ദൈവത്തെയോർത്ത് നിങ്ങൾ ജോലി ചെയ്യൂ
ദൈവത്തെയോർത്ത് നിങ്ങൾ ജോലി ചെയ്യൂ
Thursday, December 8, 2016 3:33 PM IST
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നോട്ട് അസാധുവാക്കൽ തീരുമാനത്തിന്റെ പേരിൽ പാർലമെന്റ് നടപടിക്രമങ്ങൾ തുടർച്ചയായി സ്തംഭിപ്പിക്കുന്ന എംപിമാരെ രൂക്ഷമായി വിമർശിച്ചു രാഷ്ട്രപതി പ്രണാബ് മുഖർജി. സഭാസ്തംഭനം ഒരു തരത്തിലും സ്വീകാര്യമല്ല. ദൈവത്തെ ഓർത്ത് എംപിമാർ തങ്ങളുടെ ജോലി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കരുത്തുറ്റ ജനാധിപത്യത്തിനായുള്ള നവീകരണം എന്ന വിഷയത്തിൽ ഡിഫൻസ് എസ്റ്റേറ്റ് ഡേ ലക്ചർ 2016ൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

ജനാധിപത്യ രീതിയിലുള്ള പാർലമെന്റ് സംവിധാനത്തിന് ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരമായ ഡിയിൽ തുടങ്ങുന്ന മൂന്നു വാക്കുകളാണ് പ്രധാനം. ഡിബേറ്റ് (ചർച്ച), ഡിസെന്റ് (അഭിപ്രായ ഭിന്നത), ഡിസിഷൻ (തീരുമാനം) എന്നിവയാണ് പാർലമെന്റ് പ്രവർത്തനത്തിന്റെ അടിസ്‌ഥാനമെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. നാലാമതായ ഡിസ്റപ്ഷൻ (തടസപ്പെടുത്തൽ) കൊണ്ട് ആർക്കും പ്രയോജനമില്ലെന്നും രാഷ്ട്രപതി വ്യക്‌തമാക്കി.

ശീതകാല സമ്മേളനം ആരംഭിച്ചതുമുതൽ പ്രതിപക്ഷ പ്രതിഷേധം മൂലം സഭാ നടപടികൾ തടസപ്പെടുകയാണ്. നോട്ടുനിരോധന തീരുമാനത്തിൽ വോട്ടെടുപ്പോടെയുള്ള ചർച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. ഈ സാഹചര്യത്തിലാണു സഭാ സ്തംഭനത്തെ രാഷ്ട്രപതി രൂക്ഷമായി വിമർശിച്ചിരിക്കുന്നത്.

ദൈവത്തെ ഓർത്ത് നിങ്ങളുടെ ജോലി ചെയ്യൂ. പാർലമെന്റിൽ ജോലി ചെയ്യാനാണ് നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്. പാർലമെന്റ് സ്തംഭനം ഒരുതരത്തിലും സ്വീകാര്യമല്ല. സംവാദവും ചർച്ചയും തീരുമാനവുമാണ് പാർലമെന്റിൽ ഉണ്ടാകേണ്ടത്. പാർലമെന്റിന് പുറത്താണ് ധർണയും പ്രതിഷേധവും നടത്തേണ്ടത്– രാഷ്ട്രപതി പറഞ്ഞു.


സഭാനടപടികൾ പൂർണമായും സ്തംഭിപ്പിക്കുന്ന ഇത്തരം നീക്കങ്ങൾ ഒരു തരത്തിലും സ്വീകാര്യമല്ലെന്ന് രാഷ്ട്രപതി വ്യക്‌തമാക്കി. നോട്ട് അസാധുവാക്കൽ നടപടിയുടെ പേരിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തിയതിനെത്തുടർന്ന് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ 14 ദിവസം നഷ്‌ടമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശക്‌തമായ പ്രതികരണവുമായി രാഷ്ട്രപതി രംഗത്തെത്തിയത്.

അതേസമയം, രാഷ്ട്രപതി പറഞ്ഞ വിഷയത്തോടു പൂർണമായും യോജിക്കുന്നുവെന്നും എന്നാൽ, പാർലമെന്റ് തടസപ്പെടുന്നതിന്റെ പൂർണ ഉത്തരവാദിത്തം ഭരണപക്ഷത്തിനാണെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. സഭ സുഗമമായി നടത്തേണ്ടതിന്റെ ഉത്തരാവാദിത്തം ഭരണപക്ഷത്തിനാണ്. അതു പ്രതിപക്ഷത്തിന്റെ ചുമലിലേറ്റേണ്ട കാര്യമില്ല.

ഒരു തരത്തിലുമുള്ള ചർച്ചകൾക്കോ ഒത്തുതീർപ്പുകൾക്കോ തയാറാകാതെ സർക്കാർ പ്രതിപക്ഷത്തെ പ്രകോപിക്കുകയാണ്. പ്രതിപക്ഷത്തിനെതിരേ കേന്ദ്രമന്ത്രിമാർ പാർലമെന്റിനകത്തും പുറത്തും പ്രസ്താവനകൾ നടത്തുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് ഇങ്ങനെയുണ്ടായിട്ടില്ല. ഒരു ദിവസം പ്രതിപക്ഷത്തിനെതിരേ അഞ്ചു തവണ പ്രസ്താവന നടത്തുന്ന കേന്ദ്രമന്ത്രിമാരാണ് ഇപ്പോഴുള്ളത്.

ഒത്തുതീർപ്പിനുള്ള ഏതെങ്കിലും സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, അതിനു സർക്കാരാണ് മുൻകൈ എടുക്കേണ്ടതെന്നായിരുന്ന ഗുലാം നബിയുടെ മറുപടി. പ്രതിപക്ഷം മുന്നോട്ടു വയ്ക്കുന്ന ഓരോ നിർദേശവും സർക്കാർ തള്ളുകയാണ്. അവർ ഒരു നിർദേശവും മുന്നോട്ടുവയ്ക്കുന്നുമില്ലെന്നും ഗുലാം നബി കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.