നരേന്ദ്രമോദി ജനാധിപത്യത്തിനു ഭീഷണിയെന്ന് ബ്രിട്ടനിലെ ഇന്ത്യന്‍ വംശജരായ പണ്ഡിതര്‍
Thursday, April 24, 2014 12:05 AM IST
ലണ്ടന്‍: സ്വേച്ഛാധിപതിയുടെ മനസോടെ പ്രവര്‍ത്തിക്കുന്ന നരേന്ദ്രമോദി പ്രധാനമന്ത്രിയായാല്‍ ഇന്ത്യയിലെ ജനാധിപത്യം ദുര്‍ബലമാകുമെന്ന് ബ്രിട്ടനിലെ ഇന്ത്യന്‍ വംശജരായ ഒരു സംഘം പണ്ഡിതര്‍. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ ചേതന്‍ ഭട്ടിന്റെ നേതൃത്വത്തില്‍ ബ്രിട്ടനിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ പ്രവര്‍ത്തിക്കുന്ന 75 പണ്ഡിതരാണ് മോദിയ്ക്കെതിരേ സംയുക്ത പ്രസ്താവനയിറക്കിയത്.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപിസര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ ജനാധിപത്യത്തിന്റെ ഭാവിയും ഏകത്വവും മതേതരത്വവും മനുഷ്യാവകാശ സംരക്ഷണവും ആശങ്ക സൃഷ്ടിക്കുന്നുണ്െടന്ന് പ്രസ്താവനയില്‍ പറയുന്നു. വന്‍കിട ബിസിനസുകാരെ ഉദ്ദേശിച്ചുള്ളതാണ് ബിജെപിയുടെ സാമ്പത്തികനയം. പൊതുസ്വത്ത് സമ്പന്നര്‍ക്കും സ്വാധീനമുള്ളവര്‍ക്കുമായി ഔദാര്യപൂര്‍വം നല്‍കാനും സാമ്പത്തികനയം പ്രാമുഖ്യം നല്‍കുന്നു.

പാവപ്പെട്ടവര്‍ക്ക് ദ്രോഹമാകുന്നതാണ് ഈ നയങ്ങള്‍. ന്യൂനപക്ഷങ്ങള്‍ക്കെതിരേ അക്രമം നടത്തുന്നതില്‍ പേരുകേട്ട ആര്‍എസ്എസ് തുടങ്ങിയ സംഘ്പരിവാര്‍ സംഘടനകളുടെ ആളാണ് നരേന്ദ്രമോദി എന്നതും ആശങ്ക സൃഷ്ടിക്കുന്നു. 2002ല്‍ ഗുജറാത്തില്‍ കലാപം നടന്നത് മോദിയുടെ ഭരണകാലത്താണ്. കലാപത്തില്‍ മോദിയ്ക്കുള്ള പങ്ക് മുതിര്‍ന്ന പോലീസുദ്യോഗസ്ഥരും മുതിര്‍ന്ന സര്‍ക്കാരുദ്യോഗസ്ഥരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്.


മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കെതിരേയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയും നടത്തിയിട്ടുള്ള പ്രകോപന പ്രസ്താവനകളില്‍ മോദി ഇതുവരെയും ഖേദം പ്രകടിപ്പിച്ചിട്ടില്ല. തെരഞ്ഞെടുപ്പുപ്രചാരണത്തിനിടെ പ്രകോപന പ്രസംഗം നടത്തിയതിന് മോദിയുടെ വിശ്വസ്തന് അടുത്തയിടെ തെരഞ്ഞെടുപ്പുകമ്മീഷന്‍ വിലക്കേര്‍പ്പെടുത്തുകയുണ്ടായി. മോദിയുടെ നേതൃത്വത്തില്‍ ബിജെപിസര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ വലിയ തോതിലുള്ള സദാചാര പോലീസിംഗ് ഇന്ത്യയിലുണ്ടാകും. അയല്‍രാജ്യങ്ങളുമായുള്ള സംഘര്‍ഷവും വര്‍ധിക്കാനിടയാകും.-പ്രസ്താവനയില്‍ പണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.