വിജയ് മല്യയുടെ ട്വിറ്റർ, ഇ–മെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു
വിജയ് മല്യയുടെ ട്വിറ്റർ, ഇ–മെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു
Friday, December 9, 2016 2:56 PM IST
ന്യൂഡൽഹി: മദ്യരാജാവ് വിജയ് മല്യയുടെ ട്വിറ്റർ, ഇ–മെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു. ഹാക്ക് ചെയ്തയാൾ മല്യയുടെ ബാങ്ക് അക്കൗണ്ടിന്റെയും നിക്ഷേപങ്ങളുടെയും വിവരങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. കൂടാതെ, അദ്ദേഹത്തിന്റെ പാസ് വേർഡുകളും ആഡംബര കാറുകളുടെ വിവരങ്ങളും ഫോൺ നമ്പരും പുറത്തുവിട്ട വിവരങ്ങളുടെ കൂട്ടത്തിലുണ്ട്. ലെഗിയോൺ എന്ന പേരുള്ള വ്യക്‌തിയോ ഹാക്കർ ഗ്രൂപ്പോ ആണു മല്യയുടെ ട്വിറ്റർ, ഇ– മെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്തിരിക്കുന്നത്. മല്യയുടെ ഇടപാടുകളുടെയും സ്വത്തുക്കളുടെയും കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്നാണ് ഹാക്കറുടെ ഭീഷണി.


ഇന്ത്യയിലെ വിവിധ ബാങ്കുകളിൽനിന്നായി 9000 കോടി രൂപ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ കഴിഞ്ഞ മാർച്ചിലാണു മല്യ ലണ്ടനിലേക്കു കടന്നത്. തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും അതിൽ നടത്തുന്ന പോസ്റ്റിംഗുകൾ വിശ്വസിക്കരുതെന്നും മല്യ വ്യക്‌തമാക്കി. ഉടൻതന്നെ ഇ–മെയിൽ, ട്വിറ്റർ അക്കൗണ്ടുകൾ തിരിച്ചെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.