ഗാസയില്‍ അനിശ്ചിതകാല വെടിനിര്‍ത്തല്‍
ഗാസയില്‍ അനിശ്ചിതകാല വെടിനിര്‍ത്തല്‍
Wednesday, August 27, 2014 12:13 AM IST
ഗാസ :അമ്പതു ദിവസം ദീര്‍ഘിച്ച ഗാസാ പോരാട്ടത്തിന് അന്ത്യം. ഹമാസും ഇസ്രയേലും ദീര്‍ഘകാല വെടിനിര്‍ത്തലിനു സമ്മതിച്ചതായി മധ്യസ്ഥശ്രമത്തിനു നേതൃത്വം നല്‍കിയ ഈജിപ്ത് പറഞ്ഞു. ഇന്നലെ രാത്രി പ്രാദേശികസമയം ഏഴിനു വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ഈജിപ്ഷ്യന്‍ വാര്‍ത്താ ഏജന്‍സി മെനാ അറിയിച്ചു.

ജൂലൈ എട്ടിന് ആരംഭിച്ച ഗാസാപോരാട്ടത്തില്‍ 490 കുട്ടികള്‍ ഉള്‍പ്പെടെ 2137 പലസ്തീന്‍കാര്‍ക്കും 68 ഇസ്രേലികള്‍ക്കും ജീവഹാനി നേരിട്ടെന്നാണു കണക്ക്. 11000 പലസ്തീന്‍കാര്‍ക്കു പരിക്കേറ്റു. ഗാസയിലെ അഞ്ച് ബഹുനിലക്കെട്ടിടങ്ങള്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ ഇസ്രേലി മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നു. 540,000 പേര്‍ അഭയാര്‍ഥികളായി.

അനിശ്ചിതകാല വെടിനിര്‍ത്തല്‍ കരാറിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. എന്നാല്‍ ഗാസ ഉപരോധം അവസാനിപ്പിക്കാന്‍ ഇസ്രയേലും ഈജിപ്തും സമ്മതിച്ചെന്നു ഹമാസ് അധികൃതര്‍ പറഞ്ഞു. ഗാസയിലെ മത്സ്യബന്ധനമേഖല വിപുലീകരിക്കും.

രണ്ടാംഘട്ടമെന്ന നിലയില്‍ ഒരു മാസത്തിനുശേഷം ഗാസയില്‍ തുറമുഖം നിര്‍മിക്കുന്ന പ്രശ്നം സംബന്ധിച്ച് പലസ്തീനും ഇസ്രയേലും ചര്‍ച്ച നടത്തും. വെസ്റ്ബാങ്കില്‍ ഇസ്രേലി കസ്റഡിയിലുള്ള പലസ്തീന്‍ തടവുകാരെ വിട്ടയയ്ക്കും.


ഗാസനിവാസികളുടെ ചെറുത്തുനില്പ് വിജയം കണ്െടന്നു ഹമാസിന്റെ ഡെപ്യൂട്ടി നേതാവ് മൂസ അബു മര്‍സൂക്ക് ഫേസ്ബുക്കില്‍ നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. ഇസ്രയേലിന്റെ പ്രതികരണം വന്നിട്ടില്ല.

ഇന്നലെ വെടിനിര്‍ത്തലിനുമുമ്പായി ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് അംബരചുംബികള്‍ തകര്‍ന്നു. 13 നിലയുള്ള ബാഷാ ടവര്‍ നിലംപൊത്തി. ഇറ്റാലിയന്‍ കോംപ്ളക്സ് എന്നറിയപ്പെടുന്ന മറ്റൊരു ബഹുനിലക്കെട്ടിടത്തിനു സാരമായ നാശം സംഭവിച്ചു. ഈ കെട്ടിടത്തിലെ 20 പേര്‍ക്കു പരിക്കേറ്റു. മൂന്നു ബഹുനിലക്കെട്ടിടങ്ങള്‍ നേരത്തെ ഇസ്രയേല്‍ തകര്‍ക്കുകയുണ്ടായി. ഹമാസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന കാരണം പറഞ്ഞാണു വന്‍കെട്ടിടങ്ങള്‍ മിസൈല്‍ പ്രയോഗിച്ചു തകര്‍ത്തത്. മുന്നറിയിപ്പു നല്‍കിയശേഷം നടത്തിയ ആക്രമണമായതിനാല്‍ ആള്‍നാശമുണ്ടായില്ല. നിരവധി പേര്‍ക്കു പരിക്കേറ്റു. ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള ഇസ്രേലി നഗരങ്ങളിലേക്ക് ഇന്നലെയും ഹമാസ് റോക്കറ്റ് ആക്രമണം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.