ചലച്ചിത്രം പ്രദർശിപ്പിക്കുന്നിടത്തെല്ലാം ദേശീയഗാനം വേണമെന്നു സുപ്രീംകോടതി
ചലച്ചിത്രം പ്രദർശിപ്പിക്കുന്നിടത്തെല്ലാം ദേശീയഗാനം വേണമെന്നു സുപ്രീംകോടതി
Friday, December 9, 2016 3:09 PM IST
ന്യൂഡൽഹി: തിരുവനന്തപുരത്ത് ആരംഭിച്ചിരിക്കുന്ന അന്താരാഷ്ര്‌ട ചലച്ചിത്ര പ്രദർശനത്തിൽ ഉൾപ്പെടെ ചലച്ചിത്രം പ്രദർശിപ്പിക്കുന്ന എല്ലായിടത്തും ദേശീയ ഗാനം നിർബന്ധമാണെന്ന് സുപ്രീംകോടതി.

ദേശീയഗാനം കേൾപ്പിക്കുമ്പോൾ തിയറ്ററുകളുടെ വാതിൽ അടഞ്ഞുകിടക്കുകയും എല്ലാവരും എഴുന്നേറ്റു നിൽക്കുകയും വേണം. അതിൽ വിദേശികളെയും ഒഴിവാക്കാനാവില്ല. എന്നാൽ, അംഗപരിമിതരായവരെയും ഭിന്നശേഷിയുള്ളവരെയും ഒഴിവാക്കാമെന്ന് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.

ചലച്ചിത്രം പ്രദർശിപ്പിക്കുന്നതിനു മുന്നോടിയായി ദേശീയ ഗാനം കേൾപ്പിക്കണമെന്ന സുപ്രീംകോടതിയുടെ കഴിഞ്ഞ മാസത്തെ ഉത്തരവിൽ ഇളവ് ആവശ്യപ്പെട്ട് ഐഎഫ്എഫ്കെ പ്രതിനിധിയും കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയുടെ പ്രസിഡന്റ് അനൂപ് കുമാരൻ അടക്കമുള്ളവരുടെ ഹർജിയാണ് ഇന്നലെ കോടതി പരിശോധിച്ചത്.

അന്താരാഷ്ര്‌ട ചലച്ചിത്രമേളയിൽ നിരവധി വിദേശികൾ പങ്കെടുക്കുന്നതാണെന്നും ദേശീയ ഗാനം ആലപിക്കുമ്പോൾ അവർ എഴുന്നേറ്റ് നിൽക്കണമെന്നു നിർബന്ധിക്കാനാകില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അംഗീകരിച്ചില്ല. ദേശീയ ഗാനം ആലപിക്കുമ്പോൾ വിദേശികളെന്നല്ല, എല്ലാവരും എഴുന്നേറ്റ് നിൽക്കേണ്ടതാണെന്നു വ്യക്‌തമാക്കിയ കോടതി, അതിൽ നിന്നു ആരോഗ്യമുള്ള ആരെയും ഒഴിവാക്കാനാവില്ലെന്നും വ്യക്‌തമാക്കി.


ഓരോ പ്രദർശനത്തിനും എഴുന്നേൽക്കേണ്ടി വന്നാൽ നിരവധി തവണ ഒരാൾ എഴുന്നേൽക്കേണ്ടിവരുമെന്ന വാദത്തിന്, വിദേശികളാണെങ്കിൽ 20 തവണ വരെ വേണമെങ്കിൽ എഴുന്നേറ്റു നിൽക്കട്ടെയെന്നായിരുന്നു കോടതിയുടെ മറുപടി. ഐഎഫ്എഫ്കെ സിനിമാ പ്രദർശനത്തിനെത്തുന്ന വിദേശികൾക്ക് ദേശീയഗാനം ബുദ്ധിമുട്ടുണ്ടാക്കുമെന്ന ഹർജിക്കാരുടെ വാദം ഞെട്ടിക്കുന്നതെന്നാണെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, അംഗപരിമിതരെയും ഭിന്നശേഷിക്കാരെയും ഒഴിവാക്കണമെന്ന അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗിയുടെ വാദം അംഗീകരിച്ച് മുൻ ഉത്തരവിൽ ഭേദഗതി വരുത്തുകയും ചെയ്തു.

ദേശീയഗാനം ആലപിക്കുമ്പോൾ തിയറ്ററുകളുടെ വാതിലുകൾ അടച്ചിടണമെന്ന നിർദേശത്തിൽ ചെറിയ മാറ്റം വരുത്തിയ കോടതി, വാതിൽ അടച്ച് കുറ്റിയിടരുതെന്ന ഭേദഗതി വരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.