ഗാസയുടെ പുനരുദ്ധാരണത്തിനു സഹായം നല്‍കും: ഖത്തര്‍
ഗാസയുടെ പുനരുദ്ധാരണത്തിനു  സഹായം നല്‍കും: ഖത്തര്‍
Thursday, August 28, 2014 11:42 PM IST
ദോഹ: അമ്പതുദിവസം ദീര്‍ഘിച്ച ഇസ്രേലി ആക്രമണത്തില്‍ കനത്തനാശം നേരിട്ട ഗാസയുടെ പുനര്‍നിര്‍മാണത്തിനു സഹായം നല്‍കുമെന്നു ഖത്തര്‍ അറിയിച്ചു. ഹമാസ് നേതാവ് ഖാലിദ് മാഷല്‍ പ്രവാസജീവിതം നയിക്കുന്നത് ഖത്തറിലാണ്.

ചൊവ്വാഴ്ച നിലവില്‍ വന്ന അനിശ്ചിതകാല വെടിനിര്‍ത്തല്‍ ഇതുവരെ ലംഘിക്കപ്പെട്ടിട്ടില്ല. ഈജിപ്ത് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസും ഇസ്രയേലും അംഗീകരിക്കുകയായിരുന്നു. ഗാസയില്‍ ഇന്നലെ ആഹ്ളാദ പ്രകടനം നടത്തപ്പെട്ടു. തങ്ങളുടെ ചെറുത്തുനില്പ് വിജയം കണ്െടന്ന് ഹമാസ് അവകാശപ്പെട്ടു. ഗാസയില്‍ ബാങ്കുകളിലും ഓഫീസുകളിലും തിരക്ക് അനുഭവപ്പെട്ടു. അഭയാര്‍ഥികള്‍ പലരും തങ്ങളുടെ പഴയ വാസസ്ഥലങ്ങളില്‍ തിരിച്ചെത്തി.

അഞ്ച് ബഹുനിലക്കെട്ടിടങ്ങള്‍ ഉള്‍പ്പെടെ നിരവധി വസതികളും മറ്റു മന്ദിരങ്ങളും ഇസ്രേലി മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. ഇവയുടെ പുനര്‍നിര്‍മിതിക്ക് വന്‍തോതില്‍ വിദേശസഹായം വേണ്ടിവരും. ഖത്തറിനു പുറമേ മറ്റ് ഗള്‍ഫ് രാജ്യങ്ങളും സഹായം നല്‍കുമെന്നു പ്രതീക്ഷിക്കുന്നു.

ഇസ്രയേലും വിജയം അവകാശപ്പെട്ടെങ്കിലും നെതന്യാഹു രാജിവയ്ക്കണമെന്ന് ഇസ്രയേലികളില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു. അമ്പതു ദിവസം ജനജീവിതം തടസ്സപ്പെട്ടു. അറുപതിലധികം സൈനികര്‍ക്കു ജീവഹാനി നേരിട്ടു. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മോശമായി. ഇത്രയും ദുരിതം നേരിട്ടശേഷം വെറും ഒരു വെടിനിര്‍ത്തല്‍കൊണ്ടു തൃപ്തിപ്പെട്ടാല്‍ മതിയോ എന്നു നേതാക്കള്‍ ചിന്തിക്കണമെന്ന് ഇസ്രേലി പത്രമായ യെദിയോത്ത് അഹ്റനോത്തിലെ ലേഖനത്തില്‍ രാഷ്ട്രീയ വിശകലന വിദഗ്ധന്‍ ഷിമോണ്‍ ഷീഫര്‍ ചോദിച്ചു. പ്രധാനമന്ത്രി രാജിവയ്ക്കുമെന്നാണു പ്രതീക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.


ഉടന്‍ വെടിനിര്‍ത്തുക, ഗാസ ഉപരോധം അവസാനിപ്പിച്ച് ഇസ്രയേലില്‍നിന്നും ഈജിപ്തില്‍നിന്നും ഗാസയ്ക്കുള്ള ചെക്കുപോസ്റുകള്‍ തുറക്കുക, ഗാസയിലെ മത്സ്യബന്ധന മേഖല വ്യാപിപ്പിക്കുക തുടങ്ങിയവയാണ് വെടിനിര്‍ത്തല്‍ കരാറിലെ പ്രധാന വ്യവസ്ഥകള്‍. ഗാസയില്‍ തുറമുഖം നിര്‍മിക്കുന്നതു സംബന്ധിച്ച് ഒരുമാസത്തിനകം ഇരുകൂട്ടരും ചര്‍ച്ച നടത്തും. വെസ്റ്ബാങ്കില്‍ കസ്റഡിയിലുള്ള ഹമാസ് തടവുകാരെ മോചിപ്പിക്കുന്ന കാര്യവും പരിഗണിക്കും.

മൂന്ന് ഇസ്രേലി വിദ്യാര്‍ഥികളെ ഹമാസ് തട്ടിക്കൊണ്ടുപോയി വധിക്കുകയും ഇതിനു പ്രതികാരമായി ഒരു പലസ്തീന്‍കാരനെ ഇസ്രേലികള്‍ കൊലപ്പെടുത്തുകയും ചെയ്തതിനെത്തുടര്‍ന്ന് ജൂലൈ എട്ടിനാണ് ഗാസയ്ക്ക് എതിരേ ഇസ്രയേല്‍ വ്യോമാക്രമണം ആരംഭിച്ചത്. തുടര്‍ന്നു കരയാക്രമണവും നടത്തി. ഹമാസ് ഇസ്രേലി മേഖലകളിലേക്ക് നിരവധി റോക്കറ്റ് ആക്രമണങ്ങള്‍ നടത്തുകയും തുരങ്കങ്ങളിലൂടെ ഇസ്രേലി പ്രദേശത്ത് നുഴഞ്ഞുകയറുകയും ചെയ്തു.

അമ്പതുദിവസം നീണ്ട പോരാട്ടത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 2139 ആണെന്ന് പലസ്തീന്‍ ആരോഗ്യവകുപ്പ് അറിയിച്ചു.ഇതില്‍ 490 പേര്‍ കുട്ടികളാണ്. ഇസ്രേലി പക്ഷത്ത് 64 സൈനികരും ആറു സാധാരണക്കാരും കൊല്ലപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.