ഇന്നു സ്കോട്ട് വിധിയെഴുത്ത്; യുകെയുടെയും
ഇന്നു സ്കോട്ട് വിധിയെഴുത്ത്; യുകെയുടെയും
Thursday, September 18, 2014 10:31 PM IST
എഡിന്‍ബറ: ഇന്നാണ് ആ ദിനം. 307 വര്‍ഷം നീണ്ടുനിന്ന ഒരു ബന്ധം വേര്‍പിരിയണോ എന്നു സ്കോട്ലന്‍ഡിലെ ജനങ്ങള്‍ തീരുമാനിക്കുന്ന ദിവസം. ഇന്നത്തെ ജനഹിത പരിശോധനയെപ്പറ്റി നടത്തിയ അവസാനത്തെ അഭിപ്രായ സര്‍വേകളില്‍ വിഭജനത്തെ അനുകൂലിക്കുന്നവര്‍ 48 ശതമാനമാണ്. 52 ശതമാനം പേര്‍ ബ്രിട്ടനില്‍ തുടരണമെന്നു പറയുന്നു. പക്ഷേ, ഈ സര്‍വേകളില്‍ പങ്കെടുത്തവരില്‍ എട്ടു മുതല്‍ 13 വരെ ശതമാനം പേര്‍ തീരുമാനം എടുത്തിരുന്നില്ല.

ഇതുവരെ നടന്ന സര്‍വേകളില്‍ രണ്െടണ്ണം മാത്രമേ സ്വാതന്ത്യ്രവാദികള്‍ക്കു ഭൂരിപക്ഷം പറഞ്ഞിട്ടുള്ളൂ. പക്ഷേ, സ്വാതന്ത്യ്രവാദികളുടെ പിന്തുണ ക്രമമായി കൂടിവരുന്നു എന്നതു ശ്രദ്ധിക്കേണ്ട കാര്യമാണ്. സ്വാതന്ത്യ്രവാദികളും ഐക്യവാദികളും തമ്മിലുള്ള വ്യത്യാസത്തേക്കാള്‍ കൂടുതലാണു നിലപാടു പറയാത്തവരുടെ എണ്ണം എന്നതും പ്രധാനമാണ്.

കേരളത്തിന്റെ ഇരട്ടി വലുപ്പവും (78,800 ചതുരശ്ര കിലോമീറ്റര്‍) ആറിലൊന്നു ജനസംഖ്യയും (53 ലക്ഷം) ഉള്ളതാണു സ്കോട്ലന്‍ഡ്. യുണൈറ്റഡ് കിംഗ്ഡം എന്ന യുകെയുടെ ഭൂവിസ്തൃതിയുടെ 37 ശതമാനം വരും സ്കോട്ലന്‍ഡ്. ഇവര്‍ വിട്ടുപോയാല്‍ ശിഷ്ട യുകെയുടെ ജനസംഖ്യ അഞ്ചരക്കോടിയാകും.

എഴുന്നൂറിലേറെ ദ്വീപുകളും വടക്കന്‍ കടലിലെ സമ്പന്നമായ പെട്രോളിയം - പ്രകൃതിവാതക നിക്ഷേപവും ഉള്ള സ്കോട്ലന്‍ഡ് വിട്ടുപോകുന്നതിനെതിരേ പ്രധാനമന്ത്രി ഡേവിഡ് കാമറോണും പ്രതിപക്ഷ നേതാവ് എഡ് മിലിബാന്‍ഡുമൊക്കെ പ്രചാരണം നടത്തി. ഹിതപരിശോധന അനുവദിച്ചപ്പോള്‍ ഇത്രയും പിന്തുണ സ്വാതന്ത്യ്രവാദികള്‍ക്കു കിട്ടുമെന്ന് അവര്‍ കരുതിയതല്ല. സ്കോട്ടിഷ് ജനതയില്‍ വോട്ടവകാശമുള്ളവരുടെ 95 ശതമാനം (ഏകദേശം 43 ലക്ഷം പേര്‍) ഹിതപരിശോധനയ്ക്കു രജിസ്റര്‍ ചെയ്തിട്ടുണ്ട്. ഇന്നു രാവിലെ ഇന്ത്യന്‍ സമയം 11.30-നു ഹിതപരിശോധന തുടങ്ങും.

സ്വാതന്ത്യ്രവാദികളെ ഭയപ്പെടുത്താന്‍ പല തന്ത്രങ്ങളും ഈ ദിവസങ്ങളില്‍ പ്രയോഗിച്ചു. പ്രധാനപ്പെട്ട സ്കോട്ടിഷ് ബാങ്കുകള്‍ ലണ്ടനിലേക്കു മാറും, നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ ആനുകൂല്യങ്ങള്‍ സ്കോട്ടുകള്‍ക്കു നഷ്ടപ്പെടും, സ്കോട്ലന്‍ഡിനു നാറ്റോയുടെ സംരക്ഷണം കിട്ടില്ല, പൌണ്േടാ യൂറോയോ കറന്‍സിയായി ഉപയോഗിക്കാന്‍ പറ്റില്ല, സ്കോച്ച് വിസ്കി കയറ്റുമതി ബുദ്ധിമുട്ടാകും തുടങ്ങിയ പല ഭീഷണികളും ഉയര്‍ന്നു.


ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രണ്ടാമന്‍, ജനങ്ങള്‍ വിവേകപൂര്‍വം വിധിയെഴുതണം എന്നു പറഞ്ഞു നിഷ്പക്ഷ നിലപാടെടുത്തു. ഇംഗ്ളണ്ടും വെയില്‍സും സ്കോട്ലന്‍ഡും അയര്‍ലന്‍ഡും ചേര്‍ന്നുള്ള യുകെയില്‍നിന്ന് 1920-ല്‍ ഐറിഷ് റിപ്പബ്ളിക് വിട്ടുപോയതു യുദ്ധത്തിനും കലാപത്തിനും ശേഷമാണ്. അയര്‍ലന്‍ഡിന്റെ വടക്കന്‍ ഭാഗം മാത്രമേ ഇപ്പോള്‍ യുകെയില്‍ ഉള്ളൂ.

ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തികശക്തിയായ യുകെ ഒന്നിച്ചുനില്‍ക്കുന്നതിലാണു തങ്ങള്‍ക്കു താത്പര്യമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. സ്കോട്ലന്‍ഡ് വിട്ടുപോയാല്‍ സ്പെയിന്‍, ഫ്രാന്‍സ്, ബല്‍ജിയം, കാനഡ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലെ വിഭജനവാദികള്‍ ശക്തരാകുമെന്നു ഭയപ്പാടുണ്ട്.

പ്രാദേശിക സമയം രാത്രി പത്തുവരെ (ഇന്ത്യന്‍ സമയം വെള്ളി പുലര്‍ച്ചെ 3.30 വരെ)യാണു ഹിതപരിശോധനയില്‍ വോട്ടിംഗ്. എക്സിറ്റ് പോള്‍ ഇല്ല. ഇന്ത്യന്‍ സമയം രാവിലെ 7.30 മുതല്‍ ഫലങ്ങള്‍ വന്നുതുടങ്ങും. ഉച്ചയോടെ അന്തിമഫലം അറിയാം.

ഇപ്പോള്‍ സ്വയംഭരണമുള്ള സ്കോട്ലന്‍ഡിലെ ഒന്നാം മന്ത്രി അലക്സ് സാല്‍മണ്ട് നയിക്കുന്ന സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയാണു വിഭജനവാദത്തിന്റെ മുഖ്യ വക്താക്കള്‍. പരമ്പരാഗതമായി ലേബര്‍ പാര്‍ട്ടിക്കു മഹാഭൂരിപക്ഷം കിട്ടുന്ന സ്കോട്ലന്‍ഡ് വിട്ടുപോകുന്നതില്‍ ഏറ്റവും ഭയപ്പാട് ബ്രിട്ടനിലെ ലേബര്‍ നേതാക്കള്‍ക്കാണ്. 1707ല്‍ ബ്രിട്ടനോടു സ്കോട്ലന്‍ഡിനെ ചേര്‍ത്തപ്പോള്‍ ഗ്ളാസ്ഗോ, എഡിന്‍ബറ, അബര്‍ഡീന്‍ തുടങ്ങിയ നഗരങ്ങളില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. മൂന്നു ശതാബ്ദത്തിനുശേഷം സ്വാതന്ത്യ്രവാദത്തിന് ഏറ്റവും പിന്തുണയുള്ളതും ഈ നഗരങ്ങളിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.