പിടികൂടിയ റഷ്യന്‍ സൈനികരുടെ വീഡിയോയുമായി യുക്രെയ്ന്‍
പിടികൂടിയ റഷ്യന്‍ സൈനികരുടെ വീഡിയോയുമായി യുക്രെയ്ന്‍
Wednesday, August 27, 2014 12:14 AM IST
കീവ് :കിഴക്കന്‍ യുക്രെയ്നില്‍ റഷ്യ ഇടപെടുന്നതിനു തെളിവായി തങ്ങള്‍ പിടികൂടിയ പത്തു റഷ്യന്‍ സൈനികരുടെ വീഡിയോ യുക്രെയ്ന്‍ പുറത്തുവിട്ടു. യുക്രെയ്ന്‍ പ്രതിസന്ധി പരിഹരിക്കുന്നതു സംബന്ധിച്ച് പ്രസിഡന്റ് പെട്രോ പൊരോഷെങ്കോയും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനും ബലാറൂസിലെ മിന്‍സ്ക് നഗരത്തില്‍ കൂടിക്കാഴ്ച നടത്താനിരിക്കേയാണ് ഈ സംഭവ വികാസം.

ഇതിനിടെ റഷ്യന്‍ സൈനികര്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്നതാണെന്ന വിശദീകരണവുമായി മോസ്കോ രംഗത്തെത്തി. അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തിയ സംഘത്തിലെ ഏതാനും പേര്‍ യുക്രെയ്നില്‍ അറിയാതെ കടക്കുകയായിരുന്നു. അതിര്‍ത്തി കടന്ന ഇവര്‍ യുക്രെയ്ന്‍ സൈന്യത്തിനു കീഴടങ്ങുകയും ചെയ്തു.

എന്നാല്‍ മോസ്കോയുടെ വിശദീകരണം തള്ളിയ യുക്രെയ്ന്‍ അധികൃതര്‍ ഇവര്‍ പ്രത്യേക ദൌത്യവുമായി യുക്രെയ്ന്‍ മേഖലയില്‍ കടന്നവരാണെന്ന് ആരോപിച്ചു. വിമതരുടെ ശക്തികേന്ദ്രമായ ഡോണെട്സ്കിലെ അമ്രോസിയ്വ്സ്കി പട്ടണത്തില്‍ നിന്നു പിടികൂടിയ റഷ്യന്‍ സൈനികരുടെ വീഡിയോ യുക്രെയ്ന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലാണു പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ക്രിമിയ റഷ്യ പിടിച്ചെടുത്തശേഷം ഏപ്രിലിലാണ് റഷ്യന്‍ പക്ഷപാതികള്‍ ഗണ്യമായുള്ള കിഴക്കന്‍ യുക്രെയ്നില്‍ സംഘര്‍ഷം ആരംഭിച്ചത്. വിമതര്‍ കീവിലെ കേന്ദ്രസര്‍ക്കാരിനെതിരേ യുദ്ധം പ്രഖ്യാപിച്ചു. വിമതരെ നേരിടാന്‍ യുക്രെയ്ന്‍ സൈന്യം രംഗത്തെത്തി. പോരാട്ടത്തില്‍ ഇതിനകം 2000 പേര്‍ കൊല്ലപ്പെട്ടെന്നാണു കണക്ക്. വിമതരെ സഹായിക്കാന്‍ റഷ്യ ഇടപെടുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും റഷ്യയ്ക്ക് എതിരേ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്.


തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 26ന്

കീവ്: യുക്രെയ്ന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടതായി പ്രസിഡന്റ് പെട്രോ പൊരോഷെങ്കോ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 26നു തെരഞ്ഞെടുപ്പു നടത്തും.

പുറത്താക്കപ്പെട്ട പ്രസിഡന്റ് യാനുക്കോവിച്ചിനെ അനുകൂലിക്കുന്നവര്‍ ഏറെയുള്ളതാണു നിലവിലുള്ള പാര്‍ലമെന്റ്. ഭരണപരിഷ്കാര നടപടികള്‍ക്ക് ഇവര്‍ വിഘാതം സൃഷ്ടിക്കുന്നു. ശുദ്ധീകരണം മുകളിലത്തെ തട്ടില്‍നിന്നു തുടങ്ങണമെന്നതിനാലാണു പുതിയ തെരഞ്ഞെടുപ്പു നടത്തുന്നതെന്നു പൊരോഷെങ്കോ പറഞ്ഞു. തെരഞ്ഞെടുപ്പ് നീതിയുക്തവും സ്വതന്ത്രവുമായിരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.