ദക്ഷിണകൊറിയ തിരിച്ചടിക്കു തയാറെടുക്കുന്നു
സിയൂള്‍: ഉത്തരകൊറിയയില്‍നിന്നു പ്രകോപനപരമായ നീക്കമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ ദക്ഷിണകൊറിയന്‍ സൈന്യത്തിനു പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹീ നിര്‍ദേശം നല്‍കി. ജനങ്ങളെയും രാജ്യത്തെയും സംരക്ഷിക്കുകയാണു സൈന്യത്തിന്റെ കടമയെന്ന് അവര്‍ പറഞ്ഞു.

ഇതിനിടെ റഡാറില്‍ കാണാനാവാത്ത അത്യാധുനിക എഫ്-22 യുദ്ധവിമാനങ്ങള്‍ ജപ്പാനിലെ ഓക്കിനാവയില്‍നിന്ന് ദക്ഷിണകൊറിയന്‍ മേഖലയിലേക്ക് അയച്ചതായി അമേരിക്ക പ്രഖ്യാപിച്ചു. എത്രവിമാനങ്ങളാണ് അയച്ചതെന്നു വ്യക്തമല്ല. ഉത്തരകൊറിയയുടെ ഭീഷണിക്കെതിരേ ശക്തമായി പ്രതികരിക്കുമെന്ന് ദക്ഷിണകൊറിയയെ പിന്തുണയ്ക്കുന്ന അമേരിക്ക നേരത്തേ വ്യക്തമാക്കിയിരുന്നു.

അണ്വായുധം വഹിക്കുന്ന ബി-2 യുദ്ധവിമാനങ്ങള്‍ നേരത്തേ അമേരിക്ക കൊറിയന്‍ മേഖലയിലേക്ക് അയച്ചിരുന്നു. ദക്ഷിണകൊറിയയും അമേരിക്കയും സംയുക്തമായി നടത്തിയ സൈനികാഭ്യാസത്തില്‍ ഈ വിമാനങ്ങളുടെ പ്രകടനവുമുണ്ടായിരുന്നു. എഫ്-22 വിമാനങ്ങള്‍ ഏതു പ്രതിരോധ സംവിധാനത്തെയും നേരിടാന്‍ കെല്പുള്ളതാണ്.


ഇതിനിടെ, അമേരിക്കയുടെ ഭീഷണിക്കു വില കല്പിക്കുന്നില്ലെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ പറഞ്ഞതായി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആണവായുധങ്ങള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ ഉത്തരകൊറിയയ്ക്കാവില്ലെന്നാണ് യുഎസിന്റെ സഖ്യകക്ഷികളുടെയും വാദം.

എന്നാല്‍, രാജ്യത്തിന്റെ ആണവായുധങ്ങള്‍ വിലപേശലിനുള്ളതല്ലെന്ന് കിം വ്യക്തമാക്കി. അവ രാജ്യത്തിന്റെ നിധിയാണ്. ഒരുകാരണവശാലും അണ്വായുധം കൈവിടില്ലെന്ന് അദ്ദേഹം പറഞ്ഞു.