ഇസ്രയേലിനു വിവരം ചോര്‍ത്തിയ 18 പലസ്തീനികളെ ഹമാസ് വധിച്ചു
Saturday, August 23, 2014 11:42 PM IST
ഗാസ: ഇസ്രയേലിനുവേണ്ടി ചാരപ്പണി നടത്തിയ 18 പലസ്തീനികളെ വധിച്ചതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള അല്‍ അഖ്സ ടിവി റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച ഗാസയ്ക്കടുത്ത റാഫായില്‍ വീടിനു നേര്‍ക്കുണ്ടായ ഇസ്രേലി മിസൈലാക്രമണത്തില്‍ ഹമാസിന്റെ മൂന്നു മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു വധശിക്ഷ. എല്ലാവരെയും വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.

ഏഴു പേരെ ഗാസയിലെ പലസ്തീന്‍ ചത്വരത്തിലുള്ള ഒമാരി മോസ്കിനു മുന്നില്‍വച്ചും 11 പേരെ ഗാസയ്ക്കടുത്ത പോലീസ് സ്റേഷന്‍ പരിസരത്തുവച്ചുമാണു വധിച്ചത്. ഒമാരി മോസ്കില്‍നിന്ന് ഇന്നലെ പ്രാര്‍ഥന കഴിഞ്ഞിറങ്ങിയ ജനങ്ങളുടെ കണ്‍മുന്നില്‍വച്ചാണു മുഖംമൂടി ധരിച്ച ഭീകരര്‍ മുഖംമറച്ച്, കൈകള്‍ പിന്നില്‍ കെട്ടിയ നിലയില്‍ എത്തിച്ച ഏഴുപേരെ വെടിവച്ചു കൊന്നത്. 1990നുശേഷം ഇതാദ്യമായാണു ഹമാസ് ഭീകരര്‍ പൊതുജനമധ്യത്തില്‍ വധശിക്ഷ നടപ്പാക്കുന്നത്.

ഇസ്രയേലിനെ സഹായിക്കുന്നവര്‍ക്കെതിരായ ചെറുത്തുനില്പു തുടങ്ങിയതായി ഹമാസിന്റെ ആഭ്യന്തരസുരക്ഷാ വിഭാഗത്തിന്റെ അല്‍-മാജ്ദ് എന്ന വെബ്സൈറ്റ് വ്യക്തമാക്കി. തങ്ങളുടെ പോരാളികളെക്കുറിച്ചുള്ള വിവരങ്ങളും, തുരങ്കങ്ങള്‍, ബോംബുകള്‍, പോരാളികളുടെ വീടുകള്‍, റോക്കറ്റ് സ്ഥാപിച്ചിട്ടുള്ള കേന്ദ്രങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ശത്രുവിനു കൈമാറിയതിനാലാണ് അവര്‍ക്കു ശിക്ഷ നല്‍കിയതെന്നും വെബ്സൈറ്റില്‍ പറയുന്നു.


ഹമാസിന്റെ സൈനികവിഭാഗമായ ക്വാസം ബ്രിഗേഡിലെ മുഹമ്മദ് അബു ഷംല, റീഡ് അല്‍ അത്തര്‍, മുഹമ്മദ് ബര്‍ഹും എന്നിവരാണ് ഇസ്രേലി മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഹമാസിന്റെ മറ്റൊരു ഉന്നത നേതാവായ മുഹമ്മദ് ദേയിഫിന്റെ ഭാര്യയും മകനും ചൊവ്വാഴ്ച ഇസ്രേലി സേന നടത്തിയ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

തങ്ങളുടെ കമാന്‍ഡര്‍മാരെ വധിച്ചതിന് ഇസ്രയേലിനോടു പകരം വീട്ടുമെന്നു ഹമാസിന്റെ സൈനികവിഭാഗമായ ക്വാസം ബ്രിഗേഡ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഗാസയില്‍ ഇസ്രേലി വ്യോമാക്രമണവും ഇസ്രയേലിലേക്കു ഹമാസിന്റെ റോക്കറ്റാക്രമണവും ഇന്നലെയും തുടര്‍ന്നു.

ഹമാസ് ഭീകരര്‍ ഇന്നലെ ഇസ്രയേലിലേക്ക് 60 തവണ റോക്കറ്റാക്രമണം നടത്തി. ഇസ്രയേലിലെ ആഷ്ദോദ് നഗരത്തിലെ സിനഗോഗിലാണ് ഒരു റോക്കറ്റ് പതിച്ചത്. സംഭവത്തില്‍ അഞ്ചുപേര്‍ക്കു പരിക്കേറ്റു. ഇസ്രേലി സേന ഇന്നലെ ഗാസയില്‍ 25 തവണ വ്യോമാക്രമണം നടത്തി. സംഭവത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.