വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പൂജ്യശരീരം ഇന്നുമുതല്‍ പൊതുവണക്കത്തിനു വയ്ക്കും
Saturday, November 22, 2014 12:04 AM IST
പ്രത്യേക ലേഖകന്‍

ഓള്‍ഡ് ഗോവ: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പൂജ്യശരീരം ഇന്നു (2014 നവംബര്‍ 22 ശനി) മുതല്‍ പൊതുവണക്കത്തിനായി വയ്ക്കും. പത്തുവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന 17-ാമത്തെ പൊതുദര്‍ശനമാണിത്.

ബോം ജീസസ് ബസിലിക്കയില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധന്റെ അഴുകാത്ത പൂജ്യശരീരം രാവിലെ 9.30-ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സമീപമുള്ള സീ കത്തീഡ്രലിലേക്ക് പ്രദക്ഷിണമായി സംവഹിക്കും. പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക് മാംഗളൂര്‍ ബിഷപ് ഡോ. അലോഷ്യസ് പി. ഡിസൂസ മുഖ്യകാര്‍മികത്വം വഹിക്കും.

ജനുവരി നാലുവരെ നീണ്ടു നില്‍ക്കുന്ന 44 ദിവസത്തെ പൊതുദര്‍ശന വേളയില്‍ ലക്ഷക്കണക്കിനു തീര്‍ഥാടകര്‍ എത്തും. ദിവസേന ഒരു ലക്ഷം പേരെങ്കിലും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിസ്മസ് അവധിക്കാലത്തും നൊവേന ദിവസങ്ങളിലും അത് ഒന്നരലക്ഷം വരെയാകുമെന്നാണു സൂചന. രണ്ടായിരത്തോളം പേര്‍ക്കു കിടക്കയും ഭക്ഷണവും 150 രൂപ നിരക്കില്‍ ലഭ്യമാക്കും. റിട്രീറ്റ് ഹൌസുകളില്‍ 500 പേര്‍ക്കു താമസിക്കാന്‍ സൌകര്യമുണ്ട്.


കഴിഞ്ഞ ദിവസം ഗോവ ആര്‍ച്ച്ബിഷപ് ഡോ. ഫിലിപ് നേരി ഫെറാവോ എക്സ്പോസിഷന്‍ കമ്മീഷണറന്മാരോടൊപ്പം ഒരുക്കങ്ങള്‍ അവലോകനം ചെയ്തു. കുടിവെള്ളം സുലഭമായി ലഭ്യമാക്കും. നൂറു വീല്‍ ചെയറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. അതില്‍ സഞ്ചരിക്കുന്നവരെ സഹായിക്കാന്‍ സന്നദ്ധസേവകരുമുണ്ട്. 200 ആംബുലന്‍സുകള്‍ തയാറാക്കി നിര്‍ത്തും. 150 ശുചീകരണ തൊഴിലാളികള്‍ പ്രദേശം സദാ ശുചിയാക്കിയിടും. ദിവസേന ഏകദേശം ഏഴു ടണ്‍ മാലിന്യം നീക്കം ചെയ്യേണ്ടി വരും.

ഓള്‍ഡ് ഗോവയില്‍ മൊബൈല്‍ ഫോണ്‍ കണക്ടിവിറ്റി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തീര്‍ഥാടകര്‍ക്ക് അസൌകര്യമുണ്ടാകുമെന്നതിനാല്‍ അതിനു പരിഹാരം കാണണമെന്ന് ആവശ്യമുയര്‍ന്നു. പാര്‍ക്കിംഗ് ഏരിയായില്‍ ഒരു പുതിയ മൊബൈല്‍ ടവര്‍ സ്ഥാപിച്ചേക്കും. ഓള്‍ഡ് ഗോവയിലൂടെ കടന്നു പോകുന്ന അപ്രോച്ച് റോഡിന്റെ നിര്‍മാണം വൈകാതെ പൂര്‍ത്തിയാകും. പൊതുദര്‍ശനത്തിനോടനുബന്ധിച്ച് 50 കോടി രൂപയുടെ മരാമത്തു പണികളാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.