സിറിയയ്ക്ക് എതിരേ യുഎന്‍ പ്രമേയം; ഇന്ത്യ വിട്ടുനിന്നു
Friday, May 17, 2013 9:58 PM IST
യുണൈറ്റഡ് നേഷന്‍സ് :സിറിയയില്‍ രാഷ്ട്രീയമാറ്റം വേണമെന്നാവശ്യപ്പെട്ടുകൊണ്ടും അസാദിനെ അനുകൂലിക്കുന്ന സൈന്യത്തിന്റെ ചെയ്തികളെ അപലപിച്ചുകൊണ്ടും ഖത്തറിന്റെ നേതൃത്വത്തില്‍ അറബി രാജ്യങ്ങളുടെയും യുഎസിന്റെയും പിന്തുണയോടെ യുഎന്‍ ജനറല്‍ അസംബ്ളിയില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടിംഗില്‍നിന്ന് ഇന്ത്യയുള്‍പ്പെടെ 59 രാജ്യങ്ങള്‍ വിട്ടുനിന്നു. 193 അംഗരാജ്യങ്ങളില്‍ 107 പേര്‍ പ്രമേയത്തെ അനുകൂലിച്ചു. 12 പേര്‍ എതിര്‍ത്തു. പാക്കിസ്ഥാന്‍ അനുകൂലിച്ചുവോട്ടു ചെയ്തു.

കഴിഞ്ഞ ഓഗസ്റില്‍ അസാദിനെതിരേ യുഎന്‍ ജനറല്‍ അസംബ്ളി പാസാക്കിയ പ്രമേയത്തിന് ഇതിലും കൂടുതല്‍ പിന്തുണയുണ്ടായിരുന്നു.

133 രാജ്യങ്ങള്‍ അനുകൂലിച്ചും 12 പേര്‍ എതിര്‍ത്തും വോട്ടുചെയ്തപ്പോള്‍ 31 പേര്‍ മാത്രമാണ് അന്നു വിട്ടുനിന്നത്. വിദേശ സര്‍ക്കാരുകള്‍ മുന്‍കൈയെടുത്ത് സിറിയയില്‍ ഭരണമാറ്റത്തിനു ശ്രമിക്കുന്നുവെന്നും ഇസ്ലാമിസ്റ് തീവ്രവാദികള്‍ ശക്തിപ്രാപിക്കുന്നുവെന്നുമുള്ള ആശങ്കയാണ് ഇത്തവണ പ്രമേയത്തിനു പിന്തുണ കുറയാന്‍ കാരണമെന്നു യുഎന്‍ നയതന്ത്ര പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

ജനറല്‍ അസംബ്ളി പ്രമേയം നടപ്പാക്കാന്‍ നിയമപരമായ ബാധ്യതയില്ല. രക്ഷാസമിതിയില്‍ മുമ്പു കൊണ്ടുവന്ന പ്രമേയങ്ങള്‍ വീറ്റോ ചെയ്ത ചൈനയും റഷ്യയും ഇത്തവണയും പ്രമേയത്തെ എതിര്‍ത്തു. എന്നാല്‍ ജനറല്‍ അസംബ്ളിയില്‍ വീറ്റോ അധികാരമില്ലാത്തതിനാല്‍ പ്രമേയം പാസായി.


പ്രസിഡന്റ് ബഷാര്‍് അല്‍ അസാദിനെ പുറത്താക്കാന്‍ ലക്ഷ്യമിട്ട് സിറിയയിലെ പ്രതിപക്ഷം ആരംഭിച്ച ജനകീയ സമരത്തില്‍ ഇതിനകം രണ്ടുപക്ഷത്തുനിന്നുമായി 80,000ത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടെന്നാണു കണക്ക്.

രണ്ടുവര്‍ഷമായി തുടരുന്ന സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയും അമേരിക്കയും നടത്തുന്ന നയതന്ത്ര ശ്രമങ്ങള്‍ക്ക് കടകവിരുദ്ധമാണ് ഖത്തര്‍ കൊണ്ടുവന്ന പ്രമേയമെന്ന് യുഎന്നിലെ സിറിയന്‍ സ്ഥാനപതി ബഷാര്‍ ജഫാരി വോട്ടിംഗിനു മുമ്പു നടത്തിയ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

പാശ്ചാത്യരാജ്യങ്ങളുടെയും അറബിരാജ്യങ്ങളുടെയും പിന്തുണയോടെ ഖത്തര്‍ തയാറാക്കിയ പ്രമേയത്തിന്റെ ആദ്യ കരടില്‍ യുഎന്നിലെ സിറിയയുടെ സീറ്റ് പ്രതിപക്ഷ സിറിയന്‍ ദേശീയ മുന്നണിക്കു നല്‍കാന്‍ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഭാവിയില്‍ റിബല്‍ ശല്യം മൂലം തങ്ങളുടെ സര്‍ക്കാരുകള്‍ക്കും ഇത്തരം അവസ്ഥയുണ്ടാവാമെന്നു പല പ്രതിനിധികളും ആശങ്ക പ്രകടിപ്പിച്ചു. ഇതെത്തുടര്‍ന്ന് പ്രസ്തുത നിര്‍ദേശം പിന്‍വലി ക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.