മുഷാറഫ് രണ്ടാഴ്ചത്തേക്ക് ജുഡീഷല്‍ കസ്റഡിയില്‍
മുഷാറഫ് രണ്ടാഴ്ചത്തേക്ക് ജുഡീഷല്‍ കസ്റഡിയില്‍
Sunday, April 21, 2013 11:31 PM IST
ഇസ്ലാമാബാദ്: രാജ്യദ്രോഹക്കുറ്റം ചുമത്ത പ്പെട്ട് അറസ്റിലായ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷാറഫിനെ ഇസ്ലാമാബാദ് ഭീകരവിരുദ്ധ കോടതി 14 ദിവസത്തേ ക്കു ജുഡീഷ്യല്‍ കസ്റഡിയില്‍ വിട്ടു.മുഷാറഫിനെ വിചാരണ ചെയ്യാനായി പ്രത്യേകം രൂപീകരിച്ചതാണ് ഇസ്ലാമാബാദിലെ ഭീകരവിരുദ്ധ കോടതി. ഇസ്ലാമാബാദ് പ്രാന്തത്തിലുള്ള മുഷാറഫിന്റെ ഫാംഹൌസ് സബ്ജയിലായി പ്രഖ്യാപിച്ച് അവിടെയാണ് അദ്ദേഹത്തെ തടവിലാക്കിയിരിക്കുന്നത്. പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ സൈന്യാധിപനെ തടങ്കലിലാക്കുന്നത്.

അഞ്ചേക്കര്‍ ഭൂമിയില്‍ വന്‍മതിലുകളാല്‍ ചുറ്റപ്പെട്ട ഫാംഹൌസില്‍ ആഡംബര വസതിയും നീന്തല്‍ക്കുളവും വാച്ച്ടവറുകളും ഉണ്ട്. അസിസ്റന്റ് ജയില്‍ സൂപ്രണ്ടിനെയും ഏതാനും പോലീസുകാരെയും ഇവിടെ വിന്യസിക്കും. ഫാംഹൌസിനു പുറത്തിറങ്ങാന്‍ മുഷാറഫിനെ അനുവദിക്കില്ല. നിശ്ചിത സമയങ്ങളില്‍ സന്ദര്‍ശകര്‍ക്ക് അദ്ദേഹത്തെ കാണാം. മുഷാറഫിനു സൈന്യം അനുവദിച്ചിട്ടുള്ള അംഗരക്ഷകരെ നിലനിര്‍ത്താന്‍ അനുവദിച്ചേക്കും.

പ്രസിഡന്റായിരിക്കേ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 60 ജഡ്ജിമാരെ പുറത്താക്കിയ കേസില്‍ ഇസ്ലാമാബാദ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടര്‍ന്നാണ് മുഷാറഫ് കഴിഞ്ഞദിവസം അറസ്റിലായത്. ഇന്നലെ ഭീകരവിരുദ്ധ കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ മേയ് നാലുവരെ കസ്റഡിയില്‍ വിടുകയായിരുന്നു. മേയ് നാലിന് അദ്ദേഹത്തെ വീണ്ടും കോടതിയില്‍ ഹാജരാക്കണം.


മുഷാറഫിനെ പോലീസ് കസ്റഡിയില്‍ വിടണണെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടുവെങ്കിലും മുഷാറഫിന്റെ അഭിഭാഷകന്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി എതിര്‍ത്തു.

ഇതിനിടെ, മുഷാറഫിനെതിരേ രാജ്യദ്രോഹക്കേസ് പരിഗണിക്കുന്നതിന് സുപ്രീംകോടതി മൂന്നംഗ ബെഞ്ച് രൂപവത്കരിച്ചു. ജസ്റീസ് ജവാദ് എസ്. ക്വാജ അധ്യക്ഷനായ ബെഞ്ചില്‍ ജസ്റീസുമാരായ ഖില്‍ജി ആരിഫ് ഹുസൈന്‍, ഇജാസ് അഫ്സല്‍ ഖാന്‍ എന്നിവര്‍ അംഗങ്ങളാണ്. മുഷാറഫിനെതിരേ സമര്‍പ്പിച്ചിരിക്കുന്ന അഞ്ചുഹര്‍ജികളും ഒരുമിച്ച് തിങ്കളാഴ്ച ബെഞ്ച് പരിഗണിക്കും.

മുഷാറഫിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നടപടികള്‍ ആരംഭിക്കണമോയെന്നുള്ള സുപ്രീംകോടതിയുടെ ചോദ്യത്തിന് പാക്കിസ്ഥാനിലെ കാവല്‍ സര്‍ക്കാര്‍ ഇതുവരെ മറുപടി നല്കിയിട്ടില്ല. തിങ്കളാഴ്ച സര്‍ക്കാര്‍ മറുപടി നല്കിയേക്കും. മേയ് 11നു നിശ്ചയിച്ചിരിക്കുന്ന പൊതുതെരഞ്ഞെടുപ്പാണ് കാവല്‍ സര്‍ക്കാരിന്റെ പ്രധാന ചുമതലയെങ്കിലും സര്‍ക്കാരിനു വേണമെങ്കില്‍ മുഷാറഫിനെതിരേ നടപടികള്‍ ആരംഭിക്കാമെന്നു കോടതി വ്യക്തമാക്കിയിരുന്നു.

മുഷാറഫിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റ് കഴിഞ്ഞദിവസം പ്രമേയം പാസാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.