മൂന്നു വര്‍ഷത്തിനകം സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന്
Saturday, October 25, 2014 11:37 PM IST
രമല്ല: സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തിന് മൂന്നു വര്‍ഷത്തിനകം രൂപം നല്‍കണമെന്ന് പലസ്തീന്‍ കൂടിയാലോചകന്‍ സയിബ് എര്‍ക്കട്ട് ആവശ്യപ്പെട്ടു. അടുത്തമാസം ചേരുന്ന യുഎന്‍ രക്ഷാസമിതിയില്‍ 2017 നവംബറിനകം പലസ്തീന്‍ രാഷ്ട്രം നിലവില്‍ വരുന്നതിനു നടപടി വേണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.നിലവിലുള്ള സ്ഥിതി അനന്തമായി തുടരാനാവില്ലെന്ന് രമല്ലയിലെ വസതിയില്‍ വിദേശ പത്രലേഖകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു. 1967ലെ യുദ്ധത്തിനുമുമ്പുള്ള അതിര്‍ത്തികളാവണം നിര്‍ദിഷ്ട പലസ്തീന്റെ അതിര്‍ത്തികള്‍. ഈ യുദ്ധത്തിലാണ് വെസ്റ്ബാങ്കിലും ഗാസയിലും ഇസ്രയേല്‍ അധിനിവേശം ആരംഭിച്ചതും ഈസ്റ് ജറൂസലേം പിടിച്ചെടുത്തതും. ഈ പ്രദേശങ്ങള്‍ ചേര്‍ത്ത് പലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണം. പലസ്തീന്‍, ഇസ്രയേല്‍ എന്നീ രണ്ടു രാജ്യങ്ങള്‍ രൂപീകരിച്ച് ഇപ്പോഴത്തെ പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ട് നാളേറെയായി. ഇക്കാര്യത്തില്‍ ക്രിയാത്മകമായ നടപടിയൊന്നും ഇതുവരെയുണ്ടാവാത്തത് പലസ്തീന്‍കാരെ നിരാശരാക്കി.


രക്ഷാസമിതി യോഗത്തില്‍ അമേരിക്ക പലസ്തീന്‍ പ്രമേയം വീറ്റോ ചെയ്യുമെന്നു തീര്‍ച്ചയാണ്. എന്നാല്‍ വിവിധ അന്തര്‍ദേശീയ സംഘടനകളില്‍ പലസ്തീന്‍ ചേരുമെന്ന് എര്‍ക്കട്ട് പറഞ്ഞു. ഇപ്രാവശ്യം ഞങ്ങള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തും. അന്തര്‍ദേശീയ ക്രിമിനല്‍കോടതി സ്ഥാപിച്ചുകൊണ്ടുള്ള 1998ലെ റോം ഉടമ്പടിയില്‍ തങ്ങള്‍ ഒപ്പുവയ്ക്കുമെന്ന് എര്‍ക്കട്ട് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.