എബോള: യുഎസില്‍ ഭയാശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ബറാക് ഒബാമ
Monday, October 20, 2014 11:20 PM IST
വാഷിംഗ്ടണ്‍: അമേരിക്കയില്‍ എബോള വൈറസ് ബാധ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയില്ലെന്നും ഇക്കാര്യത്തില്‍ വലിയ ഭയാശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ബാറക് ഒബാമ അറിയിച്ചു.

അമേരിക്കയില്‍ നൂറിലേറെപ്പേര്‍ എബോള ബാധിച്ചെന്ന സംശയത്തില്‍ നിരീക്ഷണത്തിലാണ്. എന്നാല്‍, ഒരു സ്ത്രീക്കു വൈറസ് ബാധയുണ്െടന്ന സംശയത്തില്‍ ഡാളസിലെ ബസ്, ട്രെയിന്‍ സ്റേഷനുകള്‍ അടച്ചിട്ടു. ഇവിടെ ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണെന്നു റിപ്പോര്‍ട്ടുകളുണ്ട്. ടെക്സസില്‍ എബോള ബാധിച്ചെന്ന സംശയത്തില്‍ നിരീക്ഷണത്തിലായിരുന്ന 14 പേര്‍ക്കു രോഗബാധയില്ലെന്ന് ഇതിനിടെ സ്ഥിരീകരിച്ചു.

ലൈബീരിയയില്‍ നിന്നുള്ള സന്ദര്‍ശകനിലാണ് അമേരിക്കയില്‍ എബോള ആദ്യം കണ്െടത്തിയത്. അദേഹത്തിന്റെ പതിമ്മൂന്നുകാരി മകളെയും ബന്ധുക്കളെയും ഡാളസിലെ സുരക്ഷിതകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. രോഗബാധിതരുമായി ഇടപെട്ടിട്ടുള്ള 145 പേര്‍ അമേരിക്കയില്‍ നിരീക്ഷണത്തിലാണെന്നു ടെക്സസ് ആരോഗ്യവകുപ്പ് അറിയിച്ചു.

എബോള ബാധ കൂടുതലായി കണ്െടത്തിയിട്ടുള്ള ആഫ്രിക്കന്‍ രാജ്യങ്ങളായ ലൈബീരിയ, ഗിനിയ, സറ ലിയോണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ വിലക്കാന്‍ യാതൊരു ഉദേശവുമില്ലെന്നു അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി. തന്റെ പ്രതിവാര റേഡിയോ പ്രഭാഷണത്തിലാണ് ഒബാമ ഇക്കാര്യം അറിയിച്ചത്. ആഫ്രിക്കയോടുള്ള പ്രതിബദ്ധത നിര്‍വഹിക്കുമെന്നും എബോള നിര്‍മാര്‍ജനം ചെയ്യാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. നേരത്തെ ഇവിടെനിന്നുള്ളവരെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കിയേക്കുമെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. മാര്‍ച്ചിനുശേഷം 4500 പേര്‍ എബോള ബാധിച്ചു മരിച്ചതായാണ് റിപ്പോര്‍ട്ട്.


എബോള ബാധ തടയാന്‍ 4,000 വിദഗ്ധരെ നിയോഗിക്കാന്‍ അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നു ഭരണകൂടം അമേരിക്കന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്നു റിപ്പോര്‍ട്ടുകളുണ്ട്.

എബോളയെ നേരിടാന്‍ 100 കോടി യൂറോ സമാഹരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളോട് അഭ്യര്‍ഥിച്ചു. 2,000 ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ പടിഞ്ഞാറന്‍ ആഫ്രിക്കയിലേക്കു അയയ്ക്കണമെന്നും കാമറൂണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആഫ്രിക്കയിലെ യുവതലമുറയെ ഇല്ലാതാക്കുമെന്നു ആശങ്ക

മംറോവിയ: അപകടകരമായ രീതിയില്‍ പടര്‍ന്നിരിക്കുന്ന എബോള വൈറസ് പടിഞ്ഞാറന്‍ ആഫ്രിക്കയിലെ യുവ തലമുറയെ ഇല്ലാതാക്കുമെന്നു ലൈബീരിയന്‍ പ്രസിഡന്റ് എല്ലന്‍ ജോണ്‍സണ്‍ സര്‍ലീഫ്.

ലൈബീരിയ, സിയറ ലിയോണ്‍, ഗിനിയ എന്നീ രാജ്യങ്ങളിലായി 4500ത്തിനു മുകളില്‍ ആളുകളാണ് എബോളമൂലം മരണമടഞ്ഞത്. എട്ടുപേര്‍ നൈജീരിയയിലും മരിച്ചു. കൂടാതെ അമേരിക്കയിലും സ്പെയിനിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതു വൈറസ് നിയന്ത്രണാതീതമാണെന്നതിനു തെളിവാണ്.

ലോകാരോഗ്യത്തിനായി ആഗോളസഹകരണം ആവശ്യമാണെന്നും എല്ലാ രാജ്യങ്ങളും തങ്ങള്‍ക്കാവുന്നവിധത്തില്‍ സഹായം നല്കണമെന്നും എല്ലന്‍ പറഞ്ഞു. എബോളബാധിത രാജ്യങ്ങള്‍ക്കായുള്ള ധനസഹായവും ആരോഗ്യപ്രവര്‍ത്തകരെയും അയയ്ക്കണമെന്നും അവര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.