യുഎസ് മാധ്യമ പ്രവര്‍ത്തകനെ ഭീകരര്‍ തലവെട്ടിക്കൊന്നു
യുഎസ് മാധ്യമ പ്രവര്‍ത്തകനെ ഭീകരര്‍ തലവെട്ടിക്കൊന്നു
Thursday, August 21, 2014 11:22 PM IST
ബാഗ്ദാദ്: രണ്ടുവര്‍ഷം മുമ്പ് സിറിയയില്‍നിന്നു റാഞ്ചിയ യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ജെയിംസ് ഫോളിയെ ഐഎസ് (ഇസ്ലാമിസ്റ് സ്റേറ്റ്) ഭീകരര്‍ ശിരച്ഛേദം ചെയ്തു. ഇതിന്റെ വീഡിയോ അമേരിക്കയ്ക്ക് ഒരു സന്ദേശം എന്ന പേരില്‍ തിങ്കളാഴ്ച യൂ ടൂബില്‍ പ്രസിദ്ധീകരിച്ചു.

അമേരിക്ക ഇറാക്കില്‍ ഈയിടെ നടത്തിയ വ്യോമാക്രമണത്തിനു പ്രതികാരമായിട്ടാണ് ഫോളിയെ വകവരുത്തിയതെന്നു വീഡിയോ സന്ദേശത്തില്‍ പറയുന്നു. 2002ല്‍ ഡാനിയേല്‍ പേള്‍ എന്ന യുഎസ് പത്രപ്രവര്‍ത്തകനെ പാക്കിസ്ഥാനില്‍ അല്‍ ക്വയ്ദ ഭീകരര്‍ കഴുത്തറത്ത് കൊലപ്പെടുത്തിയതാണ് സമാനമായ മറ്റൊരു സംഭവം. ഇതിന്റെ വീഡിയോയും അന്ന് പുറത്തുവന്നിരുന്നു.

ഫോളിയെ ശിരച്ഛേദം ചെയ്ത ഭീകരന്‍ ബ്രിട്ടീഷുകാരനായ ജിഹാദിയാണെന്നു സംശയമുയര്‍ന്നിട്ടുണ്ട്. ഇയാളുടെ സംഭാഷണ ശൈലി ലണ്ടന്‍ പ്രാന്തത്തിലുള്ളവരുടെ സംസാരശൈലിയാണെന്ന് ഭാഷാവിദഗ്ധര്‍ പറഞ്ഞു. 2013ജൂലൈയില്‍ സിറിയയില്‍ കാണാതായ സ്റീവന്‍ സോട്ലോഫ് എന്ന മറ്റൊരു യുഎസ് മാധ്യമ പ്രവര്‍ത്തകനെയും വധിക്കുമെന്ന് ഭീകരര്‍ മുന്നറിയിപ്പു നല്‍കി. ഇയാളുടെ ചിത്രവും വീഡിയോയിലുണ്ട്.

ഗ്ളോബല്‍ പോസ്റിനുവേണ്ടി ആഭ്യന്തരയുദ്ധം റിപ്പോര്‍ട്ടു ചെയ്യാനാണ് ന്യൂഹാംപ്ഷയറിലെ റോച്ചസ്റര്‍ സ്വദേശിയായ ഫോളി സിറിയയില്‍ എത്തിയത്. അഫ്ഗാനിസ്ഥാന്‍, ഇറാക്ക്, ലിബിയ എന്നിവിടങ്ങളിലെ പോരാട്ടങ്ങളും ഫോളി നേരത്തെ വിവിധ വാര്‍ത്താ ഏജന്‍സികള്‍ക്കായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.


2012 നവംബര്‍ 22ന് സിറിയയിലെ ഇഡ്ലിബില്‍ വച്ചു ഭീകരര്‍ റാഞ്ചിയ ഫോളിയെക്കുറിച്ചു പിന്നീട് ഇതുവരെ വിവരമില്ലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

ഓറഞ്ചുനിറമുള്ള വസ്ത്രം ധരിച്ച 40കാരനായ ഫോളി ഒരു മരുപ്രദേശത്ത് മുട്ടുകുത്തി നില്‍ക്കുന്നതും മുഖംമൂടിധരിച്ച കറുത്തവസ്ത്രധാരിയായ ഭീകരന്‍ കൈയില്‍ കത്തിയുമായി നില്‍ക്കുന്നതും വീഡിയോ യില്‍ കാണാം.

തന്റെ യഥാര്‍ഥ ഘാതകനായ അമേരിക്കന്‍ ഭരണകൂടത്തിനെതിരേ പോരാടാന്‍ സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടും ഫോളി അഭ്യര്‍ഥിക്കുന്നതാണ് അടുത്ത ദൃശ്യം. ഭീഷണിയെത്തുടര്‍ന്നാണ് ഫോളി ഈ പ്രസ്താവന നടത്തിയതെന്നു വ്യക്തമാണ്.തുടര്‍ന്ന് ഫോളിയുടെ ശിരസ് ഭീകരന്‍ അറുത്തെടുക്കന്ന ദൃശ്യമാണ്. വീഡിയോയുടെ അവസാനഭാഗത്ത് സ്റീവന്‍ എന്ന റിപ്പോര്‍ട്ടര്‍ പ്രത്യക്ഷപ്പെടുന്നു. ഇദ്ദേഹത്തിന്റെ ഭാവി ഒബാമയുടെ അടുത്ത നടപടിയെ ആശ്രയിച്ചിരിക്കുന്നു എന്ന മുന്നറിയിപ്പോടെ വീഡിയോ അവസാനിക്കുന്നു. അമേരിക്കയ്ക്ക് എതിരേ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നു പ്രഖ്യാപിക്കുന്ന രണ്ടാമതൊരു വീഡിയോകൂടി ഭീകരര്‍ പുറത്തുവിട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.