വാഹനാപകടം: മാര്‍പാപ്പയുടെ മൂന്നു ബന്ധുക്കള്‍ മരിച്ചു
Wednesday, August 20, 2014 10:46 PM IST
കൊര്‍ഡോബ(അര്‍ജന്റീന): ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂന്നു ബന്ധുക്കള്‍ അര്‍ജന്റീനയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. മാര്‍പാപ്പയുടെ പരേതനായ സഹോദരന്‍ ആല്‍ബെര്‍ട്ടോയുടെ മകന്‍ ഇമ്മാനുവേല്‍ ബെര്‍ഗോളിയോയും കുടുംബവും സഞ്ചരിച്ച ചെറുകാര്‍ ഹൈവേയില്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഇമ്മാനുവലിന്റെ ഭാര്യ വലേറിയ കാര്‍മോണ(36), മക്കളായ അന്റോണിയോ(രണ്ടുവയസ്), ജോസ്(എട്ടു മാസം) എന്നിവരാണു മരിച്ചത്. 38കാരനായ ഇമ്മാനുവല്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ബുവേനോസ് ആരീസ് നഗരത്തില്‍നിന്നു തിരിച്ചുവരുമ്പോഴാണ് ഇവരുടെ കാര്‍ റൊസാരിയോ, കൊര്‍ഡോബ പട്ടണങ്ങള്‍ക്കു മധ്യേ അപകടത്തില്‍പ്പെട്ടതെന്ന് ഹൈവേ പോലീസ് സൂപ്രണ്ട് പറഞ്ഞു. അപകട വാര്‍ത്ത ഫ്രാന്‍സിസ് പാപ്പയെ വേദനിപ്പിച്ചുവെന്നു വത്തിക്കാന്‍ വക്താവ് ഫാ. ഫെഡറിക്കോ ലൊംബാര്‍ഡി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.