കുടി നിര്‍ത്താനുള്ള ഗുളിക വിപണിയില്‍
കുടി നിര്‍ത്താനുള്ള ഗുളിക വിപണിയില്‍
Thursday, November 27, 2014 11:32 PM IST
ലണ്ടന്‍: മദ്യപാനം നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സന്തോഷ വാര്‍ത്ത. മദ്യാസക്തി കുറയ്ക്കുന്ന പുതിയ മരുന്ന് ഔദ്യോ ഗികാംഗീകാരത്തോടെ ഇന്നു മുതല്‍ വിപണിയില്‍. ബ്രിട്ടനിലാണ് ആദ്യം എത്തുക. നാല്‍മെഫെനെ അഥവാ സെലിന്‍ക്രോ എന്ന ഈ മരുന്നു വില്‍ക്കുന്നതിനു ബ്രിട്ടനിലെ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്സലന്‍സ് (നൈസ്) അനുമതി നല്കി. കൌണ്‍സലിംഗും ഈ ഔഷധവും ചേര്‍ന്നാല്‍ ഫലപ്രദമാണെന്നു പറയുന്നു.

മൂന്നു പൌണ്ട് (285 രൂപ) വില വരുന്ന ഗുളികയാണ് ഒരു ദിവസത്തേക്കു ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഒറ്റയടിക്കു മദ്യപാനം നിര്‍ത്താനല്ല ഇതുപയോഗിക്കുന്നത്. അളവു കുറച്ചു കൊണ്ടുവന്നു സാവധാനം കുടി നിര്‍ത്താനാണ്. തങ്ങള്‍ മദ്യാസക്തരാണെന്നു സമ്മതിക്കുകയോ അറിയുകയോ ചെയ്യാത്തവര്‍ക്കും ഇതു ഫലപ്രദമാണെന്നു നൈസ് വക്താവ് പറഞ്ഞു. ഇക്കൊല്ലം 35,000 പേര്‍ക്ക് ഈ മരുന്നു നല്കുമെന്നു കരുതപ്പെടുന്നു. സ്കോട്ട്ലന്‍ഡില്‍ കഴിഞ്ഞ ഒക്ടോബറില്‍ ഈ മരുന്ന് അനുവദിച്ചതാണ്. ഇതുവരെ 53 പേര്‍ക്കേ ഡോക്ടര്‍മാര്‍ ഇതു നിര്‍ദേശിച്ചുള്ളൂ. ഇപ്പോഴത്തെ അനുമതി പ്രകാരം നിശ്ചിത അളവിലേറെ മദ്യം കഴിക്കുന്നവര്‍ക്ക് ഈ മരുന്ന് ആവശ്യപ്പെടാം. അതിനാല്‍ കൂടുതല്‍ പേര്‍ ഇതുപയോഗിക്കുമെന്നു പ്രതീക്ഷിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.