രാജിവയ്ക്കില്ലെന്നു ഷരീഫ്
രാജിവയ്ക്കില്ലെന്നു ഷരീഫ്
Wednesday, September 3, 2014 11:00 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്നു പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അധ്യക്ഷതയില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം ചേര്‍ന്നു. ഷരീഫ് പ്രധാനമന്ത്രി പദം രാജിവയ്ക്കേണ്െടന്നും രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എല്ലാ ആഴ്ചയിലും പാര്‍ലമെന്റ് സമ്മേളനം ചേരണമെന്നും യോഗത്തില്‍ ധാരണയായി. ഷരീഫിന്റെ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്-എന്‍ പാര്‍ട്ടിക്കാണു പാര്‍ലമെന്റിന്റെ ഇരുസഭയിലും ഭൂരിപക്ഷം.

രാജ്യത്ത് ഇപ്പോള്‍ നടക്കുന്നതു പ്രതിഷേധമല്ല, ഭരണകൂടത്തിനെതിരേയുള്ള രാഷ്ട്രീയ കലാപമാണെന്ന് ആഭ്യന്തരമന്ത്രി ചൌധരി നിസാര്‍ പറഞ്ഞു. അതിക്രമങ്ങളെ നേരിടാന്‍ പോലീസിനു കൂടുതല്‍ അധികാരങ്ങള്‍ നല്‍കാന്‍ പാര്‍ലമെന്റ് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചയില്‍ മറ്റ് അംഗങ്ങള്‍ക്ക് ആദ്യം അവസരം നല്‍കിയശേഷം അവസാനമാണു നവാസ് ഷരീഫ് പ്രസംഗിച്ചതെന്നു പാര്‍ട്ടി വക്താവ് അറിയിച്ചു.

മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ തെഹ്രിക് ഇ-ഇന്‍സാഫും മതപണ്ഡിതന്‍ തഹീര്‍ ഉല്‍-ക്വാദ്രിയുടെ അവാമി തഹ്രിക്കുമാണ് ഓഗസ്റ് 14 മുതല്‍ പാക്കിസ്ഥാനില്‍ പ്രക്ഷോഭം നടത്തുന്നത്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയാണു ഷരീഫ് അധികാരത്തിലെത്തിയതെന്നാണു പ്രതിപക്ഷപ്പാര്‍ട്ടികളുടെ ആരോപണം.

ഷരീഫിന്റെ വസതിക്കു മുന്നില്‍ പ്രക്ഷോഭകാരികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കരസേനാ മേധാവി ജനറല്‍ റഹീദ് ഷരീഫിന്റെ അധ്യക്ഷതയില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു ജനാധിപത്യം സംരക്ഷിക്കുമെന്ന് വ്യക്തമാക്കി. ഇതിനു ശേഷം പ്രധാനമന്ത്രിയും കരസേനാ മേധാവിയും കൂടിക്കാഴ്ച നടത്തിയിരുന്നു.


പാക്കിസ്ഥാനില്‍ ഇന്നലെ അനിഷ്ടസംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസും വസതിയും സ്ഥി തിചെയ്യുന്ന അതീവ സുരക്ഷാമേഖലയ്ക്കു പുറത്ത് ആയിരക്കണക്കിനുപേര്‍ യോഗം ചേര്‍ന്നു. ഇതിനിടെ, പട്ടാളത്തിന്റെ നിര്‍ദേശം അനുസരിച്ചാണ് ഇമ്രാന്‍ ഖാന്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുന്‍ മേജര്‍ ജവേദ് ഹാഷ്മി വ്യക്തമാക്കി. ഖാനുമായുള്ള സഖ്യം ഉപേക്ഷിച്ച ഇയാള്‍, ഷരീഫിന്റെ വീടുവളഞ്ഞ പ്രക്ഷോഭകാരികളെ കുറ്റപ്പെടുത്തി. എന്നാല്‍, ഇമ്രാന്‍ ഖാനുമായി ഒരു രഹസ്യ ധാരണയും ഇല്ലെന്നു സൈന്യം വ്യക്തമാക്കി.

ഇന്ത്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതും വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ താലിബാനെതിരേ സ്വീകരിച്ച കര്‍ശന നടപടിയുമാണ് ഷരീഫിനെതിരേ തിരിയാന്‍ സൈ ന്യത്തെ പ്രേരിപ്പിച്ചതെന്നു നിരീക്ഷകര്‍ വിലയിരുത്തുന്നു. കഴിഞ്ഞ ജൂണില്‍ പോലീസുമായി ലഹോറില്‍ വച്ചുണ്ടായ ഏറ്റുമുട്ടലില്‍ ക്വാദ്രി അനുകൂലികള്‍ കൊല്ലപ്പെട്ടതാണ് അവരുടെ പ്രതിഷേധത്തിനു കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.