ്.അവന്റെ ക്ളാസില്‍ മറ്റാരും രക്ഷപ്പെട്ടില്ല. അലാറം നിശബ്ദമായത് അവന്റെ ജീവന്‍ രക്ഷിച്ചു- ഇബ്രാഹിമിന്റെ സഹോദരന്‍ സുഫിയന്‍ എക്സ്പ്രസ് ട്രിബ്യൂണിനോടു പറഞ്ഞു.

ഇന്നലെ സ്കൂളിലെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് രക്തംതളംകെട്ടി നില്‍ക്കുന്ന ക്ളാസ്മുറികളും ഓഡിറ്റോറിയവും തകര്‍ന്നുകിടക്കുന്ന ജ്യോമട്രി ബോക്സുകളും കീറിയ പുസ്തകങ്ങളും ചിന്നിച്ചിതറിക്കിടക്കുന്ന ഷൂസുകളും മാത്രമാണു കാണാനായത്.ഓഡിറ്റോറിയത്തില്‍നിന്നു മാത്രം നൂറു മൃതദേഹങ്ങളാണ് സൈന്യം കണ്െടടുത്തത്.

ചെറിയകുട്ടികളെ ഒഴിവാക്കി മുതിര്‍ന്ന കുട്ടികളെ വകവരുത്താനാണ് തോക്കുധാരികളോടു തങ്ങള്‍ നിര്‍ദേശിച്ചിരുന്നതെന്ന് താലിബാന്‍ വ്യക്തമാക്കി. എന്നാല്‍ വെടിവയ്പും ബോംബിംഗും കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ അനേകരുടെ മരണത്തിനിടയാക്കുകയായിരുന്നുവെന്ന് താലിബാന്‍ പറഞ്ഞു. മരിച്ചവരുടെകൂട്ടത്തില്‍ അഞ്ചുവയസുകാരിയും ഉണ്ടായിരുന്നു. ആദ്യമായി സ്കൂളില്‍ പോയ കുട്ടിയാണു കൊല്ലപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു.


യൂണിഫോമിട്ട് സ്കൂളിലേക്കു പോയവര്‍ മടങ്ങിയെത്തിയത് ശവപ്പെട്ടികളില്‍- കൊല്ലപ്പെട്ട ഒരു കുട്ടിയുടെ പിതാവ് തേങ്ങിക്കരഞ്ഞു. ഞാന്‍ എഴുന്നേറ്റ് പ്രകാശിക്കും എന്ന മോട്ടോ യൂണിഫോമുകളില്‍ ദൃശ്യമായിരുന്നു.

വെടിയൊച്ചകേട്ട ഉടന്‍ ക്ളാസ്മുറി അടയ്ക്കാന്‍ ഞങ്ങളുടെ അധ്യാപിക പറഞ്ഞു. എന്നാല്‍ ഭീകരര്‍ കതകു ചവിട്ടിത്തുറന്ന് കുട്ടികളെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് കൂട്ടക്കൊലയില്‍നിന്നു രക്ഷപ്പെട്ട ഒരു കുട്ടി മാധ്യമങ്ങളോടു പറഞ്ഞു. അധ്യാപികയെ അഗ്നിക്കിരയാക്കി. ഭീകരര്‍ ക്ളാസ്മുറികള്‍ തോറും കയറിയിറങ്ങി വെടിയുതിര്‍ക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.