രാജ്യം യുദ്ധസമാന അവസ്‌ഥയിൽ: ഡോ. മൻമോഹൻസിംഗ്
രാജ്യം യുദ്ധസമാന അവസ്‌ഥയിൽ: ഡോ. മൻമോഹൻസിംഗ്
Friday, December 9, 2016 2:57 PM IST
ന്യൂഡൽഹി: 500 രൂപ, 1000 രൂപ നോട്ടുകൾ അസാധുവാക്കലിലൂടെ രാജ്യത്തു യുദ്ധകാലത്തിനു സമാനമായ അവസ്‌ഥയുണ്ടാക്കിയെന്നു സാമ്പത്തിക വിദഗ്ധനും മുൻ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻ സിംഗിന്റെ കുറ്റപ്പെടുത്തൽ. യുദ്ധകാലത്ത് റേഷനിലൂടെ ഭക്ഷണം വാങ്ങാൻ നീണ്ടവരിയിൽ നിൽക്കുന്നതു പോലെ അടിസ്‌ഥാന ആവശ്യങ്ങൾക്കുള്ള പണത്തിനായി സ്ത്രീകൾ ഉൾപ്പെടെയുള്ള സാധാരണ ജനങ്ങൾ തെരുവിൽ നിൽക്കുന്നത്. അർധരാത്രിയിൽ നോട്ടുകൾ റദ്ദാക്കിയ നടപടിയിലൂടെ സത്യസന്ധരായ ജനങ്ങളെ പോലും ദുരിതത്തിലാക്കി. വീണ്ടുവിചാരമില്ലാത്ത ഈ തീരുമാനത്തിലൂടെ കോടിക്കണക്കിനു ജനങ്ങളുടെ വിശ്വാസമാണ് തകർത്തതെന്നും ദി ഹിന്ദു ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ മൻമോഹൻ സിംഗ് വിമർശിച്ചു.

നവംബർ ഒമ്പതിന്റെ അർധരാത്രിയിൽ നടത്തിയ ഒറ്റ പ്രഖ്യാപനത്തിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാരുടെ ആത്മവിശ്വാസമാണ് പ്രധാനമന്ത്രി തല്ലിക്കെടുത്തിയത്.

500 രൂപ, 1000 രൂപ നോട്ടുകളിലുള്ള രാജ്യത്തെ 85 ശതമാനം നോട്ടുകളും ഒറ്റ രാത്രികൊണ്ട് അസാധുവാകുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യൻ സർക്കാർ തങ്ങളെയും തങ്ങളുടെ പണത്തേയും സംരക്ഷിക്കുമെന്ന കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയുമാണ് ഇത്തരത്തിലുള്ള എടുത്തുചാട്ടത്തിലൂടെ ഇല്ലാതാക്കിയത്.

കള്ളപ്പണം ഇല്ലാതാക്കാനും അതിർത്തിക്കപ്പുറത്തുള്ള ശത്രുക്കൾ ഉണ്ടാക്കുന്ന വ്യാജനോട്ടുകൾ തടയാനുമാണ് പദ്ധതിയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഈ ഉദ്ദേശങ്ങൾ തീർച്ചയായും മാനിക്കപ്പെടേണ്ടതും പിന്തുണയ്ക്കേണ്ടതുമാണ്. എന്നാൽ ഒറ്റയടിക്കുള്ള പ്രഖ്യാപനത്തിലൂടെ “എല്ലാ നോട്ടുകളും കള്ളപ്പണമാണ്, എല്ലാ കള്ളപ്പണവും നോട്ടുകളിലാണ്’ എന്ന വ്യാജ പ്രതീതിയാണുണ്ടാക്കിയതെന്നും എന്നാൽ യാഥാർഥ്യം അതല്ലെന്നും അദ്ദേഹം പറയുന്നു.

രാജ്യത്തെ തൊഴിൽ മേഖലയിലുള്ള 90 ശതമാനം പേരും തങ്ങളുടെ വേതനം വാങ്ങുന്നത് കറൻസിയിലൂടെയാണ്. കാർഷിക മേഖലയിലൂം നിർമാണ മേഖലയിലുമൊക്കെ ജോലി ചെയ്യുന്ന ലക്ഷക്കണക്കിനു പേർ ഇതിൽ ഉൾപ്പെടും. 2001നു ശേഷം ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള ബാങ്കുകളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. എന്നാൽ, നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള 60 കോടി ഇന്ത്യക്കാർക്ക് ഇപ്പോഴും ബാങ്ക് സൗകര്യങ്ങളില്ല. ഈ ജനങ്ങളുടെ ജീവിതത്തെ ഉറപ്പിച്ചു നിർത്തുന്നത് മൂല്യമുള്ള പണം കൈപ്പറ്റുന്നതുവഴിയാണ്. അവർ സമ്പാദ്യമായി കൂട്ടിവയ്ക്കുന്നതും 500, 1000 രൂപ നോട്ടുകളിലാവാം. എന്നാൽ ഈ പണം മുഴുവൻ കള്ളപ്പണമാണെന്ന് വരുത്തിത്തീർക്കുകയും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതം അലങ്കോലപ്പെടുത്തുകയും മാത്രം ചെയ്തിട്ടുള്ള വൻ ദുരന്തമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. നിയമപരമായി സമ്പാദിക്കുന്നതും വിനിമയം ചെയ്യുന്നതും സൂക്ഷിച്ചുവയ്ക്കുന്നതിനുമുള്ള ജനങ്ങളുടെ അവകാശങ്ങളും ജീവിതവും സംരക്ഷിക്കുക എന്നത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഒരു സർക്കാരിന്റെ അടിസ്‌ഥാനപരമായ കടമയാണ്. എന്നാൽ പ്രധാനമന്ത്രിയുടെ ഈ തീരുമാനം ആ അടിസ്‌ഥാന കടമയെ അതിലംഘിച്ചിരിക്കുകയാണെന്നും മൻമോഹൻ സിംഗ് ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

തങ്ങൾക്കും സ്വത്തിനും പണത്തിനും സർക്കാർ സുരക്ഷിതത്വമൊരുക്കുമെന്ന വിശ്വാസത്തിനാണ് ഉലച്ചിൽ തട്ടിയിരിക്കുന്നത്. കള്ളപ്പണമെന്നത് രാജ്യത്ത് ആശങ്കയുണ്ടാക്കുന്ന പ്രശ്നം തന്നെയാണെന്നു സമ്മതിക്കുന്ന മുൻ പ്രധാനമന്ത്രി, അത് ഇല്ലായ്മ ചെയ്യുന്നതിനു മുൻ സർക്കാരുകൾ വിവിധ ഏജൻസികളിലൂടെ പല നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും വിശദമാക്കിയിട്ടുണ്ട്. എന്നാൽ, അവയൊന്നും കള്ളപ്പണമുണ്ടെന്നു സംശയിക്കപ്പെടുന്നവരെ മാത്രം ബാധിക്കുന്ന രീതിയിലാണ്, എല്ലാ ജനങ്ങളെയുമല്ല. വളരെ ചെറിയൊരു ശതമാനം ഒഴിച്ചാൽ കള്ളപ്പണം സൂക്ഷിച്ചുവച്ചിരിക്കുന്നത് നോട്ടിന്റെ രൂപത്തിലല്ല എന്നത് മുൻ അന്വേഷണങ്ങളിൽ തെളിഞ്ഞിട്ടുള്ളതാണ്. കള്ളപ്പണം തിരിച്ചുപിടിക്കാനുള്ള നടപടിയെന്ന പേരിൽ പ്രഖ്യാപിച്ച ഈ നടപടിയിലൂടെ സത്യസന്ധരായ ആളുകൾക്കു പോലും തങ്ങളുടെ സമ്പാദ്യവും കൂലിയും നേടുന്നവർ പോലും കള്ളപ്പണക്കാരെ പോലെ ദുരിതത്തിലായി. പുതിയ 2000 രൂപാ നോട്ടുകൾ ഇറക്കിയതുവഴി പണം പൂഴ്ത്തിവയ്ക്കുന്നവർക്ക് കൂടുതൽ സഹായം ചെയ്യുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്.


കോടിക്കണക്കിന് രൂപ ഒറ്റയടിക്ക് മാറ്റി പുതിയ നോട്ടുകൾ മാറ്റുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ലോകത്തിലെ പല രാജ്യങ്ങളും അത് ഘട്ടംഘട്ടമായാണ് ചെയ്തിരിക്കുന്നതെന്നും മൻമോഹൻ സിംഗ് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യ പോലെ ഇത്രയും വിശാലവും വൈവിധ്യം നിറഞ്ഞതുമായ ഒരു രാജ്യത്ത് അത് കൂടുതൽ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ടു തന്നെ അതൊരു രാത്രികൊണ്ട് ചെയ്യാവുന്ന കാര്യവുമല്ല. അത്ഭുതപ്പെടുത്തുന്നതോ ബുദ്ധിപരമായ നീക്കമോ ഒന്നും അല്ലായിരുന്നു നോട്ടുകൾ പിൻവലിച്ച നടപടി. ലക്ഷക്കണക്കിന് ഇന്ത്യക്കാർ തങ്ങളുടെ അടിസ്‌ഥാന കാര്യങ്ങൾക്കു ഏതാനും നോട്ടുകൾ കിട്ടാൻ വേണ്ടി മണിക്കുറുകൾ ക്യൂ നിൽക്കുന്നത് കാണുന്നത് ഹൃദയഭേദകമായ കാര്യമാണ്. “യുദ്ധസമയങ്ങളിൽ റേഷൻ പോലെ ഭക്ഷണം ലഭിക്കുന്നതു വാങ്ങാൻ ജനങ്ങൾ വരി നിൽക്കുന്നതു കണ്ടിട്ടുള്ള ഒരാൾ എന്ന നിലയിൽ, എന്റെ സ്വന്തം ജനങ്ങൾ, പുരുഷന്മാരും സ്ത്രീകളും റേഷൻ പോലെ നൽകുന്ന പണത്തിനു വേണ്ടി ക്യൂ നിൽക്കുന്നത് കാണേണ്ടി വരുമെന്ന് ഞാനൊരിക്കലും കരുതിയില്ലെ’ന്ന് അദ്ദേഹം പറയുന്നു.

വ്യവസായ ഉത്പാദനവും തൊഴിലും കുറയുന്ന ഈ കാലത്ത് ഈ നടപടി വളരെ വിപരീത ഫലമാണ് സമ്പദ്വ്യവസ്‌ഥയിലുണ്ടാക്കുക. ഒരു രാജ്യത്തിന്റെ വളർച്ചയിൽ ഏറ്റവും പ്രധാനപ്പെട്ട സമ്പദ് ഘടകങ്ങളിലൊന്നാണ് ഉപഭോക്‌താക്കളുടെ വിശ്വാസ്യത എന്നത്. എന്നാൽ ഇത്തരത്തിലൊരു തീരുമാനം കൊണ്ട് ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ ഉപഭോക്‌താക്കളുടെ വിശ്വാസ്യതയ്ക്കാണ് തിരിച്ചടിയേറ്റത്. അത് സമ്പദ്വ്യവസ്‌ഥയിലും പ്രതിഫലിക്കും.

തങ്ങളുടെ സമ്പാദ്യത്തിന് ഒറ്റയടിക്കു വിലയില്ലാതായതും പുതിയ കറൻസികൾ കിട്ടാനുള്ള ബുദ്ധിമുട്ടും കാര്യങ്ങൾ കൂടുതൽ വിഷമകരമാക്കുകയേയുള്ളൂ. ഇത് തൊഴിൽ മേഖലയെ കൂടുതൽ സ്തംഭിപ്പിക്കുകയും സാമ്പത്തിക വളർച്ച കൂടുതൽ മുരടിപ്പിക്കുകയും ചെയ്യും. കള്ളപ്പണത്തിനെതിരെ യുദ്ധം ചെയ്യുന്നു എന്നത് കേൾക്കാൻ സുഖമുള്ള കാര്യമാണ്. പക്ഷേ അതിന്റെ പേരിൽ സത്യസന്ധരായ ഒരിന്ത്യക്കാരന്റെ പോലും ജീവൻ നഷ്‌ടപ്പെടുത്തിക്കൂടാ എന്നും മൻമോഹൻ സിംഗ് ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.