മഡുറോയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സുരക്ഷാവീഴ്ച
കാരക്കാസ്: വെനസ്വേലന്‍ പ്രസിഡന്റായി നേരിയ ഭൂരിപക്ഷത്തിനു തെരഞ്ഞെടുക്കപ്പെട്ട നിക്കോളാസ് മഡുറോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലോകനേതാക്കളും മറ്റു പ്രമുഖരും പങ്കെടുത്ത സത്യപ്രതിജ്ഞാ ചടങ്ങില്‍ സുരക്ഷാ സൈനികരെ വെട്ടിച്ച് ഒരാള്‍ വേദിയില്‍ കടന്ന് മൈക്ക് പിടിച്ചെടുത്തു. പ്രസിഡന്റിന്റെ സഹായം വേണമെന്നായിരുന്നു അയാളുടെ ആവശ്യം. അംഗരക്ഷകര്‍ ഉടന്‍തന്നെ അക്രമിയെ കസ്റഡിയിലെടുത്തു.

ഇതു വന്‍സുരക്ഷാവീഴ്ചയാണെന്നും തന്നെ അക്രമി വെടിവയ്ക്കാന്‍വരെ സാധ്യതയുണ്ടായിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു.


എതിരാളി ഹെന്റി കാപ്രിലസിനേക്കാള്‍ വെറും ഒന്നര ശതമാനം കൂടുതല്‍ വോട്ടു നേടിയാണ് മഡുറോ പ്രസിഡന്റായത്. ഹ്യൂഗോ ഷാവേസ് കാന്‍സര്‍ ബാധിച്ച് അന്തരിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പു വേണ്ടിവന്നത്.

മഡുറോയാണു തന്റെ പിന്‍ഗാമിയെന്ന് നേരത്തേ ഷാവേസ് വ്യക്തമാക്കിയിരുന്നു. സഹതാപതരംഗമുണ്ടായിട്ടും വളരെക്കുറഞ്ഞ ഭൂരിപക്ഷമേ മഡുറോയ്ക്കു കിട്ടിയുള്ളുവെന്നത് വെനസ്വേലന്‍ സമൂഹത്തിലെ ധ്രുവീകരണത്തിന്റെ ഫലമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്കു തയാറാണെന്ന് മഡുറോ പ്രഖ്യാപിച്ചു.