മരിച്ചയാളുടെ ഹൃദയം മറ്റൊരാള്‍ക്കു വിജയകരമായി വച്ചുപിടിപ്പിച്ചു
മരിച്ചയാളുടെ ഹൃദയം മറ്റൊരാള്‍ക്കു  വിജയകരമായി വച്ചുപിടിപ്പിച്ചു
Saturday, October 25, 2014 11:55 PM IST
സിഡ്നി: വൈദ്യശാസ്ത്രരംഗത്തെ നാഴികക്കല്ലാവുന്ന ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ ഓസ്ട്രേലിയ സിഡ്നിയിലെ സെന്റ് വിന്‍സെന്റ് ആശുപത്രി വിജയിച്ചു. മരിച്ചയാളുടെ ഹൃദയം ജീവനുള്ള വ്യക്തിക്കു വിജയകരമായി മാറ്റിവച്ചാണ് വൈദ്യശാത്രത്തെ ഞെട്ടിച്ച വിജയം പ്രഫസര്‍ പീറ്റര്‍ മക്ഡോണാള്‍ഡിന്റെ നേതൃത്വത്തിലുള്ള സംഘം കൈവരിച്ചത്.

മരിച്ച് 20 മിനിറ്റിനുള്ളില്‍ ശരീരത്തില്‍നിന്നു വേര്‍പെടുത്തിയ ഹൃദയം ഒരു പ്രത്യേക ഉപകരണത്തില്‍ വച്ചു പ്രത്യേക സംരക്ഷണലായനി കുത്തിവച്ചാണു പുനര്‍ജീവിപ്പിച്ചത്. പിന്നീട്, ഈ ഹൃദയം വിജയകരമായി രോഗിയില്‍ വച്ചുപിടിപ്പിച്ചു. സാധാരണ മസ്തിഷ്കമരണം സംഭവിച്ച വ്യക്തികളുടെ ജീവനുള്ള ഹൃദയമാണു മറ്റൊരാള്‍ക്കു വച്ചുപിടിപ്പിക്കുക. എന്നാല്‍, ഇത്തരത്തില്‍ ഹൃദയം ലഭിക്കാനുള്ള കാലതാമസം മൂലം ഹൃദ്രോഗികള്‍ മരണപ്പെടുക പതിവാണ്.

സിഡ്നി സെന്റ് വിന്‍സെന്റ് ആശുപത്രിയും വിക്ടര്‍ ചാംഗ് കാര്‍ഡിയാക് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടും സംയുക്തമായാണ് ഹൃദയം കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക ലായനി കണ്ടുപിടിച്ചത്. മരിച്ച വ്യക്തിയില്‍നിന്നു വേര്‍പെടുത്തിയെടുത്ത ഹൃദയത്തിലേക്ക് ഈ ലായനി കുത്തിവച്ചു കേടുകൂടാതെ സംരക്ഷിക്കും. നീണ്ട 12 വര്‍ഷത്തെ ഗവേഷണഫലമായാണു ഹൃദയമിടിപ്പ് നിലച്ചശേഷവും ഹൃദയം കേടുകൂടാതെ സൂക്ഷിക്കാന്‍ സഹായിക്കുന്ന ലായനി കണ്െടത്തിയത്.


മരിച്ച വ്യക്തിയില്‍നിന്ന് 20 മിനിറ്റിനുള്ളില്‍ വേര്‍പ്പെടുത്തിയ നിശ്ചല ഹൃദയത്തിനു ഹാര്‍ട്ട് ഇന്‍ ബോക്സ് എന്ന ഉപകരണത്തിന്റെ സഹായത്തോടെ വീണ്ടും കൃത്രിമ സ്പന്ദനം നല്‍കുന്നു. അതിനുശേഷം പ്രത്യേക ലായനി ഹൃദയത്തിലേക്കു കടത്തിവിട്ട് അതിനെ പ്രവര്‍ത്തനസജ്ജമാക്കുന്നു. ഇതിനുശേഷം രോഗിക്കു ഹൃദയം വച്ചുപിടിപ്പിക്കുന്നു. ശ്വാസകോശം, കരള്‍ എന്നിവ രോഗിക്കു വച്ചുപിടിപ്പിക്കുന്നതിനുമുമ്പ് ഉപകരണസഹായത്തോടെ പ്രവര്‍ത്തന സജ്ജമാക്കുന്ന സാങ്കേതികവിദ്യ നേരത്തേ കണ്െടത്തിയിട്ടുണ്ട്.

ഇതുവരെ മൂന്നു പേര്‍ക്കു പുതിയരീതിയില്‍ സെന്റ് വിന്‍സെന്റ് ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ നടത്തി. രണ്ടു മാസം മുമ്പ് ഹൃദയം മാറ്റിവച്ചതിനെത്തുടര്‍ന്നു താന്‍ വീണ്ടും പൂര്‍ണ ആരോഗ്യവതിയായെന്ന് അമ്പത്തേഴുകാരിയായ മിഷേല്‍ ഗ്രിബിലര്‍ പറഞ്ഞു. ഇപ്പോള്‍ പത്തുവയസു കുറഞ്ഞതായി അവകാശപ്പെടുന്ന ഇവര്‍ക്കു ദിവസവും മൂന്നു കിലോമീറ്റര്‍ നടക്കാനും 120 പടിവരെ കയറാനും സാധിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.