ഇറാക്കില്‍ 25 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു
Thursday, October 23, 2014 12:07 AM IST
ബാഗ്ദാദ്: ഇറാക്കിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാല സ്ഥിതിചെയ്യുന്ന ബൈജിക്കു സമീപമുള്ള അല്‍സിനിയാ പട്ടണത്തില്‍ യുഎസിന്റെയും സഖ്യകക്ഷികളുടെയും യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ 25 ഐഎസ് ഭീകരര്‍ക്കു ജീവഹാനി നേരിട്ടു.

ബാഗ്ദാദിനു പടിഞ്ഞാറ് അമിരിയ ഫല്ലൂജ പട്ടണത്തില്‍ ഇറാക്കി ടാങ്കുസേന നടത്തിയ ആക്രമണത്തില്‍ ഐഎസ് ഭീകരര്‍ക്കു കനത്ത നഷ്ടം നേരിട്ടതായും റിപ്പോര്‍ട്ടുണ്ട്. പടിഞ്ഞാറന്‍ അന്‍ബാറിലെ ഹിത് പട്ടണത്തിലും സൈന്യവും ഭീകരരും തമ്മില്‍ രൂക്ഷപോരാട്ടം നടന്നു. ബാഗ്ദാദില്‍നിന്നു 130 കിലോമീറ്റര്‍ അകലെയുള്ള ഹിത് പട്ടണത്തിന്റെ നിയന്ത്രണം ഈ മാസം ആദ്യം സുന്നി വിമതവിഭാഗമായ ഐഎസ് കൈയടക്കിയിരുന്നു. അന്‍ബാറിലെ അയിന്‍ അല്‍ അസാദ് വ്യോമത്താവളം, ഹദിത്താ അണക്കെട്ട് എന്നിവയും ഇവയ്ക്കു ചുറ്റുമുള്ള പട്ടണങ്ങളും ഐഎസ് വളഞ്ഞിരിക്കുകയാണ്.

ഇതിനിടെ തുര്‍ക്കി-സിറിയ അതിര്‍ത്തിയിലെ സിറിയന്‍ നഗരമായ കൊബാനിയില്‍ കുര്‍ദ്സൈനികരും ഐഎസും പോരാട്ടം തുടരുകയാണ്. അമേരിക്കയുടെയും ഗള്‍ഫ് രാജ്യങ്ങളുടെയും യുദ്ധവിമാനങ്ങള്‍ കൊബാനിയില്‍ കുര്‍ദുകളെ സഹായിക്കാന്‍ വ്യോമാക്രമണം നടത്തുന്നുണ്ട്.


ഐഎസിനെതിരേയുള്ള പോരാട്ടത്തില്‍ സഹായിക്കാന്‍ കൂടുതല്‍ അമേരിക്കന്‍ സൈനിക ഉപദേഷ്ടാക്കളെ അയയ്ക്കണമെന്ന ഇറാക്കി സര്‍ക്കാരിന്റെ അഭ്യര്‍ഥന വാഷിംഗ്ടണിന്റെ പരിഗണനയിലുണ്െടന്ന് യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇപ്പോള്‍ ഇറാക്കില്‍ 1400 യുഎസ് സൈനിക ഉപദേഷ്ടാക്കളും സുരക്ഷാ ഉദ്യോഗസ്ഥരുമാണുള്ളത്. എന്നാല്‍ കരസേനയെ അയയ്ക്കില്ലെന്ന് പ്രസിഡന്റ് ഒബാമ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ ഐഎസ് ഭീകരര്‍ പിടിച്ചെടുത്ത മൂന്നു യുദ്ധവിമാനങ്ങളില്‍ രണ്െടണ്ണം തകര്‍ത്തതായി സിറിയന്‍ വ്യോമസേന അവകാശപ്പെട്ടു. സദ്ദാം ഹുസൈന്റെ സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൈലറ്റുമാരാണ് ഐഎസ് ഭീകരരെ വിമാനം പറത്താന്‍ പരിശീലിപ്പിച്ചിരുന്നത്. ആലപ്പോയിലെ അല്‍ ജാറാ സൈനിക വിമാനത്താവളത്തിനു സമീപം ഐഎസിന്റെ വിമാനങ്ങള്‍ പറക്കുന്നതു കണ്ടതായി നേരത്തെ സിറിയന്‍ ഒബ്സര്‍വേറ്ററി റിപ്പോര്‍ട്ടു ചെയ്തിരുന്നു.

കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ സിറിയന്‍ യുദ്ധവിമാനങ്ങള്‍ ഐഎസ് കേന്ദ്രങ്ങളില്‍ 200ല്‍ അധികം തവണ ആക്രമണം നടത്തി. ആക്രമണത്തില്‍ നിരവധി ഭീകരര്‍ക്കു ജീവഹാനി നേരിട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.