നീലക്കടലിരമ്പിയപ്പോള്‍ അനുഗ്രഹം ചൊരിഞ്ഞു പാപ്പാ
നീലക്കടലിരമ്പിയപ്പോള്‍ അനുഗ്രഹം ചൊരിഞ്ഞു പാപ്പാ
Monday, November 24, 2014 11:36 PM IST
വത്തിക്കാനില്‍നിന്നു ഷൈമോന്‍ തോട്ടുങ്കല്‍

വീവാ ഇല്‍ പാപ്പാ... വീവാ ഇല്‍ പാപ്പാ... പതിനായിരക്കണക്കിനു കണ്ഠങ്ങളില്‍നിന്ന് ഒരുമിച്ചുയര്‍ന്ന വിളിയില്‍ വത്തിക്കാന്‍നഗരി പ്രകമ്പനം കൊണ്ടു. ത്രിവര്‍ണ പതാകകള്‍ മാനത്തു പാറിക്കളിച്ചു. നീലത്തൊപ്പിയും സ്കാര്‍ഫും വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ അലകടല്‍ തീര്‍ത്തു... ഒരു ജനത ഒന്നടങ്കം ഒഴുകിയെത്തിയപ്പോള്‍ വത്തിക്കാനില്‍ പിറന്നതു പുതിയ ചരിത്രം.

രാവിലെ പെയ്ത മഴയിലും മലയാളികളുടെ ആവേശം തെല്ലും ചോര്‍ന്നില്ല. കൊന്ത ചൊല്ലിയും ചാവറയച്ചനോടും ഏവുപ്രാസ്യമ്മയോടും പ്രാര്‍ഥിച്ചും അവര്‍ മഴയ്ക്കു മറുപടി നല്‍കി. പ്രിയജനങ്ങളുടെ പ്രാര്‍ഥന കേട്ടുവെന്നവണ്ണം വൈകാതെ പ്രകൃതി തെളിഞ്ഞു. പിന്നെ ചടങ്ങുകളിലേക്ക്. പ്രാര്‍ഥനാനിരതമായ നിമിഷങ്ങള്‍. മഴ തോര്‍ന്നപ്പോള്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രാര്‍ഥനാ ഗാനങ്ങള്‍ പെയ്തിറങ്ങി. വിശുദ്ധരാക്കുന്ന പ്രഖ്യാപനം മാര്‍പാപ്പ നടത്തിയപ്പോള്‍ ജനസാഗരം കരഘോഷം മുഴക്കി.

ചടങ്ങുകള്‍ക്കു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ തുറന്ന വാഹന ത്തി ല്‍ വിശ്വാസികളെ സന്ദര്‍ശിക്കാന്‍ വന്നതു വലിയ ആവേശമായി. വീവാ പാപ്പാ (പാപ്പ നീണാള്‍ വാഴട്ടെ) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ ജനക്കൂട്ടം വിളിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹം പുഞ്ചിരിയോടെ കൈവീശി. ഇതോടെ ജനക്കൂട്ടത്തിന്റെ ആവേശം ഇരട്ടിച്ചു. കൂടുതല്‍ ഉച്ചത്തില്‍, കൂടുതല്‍ ആവേശത്തില്‍ അവര്‍ പാപ്പയെ എതിരേറ്റു.


നാട്ടില്‍നിന്നു ഫാ. സിറിയക് മഠത്തില്‍ സിഎംഐ കൊണ്ടുവന്ന നീലത്തൊപ്പികളും സ്കാര്‍ഫും അണിഞ്ഞ് ഇന്ത്യന്‍ പതാകയുമേന്തിയെത്തിയ മലയാളികള്‍ പാപ്പയ്ക്കു കൌതുകമായി. കൊച്ചുകുട്ടികളുമായി നില്‍ക്കുന്ന മാതാപിതാക്കളുടെ അരികിലെത്തി പാപ്പാ കുഞ്ഞുങ്ങള്‍ക്കു മുത്തം നല്‍കി. കൈകൂപ്പി നിന്നവരുടെ കരങ്ങള്‍ പിടിച്ചു പ്രാര്‍ഥി ച്ചു. ആദ്യം ഒരു തവണ വലംവച്ച പാപ്പ ഒരിക്കല്‍ കൂടി വന്നതു മലയാളി സമൂഹത്തോട് അദ്ദേഹത്തിന്റെ സ്നേഹം വെളിപ്പെടുത്തുന്നതായി. ഓരോരുത്തരുടെയും മനസ് കീഴടക്കിയാണ് അദ്ദേഹം മടങ്ങിയത്. 50 വര്‍ഷമായി ഇറ്റലിയില്‍ കഴിയുന്ന പാലാ സ്വദേശിനി സിസ്റര്‍ മേരി ജോസഫ് അടക്കമുള്ളവര്‍ക്ക് പാപ്പയെപ്പറ്റി പറയുമ്പോള്‍ നൂറു നാവ്.

ഇറ്റലിയിലുള്ള മുഴുവന്‍ മലയാളി വൈദികരും കന്യാസ്ത്രീകളും ചട ങ്ങില്‍ പങ്കെടുത്തതായി അവര്‍ അറിയിച്ചു. എല്ലാവരെയും പ്രത്യേകം ക്ഷണിച്ചിരുന്നു. ഇന്ത്യാഗവണ്‍മെന്റിന്റെ പ്രതിനിധികളായി എത്തിയ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനുമായും കേരള സര്‍ക്കാരിന്റെ പ്രതിനിധിയായെത്തിയ മന്ത്രിമാരായ പി.ജെ. ജോസഫുമായും കെ.സി. ജോസഫുമായും മാര്‍പാപ്പ പ്രത്യേക കൂടിക്കാഴ്ച നടത്തി.

ചടങ്ങുകള്‍ക്കൊടുവില്‍ ജന ക്കൂട്ടം പിരിയുമ്പോള്‍ അതുവരെ മാറിനിന്നിരുന്ന മഴ വീണ്ടുമെത്തി, സ്വര്‍ഗത്തില്‍നിന്നുള്ള അനുഗ്രഹവ ര്‍ഷമെന്നോണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.