സൊമാലിയയില്‍ അല്‍സബാബ് തീവ്രവാദികളെ ലക്ഷ്യമിട്ടു യുഎസ് വ്യോമാക്രമണം
Wednesday, September 3, 2014 11:02 PM IST
മൊഗദിഷു: സൊമാലിയയിലെ അല്‍ക്വയ്ദ ബന്ധമുള്ള തീവ്രവാദികളുടെ കേന്ദ്രത്തില്‍ യുഎസ് സൈന്യം വ്യോമാക്രമണം നടത്തി. സോമാലിയയിലെ അല്‍സബാബ് നേതാവ് അഹമ്മദ് അബ്ദി ഗോഡെയ്നെയും മറ്റു നേതാക്കളെയും ലക്ഷ്യമിട്ടായിരുന്നു ആക്രണമം. എന്നാല്‍ നേതാക്കള്‍ കൊല്ലപ്പെട്ടോയെന്ന് വ്യക്തമല്ല. 2008 ല്‍ അല്‍സബാബിന്റെ തലപ്പത്തെത്തിയ അഹമ്മദ് അബ്ദി ഗോഡെയ്ന്‍ സംഘടനയെ അടിമുടി അഴിച്ചുപണിതു. കഴിഞ്ഞ സെപ്റ്റംബറില്‍ കെനിയയിലെ ഷോപ്പിംഗ് മാളില്‍ 67 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനമുള്‍പ്പെടെ നിരവധി വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി. മൊഗദിഷുവിനു പുറമേ അയല്‍രാജ്യമായ കെനിയ, ഉഗാണ്ട എന്നിവിടങ്ങളിലും ഭീകരാക്രമണവും അഹമ്മദ് അബ്ദി ഗോഡെയ്ന്റെ നേതൃത്വത്തില്‍ നടത്തി.


അഹമ്മദ് അബ്ദിയുടെ ഉറ്റ അനുയായി കഴിഞ്ഞ ജനുവരിയില്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ കാര്യം യുഎസ് പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു. ആവശ്യമായ ഘട്ടങ്ങളില്‍ വിശദവിവരങ്ങള്‍ പരസ്യമാക്കുമെന്നും പ്രതിരോധവകുപ്പു വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം സൊമാലി സര്‍ക്കാരും അല്‍സബാബും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.