ഗാസയിലെ യുഎന്‍ സ്കൂളില്‍ വീണ്ടും ഇസ്രേലി ആക്രമണം
ഗാസയിലെ യുഎന്‍ സ്കൂളില്‍ വീണ്ടും ഇസ്രേലി ആക്രമണം
Thursday, July 31, 2014 11:43 PM IST
ഗാസ: അഭയാര്‍ഥിക്യാമ്പു പ്രവര്‍ത്തിച്ചിരുന്ന ജബാലിയയിലെ യുഎന്‍ സ്കൂളിനു നേര്‍ക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 19 പേര്‍ കൊല്ലപ്പെടുകയും 90 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇതു രണ്ടാം പ്രാവശ്യമാണ് അഭയാര്‍ഥി കേന്ദ്രത്തിനു നേര്‍ക്ക് ആക്രമണം നടക്കുന്നത്. കഴിഞ്ഞയാഴ്ച വടക്കന്‍ഗാസയില്‍ മറ്റൊരു യുഎന്‍ സ്കൂളിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 16 പേര്‍ മരിക്കുകയും നൂറുകണക്കിനാളുകള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇന്നലെ മാത്രം ഗാസയില്‍ 90 പേര്‍ക്ക് ജീവഹാനി നേരിട്ടു. ഖാന്‍യുനിസ് പട്ടണത്തിലെ തിരക്കേറിയ കമ്പോളത്തിലുണ്ടായ വ്യോമാക്രമണം 15 പേരുടെ ജീവന്‍ അപഹരിച്ചു.150 പേര്‍ക്കു പരിക്കേറ്റു. ഇതിനിടെ ഇന്നലെ ഹമാസും ഇസ്രേലി സേനയും നാലര മണിക്കൂര്‍ വെടിനിര്‍ത്തി.

23ദിവസം പിന്നിട്ട പോരാട്ടത്തില്‍ ഇതിനകം ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 1321 ആയി. 7350 പേര്‍ക്കു പരിക്കേറ്റു. ഇസ്രേലികളുടെ ഭാഗത്ത് 56 പേര്‍ക്കു ജീവഹാനി നേരിട്ടു.


ജബാലിയ ക്യാമ്പിനു നേര്‍ക്കുണ്ടായ ആക്രമണത്തെ യുഎന്‍ അപലപിച്ചു. മുന്നറിയിപ്പില്ലാതെയായിരുന്നു ആക്രമണമെന്ന് യുഎന്‍ ദുരിതാശ്വാസഏജന്‍സിയുടെ ഗാസാ ഡയറക്ടര്‍ ബോബ് ടര്‍ണര്‍ പറഞ്ഞു. എന്നാല്‍ സ്കൂളുകള്‍ ആയുധപ്പുരകളാക്കി മാറ്റുകയാണു ഹമാസെന്ന് ഇസ്രേലിസേന ആരോപിച്ചു.

ഇന്നലെ നാലര മണിക്കൂര്‍ വെടിനിര്‍ത്തിയെങ്കിലും ഹമാസിന്റെ തുരങ്കങ്ങള്‍ തകര്‍ക്കുന്ന നടപടി ഇസ്രേലി സേന തുടര്‍ന്നു. നീണ്ടുനില്‍ക്കുന്ന പോരാട്ടത്തിനു തയാറാവാന്‍ ഇസ്രേലികളോട് പ്രധാനമന്ത്രി നെതന്യാഹൂ ആഹ്വാനം ചെയ്തു.

ഗാസക്കെതിരേയുള്ള ഇസ്രേലി ഉപരോധം അവസാനിപ്പിക്കാതെ വെടിനിര്‍ത്തില്ലെന്നു ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ തലവന്‍ മുഹമ്മദ് ദേയിഫ് വ്യക്തമാക്കി. ഇതേസമയം ഹമാസിനെതിരേയുള്ള സൈനിക നടപടി ന്യായീകരിക്കാവുന്നതാണെന്ന് ടെല്‍ അവീവ് വാഴ്സിറ്റി നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 95% ഇസ്രേലികളും അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.