മാര്‍പാപ്പയുടെ അനുഗ്രഹാശംസകളോടെ കൃതജ്ഞതാബലി
മാര്‍പാപ്പയുടെ അനുഗ്രഹാശംസകളോടെ കൃതജ്ഞതാബലി
Tuesday, November 25, 2014 11:48 PM IST
വത്തിക്കാനില്‍നിന്ന് ഡോ. ഐസക് ആരിക്കാപ്പള്ളില്‍ സിഎംഐ

ഭാരതസഭയുടെ ആത്മീയ സമ്പാദ്യത്തിലേക്കു വിശുദ്ധ അല്‍ഫോന്‍സാമ്മയോടൊപ്പം സീറോ മല ബാര്‍ സഭയില്‍നിന്നു വിശുദ്ധ ചാവറയച്ചന്‍, വിശുദ്ധ എവുപ്രാസ്യമ്മ എന്നിവരെക്കൂടി ലഭിച്ചതിനുള്ള കൃതജ്ഞതാബലി ഇന്നലെ രാവിലെ പത്തിനു വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ മാര്‍പാപ്പയുടെ അള്‍ത്താരയില്‍ നടന്നു.

ബലിയര്‍പ്പണത്തിന് അല്പം മുമ്പു ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നു നാമകരണച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആയിരക്കണക്കിന് ഇന്ത്യന്‍സംഘാംഗങ്ങളെ അനുഗ്രഹിക്കുന്നതിനും അവര്‍ക്ക് ആശംസകളപ്പിക്കുന്നതിനും ഫ്രാന്‍സിസ് മാര്‍പാപ്പ മദ്ബഹയിലെ ത്തി. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പരിശുദ്ധ പിതാവിനെ സ്വാഗതം ചെയ്തു.

പ്രാര്‍ഥനയും ഉപവിപ്രവൃത്തികളും വിശുദ്ധ ചാവറയച്ചന്‍ സംയോജിപ്പിച്ചതുപോലെ അദ്ദേഹത്തിന്റെ മക്കളായ സഭാംഗങ്ങളും ചെയ്യണമെന്നും എവുപ്രാസ്യമ്മയെപ്പോലെ വിശുദ്ധയുടെ സഹോദരിമാര്‍ പ്രാര്‍ഥിക്കുന്നവരാകണമെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു. ഇന്ത്യന്‍ കത്തോലിക്കാസഭയുടെ ആത്മീയതയെയും പ്രത്യേകിച്ചു കേരളത്തില്‍നിന്നുള്ള ധാരാളം ദൈവവിളികളെയും പാപ്പാ ആശംസാപ്രസംഗത്തില്‍ ശ്ളാഘിച്ചു.

മദ്ബഹയില്‍ സ്ഥാപിച്ചിരുന്ന വിശുദ്ധ ചാവറയച്ചന്റെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും ഛായാചിത്രങ്ങള്‍ക്കരികില്‍ച്ചെന്നു മാര്‍പാപ്പ അല്പനേരം മൌനമായി പ്രാര്‍ഥിക്കുകയും ചിത്രങ്ങളില്‍ ചുംബിക്കുകയും ചെയ്തു. എല്ലാവ രെയും അനുഗ്രഹിച്ചശേഷം മാര്‍പാപ്പ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെയും സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയുടെയും അകമ്പടിയോടെ തിരികെപ്പോയി.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ സീറോ മലബാര്‍ ക്രമത്തിലുള്ള സമൂഹബലിയാണ് അര്‍പ്പിച്ചത്. ആദ്യ മാര്‍പാപ്പയായ വിശുദ്ധ പത്രോസിന്റെ കബറിടത്തിനുനേരേ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഏറ്റുപറച്ചിലിന്റെ അള്‍ത്താരയിലാണു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. സീറോ മലബാര്‍ ക്രമം ആയിരുന്നതിനാല്‍ അള്‍ത്താരയ്ക്കു മുന്നില്‍ ബേമയും ഒരുക്കിയിരുന്നു.

പ്രധാന സഹകാര്‍മികരായി കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, സിഎംഐ സഭാ പ്രിയോര്‍ ജനറാള്‍ റവ.ഡോ. പോള്‍ ആച്ചാണ്ടി, പോസ്റുലേറ്റര്‍ റവ.ഡോ. ചെറിയാന്‍ തുണ്ടുപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

കൂടാതെ പൌരസ്ത്യ സഭകള്‍ക്കുള്ള തിരുസംഘം സെക്രട്ടറി ആര്‍ച്ച്ബിഷപ് സിറിള്‍ വാസല്‍, തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, കുടിയേറ്റക്കാര്‍ക്കും സഞ്ചാരികള്‍ക്കുമായി വത്തിക്കാനിലുള്ള കാര്യാലയത്തിന്റെ തല വന്‍ ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ഉജ്ജൈന്‍ ബിഷപ് മാര്‍ സെബാസ്റ്യന്‍ വടക്കേല്‍, പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, ബിജ്നോര്‍ ബിഷപ് മാര്‍ ജോണ്‍ വടക്കേല്‍ സിഎംഐ, രാജ്കോട്ട് ബിഷപ് മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍ സിഎംഐ, ജഗ്ദല്‍പുര്‍ ബിഷപ് മാര്‍ ജോയി ജോസഫ് കൊല്ലംപറമ്പില്‍ സിഎംഐ, മാവേലിക്കര ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, തൃശൂര്‍ മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി, ബിജ്നോര്‍ മുന്‍ ബിഷപ് മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ സിഎംഐ തുടങ്ങിയവരും സിഎംഐ സഭ, മറ്റു സന്യാ സ സഭകള്‍ തുടങ്ങിയവയില്‍നിന്നു ള്ള കൌണ്‍സിലര്‍മാര്‍, പ്രൊവിന്‍ഷ്യല്‍മാര്‍, വൈദികര്‍, വിവിധ രൂപതകളില്‍നിന്നുള്ള വൈദികര്‍ എന്നിവരുള്‍പ്പെടെ അഞ്ഞൂറില്‍പ്പരം വൈദികര്‍ കൃതജ്ഞതാബലിയില്‍ സംബന്ധിച്ചു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലി ക്കാ ബാവ സന്ദേശം നല്‍കി.


കേരള കത്തോലിക്കാ സഭയ് ക്കും സമൂഹത്തിനുംവേണ്ടി ധാരാളം സംഭാവനകള്‍ ചെയ്ത വിശുദ്ധ ചാവറയച്ചനും നിശബ്ദസേവനത്തിലൂടെ പ്രാര്‍ഥനയുടെ വ്യക്തിയായിരുന്ന വിശുദ്ധ എവുപ്രാസ്യമ്മയും നമ്മുടെ അനുകരണ വ്യക്തിത്വങ്ങളാകണമെന്ന് അദ്ദേ ഹം ഉദ്ബോധിപ്പിച്ചു.

സിഎംഐ പ്രിയോര്‍ ജനറല്‍ റവ.ഡോ. പോള്‍ ആച്ചാണ്ടി സ്വാഗതവും സിഎംഐ സുപ്പീരിയര്‍ ജനറല്‍ മദര്‍ സാങ്റ്റ കൃതജ്ഞതയും പറഞ്ഞു. ഫാ.നൈജു കളമ്പുകാട്ട് സിഎംഐ ആയിരുന്നു മാസ്റര്‍ ഓഫ് സെറിമണീസ്.

ചാവറയച്ചന്റെ തിരുശേഷിപ്പ് വഹിച്ച് അള്‍ത്താരയുടെ സമീപം പ്രതിഷ്ഠിച്ചതു സിഎംഐ മുന്‍ പ്രിയോര്‍ ജനറല്‍ ഫാ. ജോസ് പന്തപ്ളാംതൊട്ടിയിലും, എവുപ്രാസ്യമ്മയുടെ തിരുശേഷിപ്പു വഹിച്ചത് ഒല്ലൂര്‍ പള്ളി വികാരി ഫാ. നോബിയുമായിരുന്നു. തിരുശേഷിപ്പുകള്‍ക്കു ധൂപശുശ്രൂഷ ചെയ്തത് റോമിലെ സീറോ മലബാര്‍ സമൂഹത്തിന്റെ ആത്മീയ ഇടയനും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ റോമിലെ പ്രൊക്യുറേറ്ററുമായ മോണ്‍. സ്റീഫന്‍ ചിറപ്പണത്താണ്. റോമിലെ വൈദിക വിദ്യാര്‍ഥികളായ നിഷാദ് വണ്ടന്‍കുഴിയില്‍, സനല്‍ മാളിയേക്കല്‍, അജീഷ് ജോര്‍ജ്, ജിന്‍ടോ പടയാട്ടില്‍, വി. ജോമിഷ്, കെ. ജിസോ, നെല്‍ബിന്‍, രാജീവ് ഫിലിപ്പ്, ജെറിന്‍ എന്നിവര്‍ ശുശ്രൂഷകരായിരുന്നു.

വിശുദ്ധ കുര്‍ബാനയുടെ സമയത്ത് വിശുദ്ധ ഗ്രന്ഥത്തില്‍നിന്നുള്ള വായനകള്‍ നടത്തിയത് വിശുദ്ധ എവുപ്രാസ്യമ്മയുടെ കുടുംബത്തില്‍നിന്നുള്ള ജോഷി എലുവത്തിങ്കല്‍, സിഎംസി ജനറല്‍ കൌണ്‍സിലര്‍ സിസ്റര്‍ ജോഫി, അദ്ഭുത രോഗശാന്തി ലഭിച്ച മരിയ ജോസിന്റെ സഹോദരന്‍ വൈദികവിദ്യാര്‍ഥി ജോര്‍ജ് കൊട്ടാരം എന്നിവരായിരുന്നു. തിരുക്കര്‍മങ്ങളില്‍ മല യാളി ഗായകസംഘം ദിവ്യഗീത ങ്ങള്‍ ആലപിച്ചു. ഫാ. സെബാ സ്റ്യന്‍ മുട്ടംതോട്ടില്‍ എംസിബിഎസ്, ഫാ. രാജേഷ് കവലയ്ക്കല്‍ സിഎംഐ, ഫാ. നൈജു കളമ്പുകാട്ട് സിഎംഐ, സിസ്റര്‍ ആനി ഗ്രേയ്സ് സിഎംസി, സിസ്റര്‍ ജിസി മരിയ സിഎംസി, ജ്യോതിഷ് വര്‍ക്കി കണ്ണംപ്ളാക്കല്‍ എന്നിവര്‍ ന യിച്ചു.

റോമിലുള്ള സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ സമൂഹങ്ങളിലെ പ്രശസ്ത ഗായകരും വിവിധ സന്യാസിനീ-സന്യാസസഭാംഗ ങ്ങളും വിവിധ രൂപതകളില്‍നിന്നുള്ള വൈദികരും വൈദിക വിദ്യാര്‍ഥികളും ഗായകസംഘത്തിലുണ്ടായിരുന്നു.

അയ്യായിരത്തിലേറെ തീര്‍ഥാടകര്‍ ദിവ്യബലിയില്‍ പങ്കെടുത്തു. ഇന്ത്യാ ഗവണ്‍മെന്റിന്റെയും കേരള ഗവണ്‍മെന്റിന്റെയും പ്രതിനിധിസംഘങ്ങളായി വന്ന രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍, മന്ത്രിമാരായ പി.ജെ. ജോസഫ്, കെ.സി. ജോസഫ്, ജോസ് കെ. മാണി എംപി, എം.പി. വിന്‍സെന്റ് എംഎല്‍എ, തോമസ് ചാഴികാടന്‍ എക്സ് എംഎല്‍എ, പിഎസ്സി ചെയര്‍മാന്‍ ഡോ.കെ. എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവരും കൃതജ്ഞതാബലിയില്‍ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.