21-ാം നൂറ്റാണ്ടിനുവേണ്ടി നവീകരിച്ച ഇന്ത്യ-യുഎസ് സഹകരണം
21-ാം നൂറ്റാണ്ടിനുവേണ്ടി നവീകരിച്ച ഇന്ത്യ-യുഎസ് സഹകരണം
Wednesday, October 1, 2014 12:25 AM IST
വാഷിംഗ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണത്തിന്റെ ആഴം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും സംയുക്തമായി തയാറാക്കിയ ലേഖനം വാഷിംഗ്ടണ്‍ പോസ്റ് പത്രത്തിലെ എഡിറ്റോറി യല്‍ പേജില്‍ പ്രസിദ്ധീകരിച്ചു. ജനാധിപത്യത്തിലും സ്വാതന്ത്യ്രത്തിലും വിശ്വസിക്കുന്ന രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള സൌഹൃദമെന്ന രീതിയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെക്കുറിച്ച് ലേഖനത്തില്‍ പറഞ്ഞുതുടങ്ങുന്നത്.

ജനാധിപത്യം, സ്വാതന്ത്യ്രം, നാനാത്വം, സംരംഭകത്വം എന്നിവയോടു പ്രതിബദ്ധത പുലര്‍ത്തുന്ന രാജ്യങ്ങളെന്ന നിലയില്‍ ഇന്ത്യയും അമേരിക്കയും പൊതുവായ മൂല്യങ്ങളും ഉഭയകക്ഷിതാത്പര്യങ്ങളും സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ്. മനുഷ്യചരിത്രത്തിന്റെ ഗുണപരമായ വളര്‍ച്ചയാണു രണ്ടുരാജ്യങ്ങളും രൂപപ്പെടുത്തിയത്. സ്വാഭാവികവും സമാനതകളില്ലാത്തതുമായ ഈ പാരസ്പര്യം വരുംവര്‍ഷങ്ങളില്‍ അന്താരാഷ്ട്ര സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനു സഹായിക്കും.

സ്വാതന്ത്യ്രത്തിനും സമത്വത്തിനുംവേണ്ടിയുള്ള ഇരുരാജ്യങ്ങളിലേയും ജനങ്ങളുടെ ആഗ്രഹമാണ് ഇന്ത്യ-യുഎസ് സൌഹൃദത്തില്‍ രൂഢമൂലമായിരിക്കുന്നത്. 1893 ല്‍ ഷിക്കാഗോയിലെ ലോക മതസമ്മേളനത്തിലാണു ഹിന്ദുത്വത്തെ സ്വാമി വിവേകാനന്ദന്‍ ലോകമതമായി അവതരിപ്പിച്ചത്. അമേരിക്കയിലെ കറുത്തവര്‍ഗക്കാര്‍ക്കെതിരേയുള്ള വിവേചനം അവസാനിപ്പിക്കാന്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ഇറങ്ങിത്തിരിച്ചത് മഹാത്മാഗാന്ധിയുടെ അംഹിംസാ സിദ്ധാന്തങ്ങളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ്. ഗാന്ധിജിയെയാകട്ടെ ഹെന്റി ഡേവിഡ് തോറോയുടെ രചനകള്‍ വലിയ തോതില്‍ സ്വാധീനിച്ചിരുന്നു.

ജനതയുടെ പുരോഗതിക്കായി ഇരുരാജ്യങ്ങളും ഒരു ശതകത്തിലധികമായി സഹകരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ശക്തമായ അടിത്തറ ഇന്ത്യയിലെ ജനങ്ങള്‍ ഓര്‍ക്കുന്നുണ്ട്. ഹരിതവിപ്ളവത്തിലൂടെ ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനം വര്‍ധിച്ചതും ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമെല്ലാം സഹകരണത്തിന്റെ ഫലമാണ്.

ഇപ്പോള്‍ നമ്മുടെ സഹകരണം കൂടുതല്‍ ആരോഗ്യകരവും വിശ്വാസ്യയോഗ്യവും ഈടുറ്റതുമായി. മുമ്പൊരു കാലത്തും ഉണ്ടാകാത്തതിലേറെ മേഖലകളില്‍ ഉഭയകക്ഷിസഹകരണം ഇപ്പോഴുണ്ട്. ദേശീയതലത്തില്‍ മാത്രമല്ല, സംസ്ഥാനതലങ്ങളിലും പ്രാദേശികതലങ്ങളിലും സഹകരണമുണ്ട്. ഇരുസൈന്യങ്ങളും തമ്മിലുള്ള സഹകരണത്തിനു പുറമേ സ്വകാര്യമേഖലയിലുമെല്ലാം അതു വ്യാപിച്ചുകിടക്കുന്നു. സ്വഭാവികമായ സഖ്യമാണ് ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്നതെന്ന് 2000ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി പറഞ്ഞതും ലേഖനത്തില്‍ എടുത്തുപറയുന്നു.


വര്‍ഷങ്ങള്‍കൊണ്ട് വളര്‍ന്നുപന്തലിച്ച സഹകരണത്തിനുശേഷം ഇപ്പോള്‍ വിദ്യാര്‍ഥികള്‍ പരസ്പരം ഗവേഷണപദ്ധതികള്‍ ഏര്‍പ്പെടുന്നു, ശാസ്ത്രസംഘങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കുമായി സാങ്കേതികവിദ്യകള്‍ രൂപപ്പെടുത്തുന്നു. ആഗോളപ്രശ്നങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആഴത്തിലുള്ള ആശയവിനിമയം നടത്തുന്നു. ഭൂമിയില്‍നിന്നു ചൊവ്വാപര്യവേക്ഷണം വരെ ബഹിരാകാശപദ്ധതികള്‍ വ്യാപിച്ചിരിക്കുന്നു. ഈ സഹകരണത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പാലമായി അമേരിക്കയിലെ ഇന്ത്യക്കാര്‍ പ്രവര്‍ത്തിക്കുന്നു: ലേഖനം പറയുന്നു.

തീവ്രവാദത്തിനെതിരേ ഇരുരാജ്യങ്ങളും വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്ന ആഹ്വാനവും ലേ ഖനത്തിലുണ്ട്. ഇതിനായി രഹസ്യാന്വേഷണവിവരങ്ങള്‍ കൈമാറും. ഭീകരവിരുദ്ധനടപടികളിലൂടെയും നിയമസംവിധാനങ്ങളുടെ സഹകരണത്തിലൂടെയുമാണ് ഇതു നടപ്പാക്കുക. സമുദ്രത്തിലെ സഞ്ചാരസ്വാതന്ത്യ്രത്തിനും ചരക്കുനീക്കത്തി നും യോജിച്ചുപ്രവര്‍ത്തിക്കും. ക്ളീന്‍ ഇന്ത്യ പദ്ധതിക്ക് അമേരിക്കയുടെ പൂര്‍ണ പിന്തുണയും സഹകര ണവും ഉണ്ടാകും. ആരോഗ്യരംഗത്തെ ഏതു കടുത്ത വെല്ലുവിളിയെ നേരിടാനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിലൂടെ സാധ്യമാകും. എബോളയെ നേരിടാനാണെങ്കിലും കാന്‍സര്‍ രോഗചികിത്സയ്ക്കായാലും അതല്ലെങ്കില്‍ ക്ഷയം, മലേറിയ, ഡെങ്കി പോലുള്ള രോഗങ്ങളെ കീഴടക്കാനാണെങ്കിലും. സ്ത്രീശാക്തീകരണം, അഫ്ഗാനിസ്ഥാനിലെയും ആഫ്രിക്കയിലേയും ഭക്ഷ്യസുരക്ഷ എന്നിവയിലും സഹകരണം ഉണ്ടാകും.

ഭാവനകള്‍ ജ്വലിപ്പിക്കാനും ആഗ്രഹങ്ങള്‍ സഫലീകരിക്കാനുമായി ബഹിരാകാശപദ്ധതികള്‍ തുടരും. രണ്ടുരാജ്യങ്ങള്‍ക്കും ചൊവ്വാഗ്രഹത്തെ പിന്തുടരുന്ന ഉപഗ്രഹങ്ങളുണ്ട്. നല്ല നാളെ എന്ന വാഗ്ദാനം മെച്ചപ്പെട്ട ലോകക്രമത്തെ മാടിവിളിക്കാനായി ഒരുമിച്ചു മുന്നേറാമെന്നും ലേഖനം ഓര്‍മിപ്പിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.