കോടതിയില്‍ മുഷാറഫിനെ ആക്രമിക്കാന്‍ ശ്രമം
ഇസ്ലാമാബാദ്: കനത്ത സുരക്ഷയില്‍ കോടതിയില്‍ ഹാജരാക്കിയ മുഷാറഫിനെ ആക്രമിക്കാന്‍ അഭിഭാഷകര്‍ ശ്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഷാറഫിനു സംരക്ഷണം നല്കിയെങ്കിലും അദ്ദേഹത്തിന്റെ ഏതാനും അനുയായികള്‍ അഭിഭാഷകരുടെ ക്രൂരമര്‍ദനത്തിനിരയായി.

മുഷാറഫിനെ കോടതിയിലെത്തിച്ചപ്പോള്‍ത്തന്നെ അഭിഭാഷകര്‍ മുദ്രാവാക്യം മുഴക്കാന്‍ ആരംഭിച്ചു. കോടതിമുറിയില്‍ കേസ് നടപടികള്‍ പുരോഗമിക്കുമ്പോഴും അഭിഭാഷകര്‍ മുദ്രാവാക്യംവിളി തുടര്‍ന്നതിനെത്തുടര്‍ന്ന് ജഡ്ജി ഇടപെട്ട് അവരെ നിശബ്ദരാക്കി.


മുഷാറഫ് കോടതിയില്‍നിന്നിറങ്ങവേ അഭിഭാഷകര്‍ അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇത് സുരക്ഷാ ഉദ്യോഗസ്ഥരും അഭിഭാഷകരും തമ്മില്‍ ചെറിയ സംഘര്‍ഷത്തിനു വഴിവച്ചു.

മുഷാറഫിനെ പോലീസ് സുരക്ഷിതമായി കൊണ്ടുപോയെങ്കിലും അദ്ദേഹത്തിന്റെ ചില അനുയായികളെ പിടികൂടാന്‍ അഭിഭാഷകര്‍ക്കു കഴിഞ്ഞു.