രാജ്യദ്രോഹക്കേസ്; മുന്‍ പാക് പ്രധാനമന്ത്രിക്ക് എതിരേയും അന്വേഷണം
Saturday, November 22, 2014 11:16 PM IST
ഇസ്ലാമാബാദ്: മുന്‍ പാക് പ്രധാനമന്ത്രി ഷൌക്കത്ത് അസീസ്, മുന്‍ നിയമമന്ത്രി ഷഹീദ് ഹമീദ്, മുന്‍ ചീഫ് ജസ്റീസ് അബ്ദുള്‍ ഹമീദ് ദോഗര്‍ എന്നിവര്‍ക്ക് എതിരേയും രാജ്യദ്രോഹക്കേസില്‍ അന്വേഷണം വേണമെന്ന മുന്‍ പാക് സൈന്യാധിപന്‍ പര്‍വേസ് മുഷാറഫിന്റെ ആവശ്യം സ്പെഷല്‍ കോടതി അംഗീകരിച്ചു. 2007ല്‍ ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പേരില്‍ മുഷാറഫ് രാജ്യദ്രോഹക്കുറ്റത്തിനു വിചാരണ നേരിടുകയാണ്. അടിയന്തരാവസ്ഥ പ്രഖ്യാപനം സംബന്ധിച്ച തീരുമാനം താന്‍ ഒറ്റയ്ക്കല്ല എടുത്തതെന്നാണു മുഷാറഫിന്റെ വാദം.


മൂവര്‍ക്കെതിരേയും അന്വേഷണം വേണമെന്ന കോടതിയുടെ നിര്‍ദേശം ഇപ്പോഴത്തെ നവാസ് ഷരീഫ് സര്‍ക്കാരിനു തലവേദനയാവും. ഷരീഫിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്ന ഹമീദ് ഇപ്പോള്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി മന്ത്രിയാണ്.

കോടതിവിധിയെത്തുടര്‍ന്ന് ഹമീദ് രാജിവച്ചെന്ന് ജിയോ ടിവി റിപ്പോര്‍ട്ടു ചെയ്തെങ്കിലും ഇതിനു സ്ഥിരീകരണമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.