പിഞ്ചുകുഞ്ഞിന്റെ വെടിയേറ്റ് അമ്മ മരിച്ചു
Thursday, November 27, 2014 11:33 PM IST
വാഷിംഗ്ടണ്‍: യുഎസിലെ ഓക്ലഹോമയിലെ തുള്‍സാ പട്ടണത്തില്‍ മൂന്നുവയസുകാരന്റെ വെടിയേറ്റ് അമ്മ മരിച്ചു. രണ്ടു കുട്ടികളുടെ അമ്മയായ ക്രിസ്റാ എംഗല്‍സാണ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞു നടന്ന ദാരുണ സംഭവത്തില്‍ മരിച്ചത്.

പത്തുമാസം പ്രായമുള്ള ഇളയകുട്ടിയെ എംഗല്‍സ് കുളിപ്പിക്കുമ്പോഴാണ് മേശപ്പുറത്തുണ്ടായിരുന്ന നിറതോക്കെടുത്തു മൂന്നുവയസുകാരന്‍ വെടിവച്ചത്. സെമി ഓട്ടോമാറ്റിക് കൈത്തോക്കില്‍നിന്നുള്ള വെടി എംഗല്‍സിന്റെ തലയ്ക്കാണു കൊണ്ടത്. രക്തംവാര്‍ന്ന് എംഗല്‍സ് ഏതാനും സമയം നിലത്തുകിടന്നു. പുറത്തുപോയിരുന്ന എംഗല്‍സിന്റെ അമ്മ തിരിച്ചുവരുമ്പോള്‍ മകള്‍ വെടിയേറ്റു കിടക്കുന്നതു കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


സൈന്യത്തില്‍ ജോലിയുള്ള എംഗല്‍സ് തോക്ക് അലക്ഷ്യമായി മേശപ്പുറത്തിട്ടതാണ് ദുരന്തത്തിനിടയാക്കിയത്. താന്‍ തോക്കെടുത്തു കാഞ്ചി വലിച്ചെന്ന് മൂന്നു വയസുകാരന്‍ പോലീസിനോടു സമ്മതിച്ചു. അതിദാരുണമായ അപകടം എന്നാണ് പോലീസ് സാര്‍ജന്റ് ഡേവ് വിറ്റേക്കര്‍ വെടിവയ്പിനെ വിശേഷിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.