പാക്കിസ്ഥാന്‍ എതിര്‍ത്തു; സാര്‍ക്ക് കരാറുകള്‍ ഒപ്പിട്ടില്ല
പാക്കിസ്ഥാന്‍ എതിര്‍ത്തു; സാര്‍ക്ക് കരാറുകള്‍ ഒപ്പിട്ടില്ല
Thursday, November 27, 2014 11:32 PM IST
കാഠ്മണ്ഡു: പാക്കിസ്ഥാന്റെ നിലപാടുകള്‍ മൂലം ദക്ഷിണേഷ്യന്‍ മേഖലാ സഹകരണ (സാര്‍ക്ക്) ഉച്ചകോടി പരാജയപ്പെട്ടു. പതിനെട്ടാമത് ഉച്ചകോടിയില്‍ ഒപ്പുവയ്ക്കാന്‍ ഉദ്ദേശിച്ചിരുന്ന മൂന്നു കരാറുകളെയും പാക്കിസ്ഥാന്‍ എതിര്‍ത്തു.

എല്ലാവരും യോജിക്കുന്നവ മാത്രം കരാറാക്കുന്നതാണു സാര്‍ക്ക് കീഴ്വഴക്കം. പാക്കിസ്ഥാന്‍ എതിര്‍ത്തതിനാല്‍ ഒന്നും കരാറാക്കിയില്ല.

ഇന്ത്യയെ തങ്ങളുമായി ചര്‍ച്ചയ്ക്കു നിര്‍ബന്ധിക്കുക എന്ന ഉദ്ദേശ്യമാണു കരാറുകളെ എതിര്‍ത്തതില്‍ പാക്കിസ്ഥാനുള്ളത്. കാഷ്മീര്‍ കാര്യത്തില്‍ ഒരു കരാറിന് ഇന്ത്യ തയാറാകണമെന്നും പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് ആവശ്യപ്പെടുന്നു. സാര്‍ക്ക് സഖ്യം ഇന്ത്യയുടെ മാനസ സന്താനമാണ്. സാര്‍ക്ക് ഉച്ചകോടി വിഫലമാകാതിരിക്കാന്‍ ഇന്ത്യ വിട്ടുവീഴ്ച ചെയ്യും എന്നു പാക്കിസ്ഥാന്‍ കരുതി. എന്നാല്‍, ഭീകരപ്രവര്‍ത്തനത്തിന് ഒത്താശ തുടരുന്ന പാക്കിസ്ഥാനുമായി ചര്‍ച്ച എന്ന പ്രഹസനം നടത്താന്‍ തയാറല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാടെടുത്തു.

ഉച്ചകോടി തുടങ്ങും മുമ്പേ ഇതാകും അന്ത്യമെന്ന സൂചന ഉണ്ടായിരുന്നു. നവാസ് ഷരീഫുമായി ചര്‍ച്ച നടത്തുമോ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്കാന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തിങ്കളാഴ്ച തയാറായില്ല. അന്നുതന്നെ ഉച്ചകോടി ഒരു പരാജയമാകുമെന്നു വ്യക്തമായിരുന്നു.


നരേന്ദ്ര മോദി ഇന്നലെ ഷരീഫ് ഒഴിച്ചുള്ള രാഷ്ട്രനേതാക്കളോടെല്ലാം നേരിട്ടു ചര്‍ച്ച നടത്തി. അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ളാദേശ്, ശ്രീലങ്ക, മാലദീപ് എന്നീ രാജ്യങ്ങളുടെ നേതാക്കളുമായാണ് മോദി ചര്‍ച്ച നടത്തിയത്. ഉച്ചകോടി വേദിയില്‍ ഷരീഫും മോദിയും അടുത്തല്ല ഇരുന്നതും. മുംബൈയിലെ ഭീകരാക്രമണത്തിന്റെ വാര്‍ഷികമാണ് ഈ ദിനത്തില്‍ എന്നു പറഞ്ഞു പ്രസംഗിച്ച മോദി പാക്കിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ചു.

ചൈനയെ സാര്‍ക്കില്‍ അംഗരാജ്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യക്കെതിരേ പാക്കിസ്ഥാന്‍ ഒരു വലിയ നയതന്ത്രക്കളിയും കളിച്ചു. നേപ്പാളിനും ശ്രീലങ്കയ്ക്കും മാലദ്വീപിനും ചൈനയെ തള്ളിപ്പറയാനാവില്ല. എന്നാല്‍, ഇന്ത്യയുടെ ശക്തമായ നിലപാടു മൂലം ചൈനാ പ്രശ്നം ഉച്ചകോടിയില്‍ വലിയ വിഷയമായില്ല. ഇന്ത്യയും പാക്കിസ്ഥാനും ധാരണയിലല്ലെങ്കില്‍ സാര്‍ക്കിന് ഒന്നും ചെയ്യാനാവില്ലെന്ന് ഉച്ചകോടി വീണ്ടും തെളിയിച്ചു.

റോഡ് ഗതാഗതം, റെയില്‍വേയിലെ സഹകരണം, ഊര്‍ജമേഖലയിലെ സഹകരണം എന്നിവയിലാണു കരാറുകള്‍ തയാറാക്കിയിരുന്നത്. പരസ്പര സഹകരണവും വാണിജ്യവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇത്. ഇവയില്‍ ഒപ്പുവയ്ക്കാന്‍ കഴിയാതെ വന്നതോടെ സാര്‍ക്കിന്റെ ഭാവിയും ചോദ്യചിഹ്നത്തിലായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.