പുണ്യജീവിതത്തിലൂടെ വിശുദ്ധപദവിയിലേക്ക്
Sunday, November 23, 2014 12:06 AM IST
ജോണ്‍ ആന്റണി ഫറീന

ഡൊറോത്തിയന്‍ സന്യാസിനിസഭയുടെ സ്ഥാപകനാണു ബിഷപ് ജോണ്‍ ആന്റണി ഫറീന. ഇറ്റലിയില്‍ ഗമ്പെല്ലാറ എന്ന ഗ്രാമത്തില്‍ 1803 ജനുവരി 11നു പിയെത്രോ ഫറീനയുടേയും ഫ്രഞ്ചേസ്കോ ബല്ലാമയുടേയും 11 മക്കളില്‍ ഏഴാമനായി ജോണ്‍ ആന്റണി ഫറീന ജനിച്ചു. മൂന്നുവയസു മുതല്‍ സെമിനാരിയില്‍ പ്രവേശിക്കുന്നതുവരെ ജോണ്‍ ആന്റണി പിതൃസഹോദരനായ ഫാ. ആന്റണിയുടെ കൂടെയാണു വളര്‍ന്നത്. പൌരോഹിത്യ ജീവിതത്തെ അടുത്തറിയാനും ലത്തീന്‍ ഭാഷ പഠിക്കാനും ഇതുവഴി സാധിച്ചു.

പതിന്നാലാം വയസില്‍ ജോണ്‍ ആന്റണി ഫറീന വൈദികപരിശീലനത്തിനായി വിചേന്‍സാ രൂപതയിലെ സെമിനാരിയില്‍ ചേര്‍ന്നു. സെമിനാരിയിലായിരുന്ന ആദ്യവര്‍ഷംതന്നെ അമ്മയുടെ കാഴ്ച നഷ്ടപ്പെട്ടു. തിയോളജി പഠനം ആരംഭിച്ചപ്പോള്‍ പിതാവ് മരിച്ചു. എന്നാല്‍ ഇതൊന്നും വൈദികനാകണമെന്നുള്ള തീരുമാനത്തില്‍നിന്ന് ആ ചെറുപ്പക്കാരനെ പിന്തിരിപ്പിച്ചില്ല. 1827 ജനുവരി 14നു പൌരോഹിത്യപട്ടം സ്വീകരിച്ചു.

വിചേന്‍സയില്‍ സെന്റ് പീറ്റര്‍ ഇടവകയില്‍ അസിസ്റന്റ് വികാരിയായി അദ്ദേഹം നിയമിതനായി. ആ വര്‍ഷംതന്നെ സ്കൂള്‍ അധ്യാപകനായി അദ്ദേഹത്തെ സര്‍ക്കാര്‍ അംഗീകരിച്ചു. വിചേന്‍സാ രൂപതയിലെ ഏറ്റവും വിശാലവും എന്നാല്‍ തീര്‍ത്തും പാവപ്പെട്ടതുമായ ഇടവകയായിരുന്നു സെന്റ് പീറ്റര്‍ ദേവാലയം. ഏകദേശം 6000 ജനങ്ങളില്‍ 4000 ത്തോളം പേര്‍ അന്നന്നത്തെ ആഹാരത്തിനുപോലും വകയില്ലാത്തവരായിരുന്നു. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ ഇടവകയുടെ നേതൃത്വത്തില്‍ വിശുദ്ധ ഡൊറോത്തിയുടെ സല്‍പ്രവൃത്തികള്‍ എന്നറിയപ്പെടുന്ന ഒരു സംഘടന പ്രവര്‍ത്തിച്ചിരുന്നു. സാമ്പത്തികമായി പിന്നോക്കാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടികളെ ഉപയോഗപ്രദമായ ഒരു തൊഴില്‍ പരിശീലിപ്പിക്കുന്ന “'പരസ്നേഹത്തിന്റെ പള്ളിക്കൂടം'’ എന്ന പേരില്‍ വേറൊരു സംഘടനയും ഇടവകയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഈ രണ്ടു സംഘടനകളുടെയും ഉത്തരവാദിത്വം ഫാ. ഫറീനയ്ക്കു ലഭിച്ചു.

രണ്ടു സംഘടനകളുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത ഫാ. ഫറീന ആദ്യം ചെയ്തത് ഇവയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഒരു പുതിയ സ്കൂളിന് ആരംഭം കുറിക്കുകയായിരുന്നു. പലപ്പോഴും അധ്യാപകരുടെ സേവനവും സമര്‍പ്പണവും ഫാ. ഫറീനയുടെ പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല. പ്രത്യേകമായ ഒരു വിളിയിലൂടെ കര്‍ത്താവിനു സമര്‍പ്പിച്ചവരും യോഗ്യമായ പരിശീലനം സിദ്ധിച്ചവരും ആയിരിക്കണം അധ്യാപകരെന്ന് അദ്ദേഹം കരുതി. ഇതനുസരിച്ച് സ്കൂളിന് ഒരു പുതിയ നിയമാവലി അദ്ദേഹം എഴുതിയുണ്ടാക്കി.

1836 നവംബര്‍ 11നു വിചേന്‍സയില്‍നിന്ന് ആദ്യത്തെ രണ്ട് അധ്യാപികമാര്‍ പുതിയ നിയമാവലി അനുസരിച്ച് ജീവിക്കുവാന്‍ തയാറായി വന്നു. അവര്‍ സ്ഥാപനത്തില്‍തന്നെ താമസം തുടങ്ങി. രൂപതാ മെത്രാന്റെ അംഗീകാരത്തോടെ സന്ന്യാസ വ്രതം സ്വീകരിച്ചു. ഇങ്ങനെയാണു തിരുഹൃദയ പുത്രിമാര്‍ എന്നറിയപ്പെടുന്ന ഡൊറോത്തിയന്‍ സിസ്റേഴ്സിന്റെ സഭയ്ക്ക് ആരംഭം കുറിക്കുന്നത്. പിന്നീട് അദ്ദേഹം ഡൊറോത്തിയന്‍ സിസ്റേഴ്സിന് ആതുരരംഗത്തു വിദഗ്ധ പരിശീലനം നല്കുകയും ആശുപത്രികള്‍ ആരംഭിക്കുകയും ചെയ്തു.

1850ല്‍ ഫാ. ഫറീന ത്രെവീസോ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. ഓസ്ട്രിയന്‍ ചക്രവര്‍ത്തി പ്രഭുസ്ഥാനം നല്കി ഫറീനയെ ആദരിച്ചു. തന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിനു പലവിധ എതിര്‍പ്പുകളും സഹനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. 1888 മാര്‍ച്ച് നാലിന് അദ്ദേഹം അന്തരിച്ചു.

ബിഷപ് ഫറീനയെ വാഴ്ത്തപ്പെട്ടവനെന്നും വിശുദ്ധനെന്നും പ്രഖ്യാപിക്കാനാവശ്യമായ അദ്ഭുതങ്ങള്‍ നടന്നത് തെക്കേ അമേരിക്കയിലും ഇന്ത്യയിലുമാണ്.

ലുദോവികൊ ദ കസോറിയ

ഫ്രാന്‍സിസ്കന്‍ സിസ്റേഴ്സ് ഓഫ് സെന്റ് എലിസബത്ത് സന്യാസിനി സമൂഹത്തിന്റെയും ഗ്രേ ഫാദേഴ്സ് എന്ന സന്യാസ സമൂഹത്തിന്റെയും സ്ഥാപകനാണു ലുദൊവികൊ ദ കസോറിയ. 1814 മാര്‍ച്ച് 11ന് ഇറ്റലിയിലെ നാപ്പോളി പ്രവിശ്യയിലെ കസോറിയ ഗ്രാമത്തില്‍, വിന്‍സെന്റ് പാള്‍മെന്തിയെരി- കാന്തിഡ സെങ്ക ദമ്പതികളുടെ മൂന്നാമത്തെ മകനായി ലുദോവി കോ ജനിച്ചു.

വീഞ്ഞു കച്ചവടക്കാരനായിരുന്ന പിതാവിനു സ്വന്തമായി ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. അമ്മയ്ക്കു മകന്‍ ഒരു വൈദികനാകണമെന്നായിരുന്നു ആഗ്രഹം. കുടുംബത്തിന്റെ അവിചാരിതമായുണ്ടായ സാമ്പത്തിക പരാധീനതകള്‍ മൂലം ലുദൊവികോയ്ക്കു തന്റെ ജീവിതം നാപ്പോളിയിലെ ഒരു ആശാരിപ്പണിക്കാരന്റെ അടുക്കല്‍ തൊഴില്‍ അഭ്യസിക്കാനായി തിരിച്ചുവിടേണ്ടിവന്നു. അമ്മയുടെ മരണശേഷം സ്വഭവനത്തില്‍ പിതാവിനോടൊപ്പം താമസിച്ചു വീണ്ടും പഠനം തുടര്‍ന്നു. 1832 ജൂണ്‍ 17ന് ഫ്രാന്‍സിസ്കന്‍ മൈനര്‍ ഫ്രയര്‍ ഓര്‍ഡറില്‍ ചേര്‍ന്നു ബ്രദര്‍ ലുദൊവികൊ എന്ന പേരു സ്വീകരിച്ചു നോവിഷ്യറ്റ് ആരംഭിച്ചു. 1834 മാര്‍ച്ച് 12ന് ആദ്യവ്രതവും സഭാവസ്ത്രവും സ്വീകരിക്കുകയും 1837 ജൂണ്‍ നാലിനു വൈദികപട്ടം സ്വീകരിച്ചു പ്രഥമ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.

പ്രാര്‍ഥനയോ പ്രവര്‍ത്തനമോ ഏതാണു താന്‍ തെരഞ്ഞെടുക്കേണ്ടതെന്ന സംശയത്താല്‍ ഫാ. ലുദൊവികൊ പല വ്യക്തികളെയും സമീപിച്ച് ഉപദേശങ്ങള്‍ ആരാഞ്ഞു. അതില്‍ ഒരാളായിരുന്നു ഒമ്പതാം പിയൂസ് മാര്‍പാപ്പ. മാര്‍പാപ്പയുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു. “"ഫ്രാന്‍സിസിന്റെ മകന്‍ നാപ്പോളിയിലേക്കു തിരിച്ചുപോകുക. നിന്റെ മുറിയില്‍നിന്നു പുറത്തുകടന്ന,് നീ പറയുന്നതുപോലെ നന്മ പ്രവര്‍ത്തിക്കാനുള്ള അഗ്നിജ്വാലയുമായി നിന്റെ തന്നെ ശത്രുക്കള്‍ക്കു നന്മ ചെയ്യുക. ദൈവതിരുമുന്നില്‍ നിനക്കു പ്രതിഫലമുണ്ടാകും''.

ഒരു രോഗിയെ ശുശ്രൂഷിക്കുന്നവിധം എങ്ങനെയെന്ന് അദ്ദേഹം തന്നെ പറയുന്നു: "തെരുവില്‍ വിയര്‍പ്പിന്റെയും രോഗത്തിന്റെയും ഗന്ധത്താല്‍ അര്‍ധപ്രാണനായി കഴിയുന്ന ഒരു രോഗിയോടു തനിക്കു കുമ്പസാരിക്കണോ, ദൈവത്തെക്കുറിച്ച് അറിയണോ എന്നു ചോദിച്ചാല്‍ ആ പാവത്തിന് ഒന്നും മനസിലാകുകയില്ല. എന്നാല്‍ നിങ്ങള്‍ ആ രോഗിയെ വൃത്തിയാക്കി പുതിയ വസ്ത്രവും മെത്തയും നല്‍കി ഒരു കപ്പ് കഞ്ഞിയോ, ഒരു കഷ്ണം റൊട്ടിയോ നല്‍കി ക്ഷീണം മാറ്റിയതിനുശേഷം ദൈവത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ അയാള്‍ക്കു മനസിലാകുക മാത്രമല്ല, സന്തോഷാശ്രുക്കള്‍ പൊഴിച്ചു കുമ്പസാരിക്കാന്‍ തയാറാവുകയും ചെയ്യും.''


1871ല്‍ അസീസിയില്‍ അന്ധര്‍ക്കായി ആദ്യ പ്രവര്‍ത്തനവും ഭവനവും തുടങ്ങിയപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: "ഇതുവരെ ഒരു സംഭാവനയും നമുക്കു ലഭിച്ചിട്ടില്ല. ഇത് എന്നെ ആശ്വസിപ്പിക്കുന്നു. എന്തുകൊണ്െടന്നാല്‍ ഈ പ്രവര്‍ത്തനവും ദൈവപരിപാലനയുടേതാണെന്ന് ഞാന്‍ ഉറപ്പിക്കുന്നു. അതുകൊണ്ട് എനിക്കിവിടെ ഒന്നുംതന്നെ കുറവനുഭവപ്പെടുകയില്ല.''

ആഫ്രിക്കയില്‍നിന്ന് അടിമകളെ കൊണ്ടുവരുന്ന യൂറോപ്യന്‍ അധികാരികളില്‍നിന്ന് അവരെ വിലയ്ക്കുവാങ്ങി അവരുടെ സമഗ്ര വിമോചനത്തിനായി ഫാ. ലുദൊവികൊ പ്രയത്നിച്ചു. അവരെ യൂണിവേഴ്സിറ്റികളില്‍ പഠിപ്പിച്ച് അറിവുള്ളവരാക്കിയും ദൈവവിളിയുള്ളവരെ വൈദികരാക്കിയും സ്വന്തം നാട്ടിലേക്കു തിരിച്ചയച്ചു.

ഫ്രാന്‍സിസ്കന്‍ സിസ്റേഴ്സ് ഓഫ് സെന്റ് എലിസബത്ത് സന്യാസിനി സമൂഹം സ്ഥാപിച്ച അദ്ദേഹം 1859 നവംബര്‍ 13ന് 'ഗ്രേ ഫാദേഴ്സ്' എന്ന പേരില്‍ വൈദികരുടെ ഒരു സമൂഹത്തിനും ആരംഭം കുറിച്ചു. ഒരു ശസ്ത്രക്രിയയെത്തുടര്‍ന്ന് 1885 മാര്‍ച്ച് 30ന് ഫാ. ലുദൊവികൊ അന്തരിച്ചു.

രാജാക്കന്‍മാരും ചക്രവര്‍ത്തിമാരും അടക്കം ആയിരക്കണക്കിനു ജനങ്ങളുടെയും കുതിരവണ്ടികളുടെയും രഥങ്ങളുടെയും അകമ്പടിയോടെയാണു ഫാ. ലുദൊവികൊയുടെ ഭൌതികശരീരം നാപ്പോളി സെമിത്തേരിയിലേക്കു യാത്രയാക്കിയത്. സംസ്കാരത്തിനുമുമ്പ് തിരുശേഷിപ്പ് ചോദിച്ച് ഇളകിമറിഞ്ഞ ജനസമൂഹത്തിന്റെ ശാഠ്യത്തിന് അറുതിവരുത്താന്‍ ഭൌതിക ശശീരത്തില്‍ പുതപ്പിച്ചിരുന്ന തിരുവസ്ത്രത്തിന്റെ ഭാഗങ്ങള്‍ മുറിച്ചുകൊടുക്കാന്‍ നിര്‍ബന്ധിതരായി. ആ തിരുവസ്ത്ര തിരുശേഷിപ്പ് സിസ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസിനി സഭയുടെ നാപ്പോളിയിലെ ഭവനത്തില്‍ 1881 മുതല്‍ തളര്‍ന്നുകിടന്നിരുന്ന സിസ്റര്‍ ലൂസീയ കപെചെല്ലാത്രൊയുടെ തലയിണയുടെ കീഴില്‍ വച്ചു പ്രാര്‍ഥിച്ചു. ഫാ. ലുദൊവികൊയുടെ സംസ്കാരത്തിനു മൂന്നുദിവസത്തിനുശേഷം സിസ്റര്‍ ലൂയീസ അദ്ഭുതകരമായി സൌഖ്യം പ്രാപിച്ചു.

ഫ്രാന്‍സിസ്കന്‍ സിസ്റേഴ്സ് ഓഫ് സെന്റ് എലിസബത്ത് സന്യാസിനി സമൂഹത്തിന്റെ ഇന്ത്യയിലെ ഡലഗേറ്റ് ഹൌസ് തൃശൂര്‍ അതിരൂപതയിലെ പൊങ്ങണംകാട് ഇടവകാതിര്‍ത്തിയിലാണ്. കൂടാതെ തൃശൂര്‍, തലശേരി, എറണാകുളം- അങ്കമാലി, ആന്ധ്രാപ്രദേശ് (ഖമ്മം) രൂപതകളിലായി സേവനം ചെയ്തുവരുന്നു. നൊവിഷ്യറ്റ് ഹൌസ് തൃശൂര്‍ അതിരൂപതയിലെ മണ്ണുത്തിയില്‍ സ്ഥിതിചെയ്യുന്നു.

അമാത്തോ റങ്കോണി

അമാത്തോ റങ്കോണി പതിമ്മൂന്നാം നൂറ്റാണ്ടില്‍ സന്യാസിയായും തീര്‍ഥാടകനായും ശുശ്രൂഷകനായും സേവനം ചെയ്തു വിശുദ്ധിയിലേക്ക് ഉയര്‍ത്തപ്പെട്ടയാളാണ്. 1238ല്‍ റിമിനിക്ക് അടുത്തുള്ള സ്ളെഡ്സോയിലാണു ജനനം. വളരെ ചെറുപ്പത്തില്‍തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അമാത്തോയെ ഒരു ബന്ധുവാണു വളര്‍ത്തിയത്.

ഫ്രാന്‍സിസ്കന്‍ മൂന്നാം സഭയില്‍ ചേര്‍ന്ന അദ്ദേഹം ഏകാന്തവാസത്തിനുപോകുകയും ഒരു തികഞ്ഞ തപസ്വിയായി ജീവിക്കുകയും ചെയ്തു. കുറച്ചുനാളുകള്‍ക്കുശേഷം അദ്ദേഹം സന്യാസം വിട്ടു നഗ്നപാദനായി സ്പെയിനിലെ സാന്റിയാഗോ ഡി കംപോസ്റെലയിലേക്കും മറ്റ് ആരാധനാലയങ്ങളിലേക്കും തീര്‍ഥയാത്ര പോയി. പാവപ്പെട്ടവരെയും രോഗികളെയും ശുശ്രൂഷിക്കാന്‍ വേണ്ടിയായിരുന്നു അത്.

റിമിനി എന്ന സ്ഥലത്ത് അദ്ദേഹം സെന്റ് മേരി ഓഫ് മൌണ്ട് ഓര്‍സിയല്‍ എന്ന ആശുപത്രി സ്ഥാപിച്ചു. ജീവിതത്തിലെ അവസാനവര്‍ഷങ്ങള്‍ അവിടെ ശുശ്രൂഷകനായാണ് അദ്ദേഹം ചെലവഴിച്ചത്. 1304ല്‍ 66-ാം വയസില്‍ റങ്കോണി മരിച്ചു. അന്നു മുതല്‍ അദ്ദേഹത്തെ വിശുദ്ധനായി ആദരിക്കുന്നു.

അമാത്തോ റങ്കോണിയുടെ മാധ്യസ്ഥ്യത്തില്‍ വളരെയധികം അദ്ഭുതങ്ങള്‍ നടന്നത് അംഗീകരിച്ച് പയസ് ആറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. മേയ് 15നാണ് അദ്ദേഹത്തിന്റെ തിരുനാള്‍.

നിക്കോള ദ ലോംഗോബാര്‍ഡി

പൌരോഹിത്യ പദവികള്‍ ഏറ്റെടുക്കാത്ത, സഭയുടെ അധികാരം കൈയാളാത്ത, പണ്ഡിതനല്ലാത്ത, വിദ്യാലയം കണ്ടിട്ടില്ലാത്ത, ലോകത്തിനു മുന്നില്‍ പറയത്തക്ക യാതൊരു നേട്ടവും അവകാശപ്പെടാനില്ലാത്ത ഒരു വിശുദ്ധന്‍- അതാണു നിക്കോള ദ ലോംഗോബാര്‍ഡി. അദ്ദേഹം മരിച്ചപ്പോള്‍ എത്തിച്ചേര്‍ന്ന ജനക്കൂട്ടത്തിനുവേണ്ടി മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കേണ്ടിവന്നതു മൂന്നുദിവസം. കാരണം അദ്ദേഹം ജീവിച്ചതു മുഴുവന്‍ റോമിലെ പാവങ്ങള്‍ക്കും അനാഥര്‍ക്കും തെരുവില്‍ അലയുന്നവര്‍ക്കും വേണ്ടിയായിരുന്നു.

ഇറ്റലിയിലെ കൊസെന്‍സാ പ്രൊവിന്‍സില്‍ ലോംഗോബാര്‍ഡി എന്ന സ്ഥലത്ത് 1650 ജനുവരി ആറിനു നിക്കോള ജനിച്ചു. ദരിദ്രരായ മാതാപിതാക്കളുടെ മൂത്ത മകനായിരുന്നു നിക്കോള. പരിശുദ്ധ കുര്‍ബാനയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി നിക്കോള പോയിരുന്നത് വിശുദ്ധ ഫ്രാന്‍സിസ് പൌള സ്ഥാപിച്ചിരുന്ന മിനിംസ് സഭാംഗങ്ങളുടെ ആശ്രമദേവാലയത്തിലേക്കായിരുന്നു.

അവിടെ ഉണ്ടായിരുന്ന സന്യാസവൈദികരുമായുള്ള ബന്ധം ആ സഭയില്‍ നിക്കോള ചേരാന്‍ നിമിത്തമായി. സന്യാസ വ്രതവാഗ്ദാനത്തിനുശേഷം വിവിധയിടങ്ങളില്‍ അദ്ദേഹം ശുശ്രൂഷ ചെയ്തു. തന്റെ കര്‍മമണ്ഡലങ്ങളിലെല്ലാം എളിമയുടെയും വിശുദ്ധിയുടെയും പൊന്‍പ്രഭ വിതറിക്കൊണ്ട് അദ്ദേഹം കടന്നുപോയി. അദ്ദേഹത്തിന്റെ ജോലികളും പ്രാര്‍ഥനകളും ധാരാളം ത്യാഗങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടുള്ളവയായിരുന്നു. ഇതു പലപ്പോഴും നിക്കോളയുടെ ആരോഗ്യത്തെ തളര്‍ത്തി. ദിവസവും നൂറുകണക്കിനു ഭിക്ഷക്കാര്‍ക്കും അനാഥര്‍ക്കും തെരുവില്‍ അലയുന്നവര്‍ക്കും അദ്ദേഹം ആശ്രമകവാടത്തില്‍ ഭക്ഷണം കൊടുക്കുമായിരുന്നു.

മാനസാന്തരത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും സന്ദേശം ലോകമെങ്ങും അറിയിക്കാന്‍ 1470-ല്‍ അദ്ദേഹം എളിയവരുടെ സഭ സ്ഥാപിച്ചു. ഇന്ന് ഇന്ത്യയടക്കം 15 രാജ്യങ്ങളില്‍ മിനിംസ് സഭാംഗങ്ങള്‍ സേവനം ചെയ്യുന്നു.

1709ല്‍ അസുഖം ബാധിച്ച് 59-മത്തെ വയസില്‍ നിക്കോള മരിച്ചു. 1786 സെപ്റ്റംബര്‍ ഏഴിനു ലിയോ ആറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.