കുഞ്ഞു ക്രിസിനു നെറുകയില്‍ മുത്തം, ബെന്നിനെ മാര്‍പാപ്പ കൈവച്ചനുഗ്രഹിച്ചു
കുഞ്ഞു ക്രിസിനു നെറുകയില്‍ മുത്തം,  ബെന്നിനെ മാര്‍പാപ്പ കൈവച്ചനുഗ്രഹിച്ചു
Friday, November 28, 2014 11:42 PM IST
ജോര്‍ജ് കള്ളിവയലില്‍

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുത്തവും കൈവയ്പുമായി അപൂര്‍വ അനുഗ്രഹം കിട്ടിയതിന്റെ നിറവില്‍ രണ്ടു മലയാളി കുഞ്ഞുങ്ങള്‍. റോമില്‍ ജോലി ചെയ്യുന്ന ചങ്ങനാശേരി ഫാത്തിമാപുരം കെട്ടേടം വീട്ടില്‍ ജയ്മോന്‍ ജോസഫിന്റെയും മിനിയുടെയും ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞു ക്രിസും പതിനൊന്നു വര്‍ഷമായി ലണ്ടനില്‍ താമസിക്കുന്ന പാലാ കൊഴുവനാല്‍ മുണ്ടുപാലക്കല്‍ ടോമിച്ചന്‍ കൊഴുവനാലിന്റെയും റെനിമോളുടെയും മകന്‍ ബൈന്നും ആണ് മാര്‍പാപ്പയുടെ അനുഗ്രഹം നേരിട്ടു ലഭിച്ച അപൂര്‍വ ഭാഗ്യവാന്മാര്‍.

ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും എവുപ്രാസ്യാമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ചതിനുശേഷം വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ വിശ്വാസികള്‍ക്കിടയിലൂടെ പാപ്പാമൊബീലില്‍ സഞ്ചരിക്കുന്നതിനിടയിലായിരുന്നു ജയ്മോന്റെയും മിനിയുടെയും പിഞ്ചുകുഞ്ഞ് ക്രിസ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശ്രദ്ധയില്‍ പെട്ടത്. ജയ്മോന്‍ കൈകളില്‍ ഉയര്‍ത്തിപ്പിടിച്ച കുഞ്ഞുവാവയെ കണ്ടയുടന്‍ വാഹനം നിര്‍ത്തിച്ചു പാപ്പ കുഞ്ഞിനെ കൈയിലെടുത്തു നെറുകയില്‍ സ്നേഹമുത്തം നല്‍കി അനുഗ്രഹിക്കുകയായിരുന്നു.

പിറ്റേന്നു രാവിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന കൃതജ്ഞതാബലിയില്‍ പങ്കെടുക്കാനെത്തിയ കാല്‍ലക്ഷത്തിലേറെ വിശ്വാസികളെ ആശീര്‍വദിക്കാനെത്തി മടങ്ങുന്നതുനിടെയായിരുന്നു ടോമിച്ചന്റെയും മിനിയുടെയും മൂന്നു വയസുള്ള മകന്‍ ബെന്നിനെ കണ്ടു പാപ്പ അടുത്തെത്തി തലയില്‍ കൈവച്ച് അനുഗ്രഹം നല്‍കിയത്. ബെനഡിക്ട് ജോര്‍ജ് അഗസ്റിന്‍ എന്ന ബെന്നിന് അടുത്ത മാസം എട്ടിനു മൂന്നു വയസു തികയും.

ചാവറയച്ചന്റെയും എവുപ്രാസ്യാമ്മയുടെയും വിശുദ്ധ പദവിയുടെ അനുഗ്രഹം തേടാന്‍ ലോകത്തിന്റെ വിവിധ ‘ഭാഗങ്ങളില്‍ നിന്നെത്തിയ പതിനായിരക്കണക്കിനു മലയാളികള്‍ക്കിടയില്‍ നിന്നാണു ജയ്മോന്റെയും ടോമിച്ചന്റെയും കുടുംബത്തിന് ഇരട്ടി ഭാഗ്യമായി മാര്‍പാപ്പയുടെ പ്രത്യേക അനുഗ്രഹമെത്തിയത്. വിശുദ്ധ പദവി പ്രഖ്യാപനത്തിനുശേഷം വികലാംഗരും രോഗികളുമായവരെ കൈവച്ചും കെട്ടിപ്പുണര്‍ന്നും അനുഗ്രഹിച്ച ശേഷമായിരുന്നു ഫ്രാന്‍സിസ് പാപ്പാ പതിവു പോലെ പാപ്പാ മൊബീലില്‍ കയറിയത്. ജനക്കൂട്ടത്തിനിടയിലൂടെ കുറെസമയം സഞ്ചരിച്ചു ചത്വരത്തിന്റെ പാതി ഭാഗം കഴിഞ്ഞപ്പോഴാണു ക്രിസ് എന്ന പിഞ്ചുകുഞ്ഞിനെ പാപ്പാ കണ്ടത്. ഉടന്‍ വാഹനം നിര്‍ത്തിയ പാപ്പാ ഉയര്‍ത്തിപ്പിടിച്ചിരുന്ന കുഞ്ഞിനെ കൈയിലെടുത്തു മാറോടണച്ചു മുത്തം നല്‍കിയതോടെ അടുത്തുണ്ടായിരുന്നു ആയിരങ്ങള്‍ സന്തോഷാരവം മുഴക്കി.


ഇറ്റലിയിലെ റോമില്‍ തന്നെ ജോലി ചെയ്യുന്ന ജയ്മോനും മിനിയും രാവിലെ പെയ്ത മഴയെയും കെടുംതണുപ്പിനെയും അവഗണിച്ചാണ് ഒരു മാസം മാത്രം പ്രായമുളള കുഞ്ഞിനെയും എടുത്തു ചാവറയച്ചന്റെയും എവുപ്രാസ്യാമ്മയുടെയും അനുഗ്രഹം തേടാനെത്തിയത്.

വലിയ ജനക്കൂട്ടത്തിനിടയില്‍ നിന്നു വളരെ ത്യാഗം സഹിച്ചാണു പാപ്പയെ കാണാന്‍ ബാരിക്കേഡിനടുത്തെത്തിയതു തന്നെ. വിശുദ്ധരായ ചാവറയച്ചന്റെയും എവുപ്രാസ്യാമ്മയുടെയും പ്രത്യേക അനുഗ്രഹമാണു ക്രിസിനു അസുല ാഗ്യത്തിനു കാരണമായതെന്നു ഇരുവരും കരുതുന്നു.

ഏഴു വര്‍ഷം മുമ്പു വത്തിക്കാനില്‍ പോയിരുന്നെങ്കിലും ചാവറയച്ചനോടുള്ള പ്രത്യേക പ്രാര്‍ഥനയ്ക്കു വേണ്ടിയായിരുന്നു അമ്മയെയും ഭാര്യയെയും മകനെയും കൂട്ടി ടോമിച്ചന്‍ ലണ്ടനില്‍ നിന്നു റോമിലെത്തിയത്. മുമ്പ് അസുഖം മൂലം കാരിത്താസ് ആശുപത്രിയില്‍ കിടന്ന സമയത്ത് ചാവറയച്ചന്‍ പ്രത്യക്ഷപെട്ടു എന്ന് ഉറച്ചു വിശ്വസിക്കുന്ന അമ്മയുടെ ആഗ്രഹ പൂര്‍ത്തീകരണ പ്രകാരമായിരുന്നു വിശുദ്ധപദ പ്രഖ്യാപന ചടങ്ങില്‍ പോകാന്‍ തീരുമാനിച്ചതെന്നു ടോമിച്ചന്‍ ദീപികയോടു പറഞ്ഞു. ഏതായാലും അമ്മ സ്വപ്നത്തില്‍ കണ്ട ചാവറയച്ചന്റെ അനുഗ്രഹമാണു മകനെ പാപ്പ കൈവച്ച് അനുഗ്രഹിച്ചതെന്നതിലും വീട്ടുകാര്‍ക്കു സംശയമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.