കര്‍ദിനാള്‍ റോബര്‍ട്ട് സാറ തിരുസംഘ പ്രീഫെക്റ്റ്
കര്‍ദിനാള്‍ റോബര്‍ട്ട് സാറ തിരുസംഘ പ്രീഫെക്റ്റ്
Thursday, November 27, 2014 12:23 AM IST
വത്തിക്കാന്‍ സിറ്റി: ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍നിന്നുള്ള കര്‍ദിനാള്‍ റോബര്‍ട്ട് സാറയെ ദൈവാരാധനയും കൂദാശകളുടെ അനുഷ്ഠാനവും സംബന്ധിച്ച തിരുസംഘത്തിന്റെ തലവനായി നിയമിച്ചു. ഈ സംഘത്തിന്റെ പ്രീഫെക്റ്റ് ആയിരുന്ന കര്‍ദിനാള്‍ ആന്റോണിയോ കനിസാറെസ് ലൊവേരയെ ഓഗസ്റില്‍ സ്പെയിനിലെ വാലന്‍സിയയില്‍ ആര്‍ച്ച്ബിഷപ്പായി നിയമിച്ചിരുന്നു.

ഈ പദവിയിലെത്തുന്ന രണ്ടാമത്തെ ആഫ്രിക്കക്കാരനാണ് 69 വയസുള്ള കര്‍ദിനാള്‍ സാറ. 2002-08ല്‍ ആഫ്രിക്കയില്‍നിന്നുള്ള കര്‍ദിനാള്‍ ഫ്രാന്‍സിസ് അരിന്‍സെ ഈ തിരുസംഘത്തിന്റെ പ്രീഫെക്റ്റ് ആയിരുന്നു.

വത്തിക്കാന്റെ ഉപവി-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കോര്‍ ഊനും എന്ന പൊന്തിഫിക്കല്‍ കൌണ്‍സിലിന്റെ പ്രസിഡന്റായിരുന്നു കര്‍ദിനാള്‍ സാറ ഇതുവരെ. ഫ്രഞ്ച്, ഇംഗ്ളീഷ്, ഇറ്റാലിയന്‍ ഭാഷകളില്‍ പ്രവീണനായ ഇദ്ദേഹം ഗിനിയിലെ കോനാക്രിയില്‍ മെത്രാപ്പോലീത്തയും ഗിനി ബിഷപ്സ് കോണ്‍ഫറന്‍സ് പ്രസിഡന്റുമായിരുന്നു.


ദിവ്യബലിയും വിവിധ കൂദാശകളും സംബന്ധിച്ച കാര്യങ്ങളാണ് തിരുസംഘത്തിന്റെ കീഴില്‍ വരുന്നത്. കുര്‍ബാനയുടെയും മറ്റു കൂദാശകളുടെയും പാഠങ്ങളുടെ പരിഷ്കരണവും പരിഭാഷയും തിരുസംഘത്തിന്റെ മേല്‍നോട്ടത്തിലാണ്. ഈ തിരുസംഘത്തിലെ രണ്ട് അണ്ടര്‍ സെക്രട്ടറിമാരെ ഈ മാസമാദ്യം മാറ്റിയിരുന്നു. ഇപ്പോള്‍ ഫാ. കൊറാഡോ മാജോണി മാത്രമാണ് അണ്ടര്‍ സെക്രട്ടറി.

പഴയ ലത്തീന്‍ കുര്‍ബാനയോടു സവിശേഷ താത്പര്യമുള്ളയാളായിരുന്നു മുന്‍ പ്രീഫെക്റ്റ് കര്‍ദിനാള്‍ കനിസാറസ്. ഈയിടെ വിശുദ്ധരുടെ നാമകരണ തിരുക്കര്‍മങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മാറ്റംവരുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.