പാർലമെന്റിൽ താരമായി സമ്പത്തിന്റെ“‘നാണക്കേട് ’
പാർലമെന്റിൽ താരമായി സമ്പത്തിന്റെ“‘നാണക്കേട് ’
Thursday, December 8, 2016 3:33 PM IST
ന്യൂഡൽഹി: ഇന്ത്യയിൽ എവിടെ ആയാലും നാണക്കേടിന് ഒറ്റ അർഥമേയുള്ളൂ. അതുകൊണ്ടു തന്നെയാണു നാണക്കേട്, മാനക്കേട്... നാണക്കേടിതു മതിയാക്കൂ... എന്ന് ശുദ്ധ മലയാളത്തിലുള്ള മുദ്രാവാക്യം ഇന്നലെ പാർലമെന്റിൽ അർഥമറിയാത്ത ഇതരഭാഷക്കാരായ എംപിമാരും ഏറ്റുവിളിച്ചത്. സിപിഎമ്മിലെ ഡോ. എ. സമ്പത്താണ് നോട്ട് വിഷയത്തിൽ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നതിനിടെ മലയാളത്തിൽ മുദ്രാവാക്യം വിളിച്ചു കൊടുത്തത്.

നാണക്കേട്, മാനക്കേട്, അയ്യയ്യോ അമ്പമ്പോ നാണക്കേടിതു മതിയാക്കൂ... എന്നായിരുന്നു സമ്പത്തിന്റെ മുദ്രാവാക്യം. അർഥമറിയില്ലെങ്കിലും ഉച്ചാരണം തെറ്റിക്കാതെ പശ്ചിമബംഗാളിൽനിന്നുള്ള തൃണമൂൽ കോൺഗ്രസ് എംപിമാരും ഇതര സംസ്‌ഥാനങ്ങളിൽനിന്നുള്ള കോൺഗ്രസ്, സിപിഎം എംപിമാരും സമ്പത്തിന്റെ മുദ്രാവാക്യം ഏറ്റുവിളിച്ചു. ബംഗാളിൽനിന്നുള്ള എംപിമാർ പ്രതിഷേധനിരയിൽ മുന്നിട്ട് നിന്നു. ബംഗാളിയിൽ ഉൾപ്പെടെ മുദ്രാവാക്യം മുഴക്കി മുന്നേറുന്നതിനിടെയാണ് ശുദ്ധ മലയാളത്തിൽ മുദ്രാവാക്യം മുഴക്കി സമ്പത്ത് രംഗം കൈയടക്കിയത്. മുദ്രാവാക്യം അതേസ്വരത്തിൽ ഏറ്റുവിളിച്ച് സജീവമാക്കിയത് ബംഗാളിൽനിന്നുള്ള എംപിമാർ തന്നെയായിരുന്നു.


പ്രതിഷേധം ഒട്ടൊന്നു ശമിച്ചപ്പോൾത്തന്നെ തൃണമൂൽ എംപിമാർ നാണക്കേടിന്റെയും മാനക്കേടിന്റെയും അർഥമറിയാൻ സമ്പത്തിനു ചുറ്റും കൂടി.

സിപിഎം എംപിമാരായ പി.കെ. ബിജു, പി. കരുണാകരൻ, പി.കെ. ശ്രീമതി തുടങ്ങിയവരും പ്രതിഷേധനിരയിലുണ്ടായിരുന്നു. കെ.സി. വേണുഗോപാലായിരുന്നു കോൺഗ്രസ് പക്ഷത്തുനിന്നും പ്രതിഷേധനിരയിലുണ്ടായിരുന്ന മലയാളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.