ഭീകരഗ്രൂപ്പുകളെ നേരിടാന്‍ രാജ്യാന്തരസമൂഹം മുന്നോട്ടുവരണമെന്നു സഭാ മേലധ്യക്ഷന്മാര്‍
ഭീകരഗ്രൂപ്പുകളെ നേരിടാന്‍ രാജ്യാന്തരസമൂഹം മുന്നോട്ടുവരണമെന്നു സഭാ മേലധ്യക്ഷന്മാര്‍
Saturday, August 30, 2014 11:23 PM IST
ബെയ്റൂട്ട്: പശ്ചിമേഷ്യയില്‍ ക്രൈസ്തവര്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും എതിരേ നടക്കുന്ന അക്രമങ്ങളെ കത്തോലിക്കാ, ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസുമാരുടെ യോഗം അപലപിച്ചു. ഭീകരഗ്രൂപ്പുകളെ അമര്‍ച്ച ചെയ്യാന്‍ രാജ്യാന്തരസമൂഹം മുന്നിട്ടിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു.

ബെയ്റൂട്ടിനു വടക്ക് ബികെര്‍ക്കിലെ മാറോണൈറ്റ് കത്തോലിക്കാ പാത്രിയര്‍ക്കാ ആസ്ഥാനത്ത് ബുധനാഴ്ച നടന്ന ഉച്ചകോടി പശ്ചിമേഷ്യയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്തു. യുഎന്‍ സ്പെഷല്‍ കോഓര്‍ഡിനേറ്ററും രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെ അംബാസഡര്‍മാരും യോഗത്തില്‍ സന്നിഹിതരായിരുന്നു.

ഇറാക്ക്, സിറിയ, ഈജിപ്ത് തുടങ്ങി നിരവധി അറബി രാജ്യങ്ങളില്‍ ക്രൈസ്തവരുടെ നിലനില്പ് അപകടത്തിലായിരിക്കുകയാണെന്ന് ഉച്ചകോടിക്കുശേഷം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പാത്രിയര്‍ക്കീസുമാര്‍ ചൂണ്ടിക്കാട്ടി. രണ്ടായിരം വര്‍ഷമായി ക്രൈസ്തവ സാന്നിധ്യമുള്ള ഈ മേഖലയില്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് നിസംഗത പാലിക്കുന്ന രാജ്യാന്തര സമൂഹത്തിന്റെയും ഇസ്ലാമിക നേതാക്കളുടെയും നടപടി ഖേദകരമാണ്. ഐഎസ്(ഇസ്ലാമിക് സ്റേറ്റ്) ഭീകരഗ്രൂപ്പിന്റെ അസ്തിത്വത്തെക്കുറിച്ച് രാജ്യാന്തര സമൂഹത്തിനു മൌനം പാലിക്കാനാവില്ല. ഭീകരര്‍ക്കു ധനസഹായം നല്‍കുന്ന രാജ്യങ്ങളെ പിന്തിരിപ്പിക്കാന്‍ വന്‍ശക്തികള്‍ തയാറാവണം.


സിറിയയിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്നും അവിടത്തെ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കാണണമെന്നും പാത്രിയര്‍ക്കീസുമാര്‍ നിര്‍ദേശിച്ചു. ലബനനിലെ മതതീവ്രവാദത്തിനും പരിഹാരം കാണണം. ലബനനിലെ ജനങ്ങളില്‍ 33% ക്രൈസ്തവരാണ്. എന്നാല്‍, സമീപ രാജ്യങ്ങളില്‍നിന്നുള്ള അഭയാര്‍ഥി പ്രവാഹം ഈ അനുപാതത്തില്‍ വ്യത്യാസം വരുത്തി. ലബനനിലെ നിലവിലുള്ള ഭരണഘടന പ്രകാരം പ്രസിഡന്റിന്റെ പദവി മാറോണൈറ്റ്കത്തോലിക്കര്‍ക്കു നീക്കിവച്ചിരിക്കുന്നു. എന്നാല്‍, മേയ്25നു പ്രസിഡന്റ് മൈക്കല്‍ സ്ളീമാന്‍ സ്ഥാനമൊഴിഞ്ഞശേഷം പ്രസ്തുത പദവി ഒഴിവായിക്കിടക്കുകയാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്താന്‍ എല്ലാ രാഷ്ട്രീയ കക്ഷികളും തയാറാവണമെന്ന് ഉച്ചകോടി നിര്‍ദേശിച്ചു.

മാറോണൈറ്റ് പാത്രിയര്‍ക്കീസ് കാര്‍ഡിനല്‍ ബെക്കരാ റായി അധ്യക്ഷത വഹിച്ച ഉച്ചകോടിയില്‍ ഓര്‍ത്തഡോക്സ്, അര്‍മീനിയന്‍, മെല്‍ക്കൈറ്റ്, കല്‍ദായ പാത്രിയര്‍ക്കീസുമാരും ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ പ്രതിനിധിയും പങ്കെടുത്തു. ഉച്ചകോടിയോടനുബന്ധിച്ചുള്ള യോഗത്തില്‍ ലബനനിലെ വത്തിക്കാന്‍ പ്രതിനിധിയും വന്‍ശക്തി രാജ്യങ്ങളുടെ സ്ഥാനപതിമാരും സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.