യുക്രെയിന്‍: റഷ്യയുമായി ഇന്നു ചര്‍ച്ച
Thursday, April 17, 2014 10:25 PM IST
ബ്രസല്‍സ്: യുക്രെയിന്‍ പ്രതിസന്ധിക്കു പരിഹാരം തേടി യൂറോപ്യന്‍ യൂണിയന്‍, യുഎസ്, യുക്രെയിന്‍ പ്രതിനിധികള്‍ ഇന്നു റഷ്യയുമായി ചര്‍ച്ച നടത്തും. ചര്‍ച്ച പരാജയപ്പെട്ടാല്‍ റഷ്യയ്ക്കെതിരേ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ യൂറോപ്യന്‍ യൂണിയന്‍ പരിഗണിച്ചേക്കും.

യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി കാതറീന്‍ ആഷ്ടന്‍, യുഎസ് സ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, യുക്രെയിന്‍ വിദേശകാര്യമന്ത്രി ആന്‍ഡ്രി എന്നിവരാണു റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായി ചര്‍ച്ച നടത്തുക.

കിഴക്കന്‍ യുക്രെയിനിലെ വിഘടനവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നതിനു പുറമേ, യുക്രെയിന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന 40,000 സൈനികരെ പിന്‍വലിക്കണമെന്നും റഷ്യയോട് പാശ്ചാത്യ ശക്തികള്‍ ആവശ്യപ്പെടുന്നു.


കിഴക്കന്‍ യുക്രെയിനിലെ ഒമ്പതു നഗരങ്ങളിലെ സര്‍ക്കാര്‍ മന്ദിരങ്ങള്‍ വിഘടനവാദികള്‍ പിടിച്ചെടുത്തിരിക്കുകയാണ്. വിഘടനവാദികളെ തുരത്താന്‍ മിലിട്ടറി ഓപ്പറേഷന്‍ ആരംഭിച്ചെന്നാണ് യുക്രെയിന്‍ അറിയിച്ചത്. എന്നാല്‍, സ്ളൊവിയാന്‍സ്ക് നഗരത്തില്‍ ഇന്നലെ സൈനികവേഷം ധരിച്ച ആയുധധാരികള്‍ റഷ്യന്‍ പതാക വച്ച കവചിതവാഹനത്തില്‍ പ്രകടനം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.