ഡിജിറ്റൽ ആകൂ, പണം ലാഭിക്കൂ
ഡിജിറ്റൽ ആകൂ, പണം ലാഭിക്കൂ
Thursday, December 8, 2016 3:33 PM IST
ന്യൂഡൽഹി: ഉയർന്ന നോട്ടുകൾ പിൻവലിച്ചതിനു പിന്നാലെ ഡിജിറ്റൽ ഇടപാടുകൾക്കു കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, മൊബൈൽ ഫോൺ ആപ്ലിക്കേഷനുകൾ, ഇ– വാലറ്റുകൾ തുടങ്ങിയവ വഴിയുള്ള ഇടപാടുകൾക്കാണ് ഇളവുകൾ പ്രഖ്യാപിച്ചത്. പെട്രോൾ, ഡീസൽ, ലൈഫ് ഇൻഷ്വറൻസ് പ്രീമിയം എന്നിവയിൽ കുറവുണ്ടാകും.

രാജ്യം 30 ദിവസങ്ങളിലായി സുപ്രധാന മാറ്റങ്ങളിലൂടെയാണ് കടന്നു പോയതെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചതിനുശേഷം രാജ്യത്ത് സാമ്പത്തിക രംഗത്തു വലിയ മാറ്റങ്ങൾ കാണുന്നുണ്ടെന്നാണ് ജയ്റ്റ്ലി പറഞ്ഞത്. നേരിട്ട് പണം ഉപയോഗിച്ചുള്ള ഇടപാടുകൾ കുറച്ചു കൊണ്ടുവരുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധ പതിപ്പിച്ചു വരികയാണ്. സർക്കാർ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചും ഇ– വാലറ്റുകൾ വഴിയുള്ള ഇടപാടുകളെയുമാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും ധനമന്ത്രി വ്യക്‌തമാക്കി. കേന്ദ്ര ഗവൺമെന്റ് വകുപ്പുകൾ, കേന്ദ്ര പൊതുമേഖലാ സ്‌ഥാപനങ്ങൾ എന്നിവയുമായി പൊതുജനങ്ങൾ ഡിജിറ്റൽ പണമിടപാട് നടത്തുമ്പോൾ ട്രാൻസാക്ഷൻ ഫീ, മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) എന്നിവ ഒഴിവാക്കും. സംസ്‌ഥാനങ്ങളും ഇങ്ങനെ ചെയ്യാൻ ഉപദേശിക്കും. ഇവ ഒഴിവാക്കിയാൽ വിലയിൽ ഒന്നു മുതൽ രണ്ടു വരെ ശതമാനം ഇളവു കിട്ടും. രാജ്യത്തു പ്രതിദിനം നാലരക്കോടി ഇടപാടുകാർ മൊത്തം 1800 കോടി രൂപയുടെ പെട്രോളിയം ഇന്ധനം വാങ്ങുന്നുണ്ട്. ഇതിൽ 20 ശതമാനം മാത്രമേ ഇപ്പോൾ ഡിജിറ്റലായി പണം നൽകുന്നുള്ളൂ. ഇത് 70 ശതമാനമാക്കിയാൽ പ്രതിവർഷം രണ്ടു ലക്ഷം കോടിരൂപയുടെ പണകൈമാറ്റം ഒഴിവാക്കാം.

പെട്രോളിനു വില കുറയും, പ്രീമിയം നിരക്ക് താഴും

കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനികളിൽനിന്നു കാർഡോ ഇ– വാലറ്റോ വഴി പെട്രോളും ഡീസലും വാങ്ങുമ്പോൾ 0.75 ശതമാനം ഇളവ്. ഇപ്പോൾ കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് 52 പൈസയും ഡീസലിന് 44 പൈസയും കുറയും.


=8000നു മുകളിലും പതിനായിരത്തിനു താഴെയും ജനസംഖ്യയുള്ള ഓരോ ഗ്രാമത്തിനും സൗജന്യമായി രണ്ട് പോയിന്റ് ഓഫ് സെയിൽ മെഷീൻ. ഇതു കർഷക സഹകരണ സംഘങ്ങളിൽ കാർഷിക ഇടപാടുകൾ ഡിജിറ്റൽ സംവിധാനത്തിലാക്കുന്നതിനു വേണ്ടിയാണ്. കാർഷിക മേഖലയിലെ 75 കോടി ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ. കേന്ദ്രസർക്കാർ നബാർഡ് വഴിയാണ് ഇതു നടപ്പാക്കുക.

ഗ്രാമങ്ങളിൽ ഡിജിറ്റൽ ഇടപാട് വർധിപ്പിക്കുന്നതിനും എടിഎം ഉപയോഗം പ്രചാരത്തിലാക്കുന്നതിനും കിസാൻ കാർഡുള്ള 4.32 കോടി ആളുകൾക്ക് നബാർഡ് റൂപേ കിസാൻ കാർഡ് ലഭ്യമാക്കും. ഗ്രാമീണ ബാങ്കുകൾ വഴി ഇതു നടപ്പാക്കും.

=ജനുവരി ഒന്നു മുതൽ ഡിജിറ്റൽ പേമെന്റിലൂടെ വാങ്ങുന്ന സബർബൻ റേയിൽ വേയുടെ പ്രതിമാസ സീസൺ ടിക്കറ്റിന് 0.5 ശതമാനം ഇളവ് .

ഓൺലൈൻ വഴി റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 10 ലക്ഷം രൂപയുടെ വരെ സൗജന്യ അപകട ഇൻഷ്വറൻസ്.

ഡിജിറ്റൽ പേമെന്റ് വഴി വിശ്രമമുറി, കാറ്ററിംഗ് സംവിധാനങ്ങൾബുക്ക് ചെയ്താൽ റെയിൽവേയിൽ അഞ്ചു ശതമാനം ഇളവ്.

പൊതുമേഖലാ ഇൻഷ്വറൻസ് സ്‌ഥാപനങ്ങളിൽനിന്ന് ഓൺലൈൻ വഴി ഇൻഷുറൻസ് എടുക്കുന്നവർക്ക് ലൈഫ് ഇൻഷ്വറൻസ് പ്രീമിയത്തിൽ എട്ടു ശതമാനവും ജനറൽ ഇൻഷുറൻസ് പ്രീമിയത്തിൽ 10 ശതമാനവും ഇളവ് ലഭിക്കും.

2000 രൂപ വരെയുള്ള ഓൺലൈൻ ട്രാൻസാക്ഷനു സേവന നികുതി ഒഴിവാക്കി.

ഡിജിറ്റൽ പേമെന്റ് വഴിയുള്ള ഹൈവേ ടോളിൽ പത്തു ശതമാനം ഇളവ്. ആർഎഫ്ഐഡി അഥവാ ഫാസ്റ്റ് ടാഗുകൾ വാങ്ങിയാലാണിത്.

ചെറുകിട വ്യാപാരികളിൽനിന്നും സ്വൈപ്പിംഗ് മെഷീനുകൾക്കും മൈക്രോ എടിഎമ്മുകൾക്കും 100 രൂപയിൽ കൂടുതൽ പ്രതിമാസ വാടക ഈടാക്കരുതെന്ന് പൊതുമേഖല ബാങ്കുകൾക്ക് നിർദേശം.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.