ജയയുടെ പിൻഗാമി: ചർച്ചകൾ സജീവം
ജയയുടെ പിൻഗാമി: ചർച്ചകൾ സജീവം
Thursday, December 8, 2016 3:33 PM IST
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ രാഷ്ട്രീയ പിൻഗാമിയാരെന്ന ചോദ്യം സജീവമാകുന്നു. തമിഴ്നാട് ദ്രാവിഡ രാഷ്ട്രീയത്തിൽ അണ്ണാ ഡിഎംകെയുടെ അനിഷേധ്യ നേതാവായിരുന്ന ജയ വഹിച്ചിരുന്ന പാർട്ടി ജനറൽ സെക്രട്ടറി സ്‌ഥാനം ആർക്കെന്നതു സംബന്ധിച്ച് ഇതുവരെ ചിത്രം വ്യക്‌തമായിട്ടില്ല. ജയയുടെ തോഴി ശശികല, തമിഴ് നടൻ അജിത് തുടങ്ങിയ പേരുകൾ അന്തരീക്ഷത്തിലുണ്ടെങ്കിലും ഒന്നും ഉറപ്പായിട്ടില്ല. ജയയുടെ മരണം പോലെ തികച്ചും സസ്പെൻസിലാണ് ഇക്കാര്യങ്ങളുടെയും പോക്ക്.

ജയ മരിച്ച രാത്രിതന്നെ മുഖ്യമന്ത്രിസ്‌ഥാനം അവരുടെ വിശ്വസ്തനായ ഒ. പനീർശെൽവം ഏറ്റെടുത്തിരുന്നു. ബാക്കിയുള്ളത് 1989 മുതൽ ജയ വഹിച്ചുപോന്ന പാർട്ടി ജനറൽ സെക്രട്ടറിപദമാണ്. ജയയെ കൈപിടിച്ചുയർത്തിയ എം.ജി.ആർ 1971 മുതൽ 1987ൽ അദ്ദേഹത്തിന്റെ മരണംവരെ അലങ്കരിച്ച പദമാണത്. എം.ജി.ആറിനു സമാനമായിരുന്നു പാർട്ടി തലപ്പത്തും മുഖ്യമന്ത്രിസ്‌ഥാനത്തും ജയയുടെ അപ്രമാദിത്വവും.

ചർച്ചകൾക്കും കണക്കുകൂട്ടലുകൾക്കും ആക്കംകൂട്ടി മുഖ്യമന്ത്രി ഒ. പനീർശെൽവം പോയസ് ഗാർഡനിലെത്തി ജയയുടെ തോഴി ശശികലയെ ഇന്നലെ കണ്ടു. ഇരുവരും തമ്മിൽ രണ്ടു മണിക്കൂറോളം നടന്ന ചർച്ചയിൽ പാർട്ടി ജനറൽ സെക്രട്ടറിസ്‌ഥാനവും വിഷയമായിരിക്കാം എന്നാണു കരുതപ്പെടുന്നത്. ജയയുടെ അന്ത്യകർമങ്ങൾക്കു നേതൃത്വം നല്കിയത് പാർട്ടി നിർവാഹക സമിതി അംഗമായ ശശികലയാണെന്നതും ഇതിനോടു ചേർത്തുവായിക്കേണ്ടിയിരിക്കുന്നു. പനീർശെൽവം ശശികലയെ കാണാൻ എത്തിയപ്പോൾ മുതിർന്ന മന്ത്രിമാരായ സി. ശ്രീനിവാസൻ, എടപ്പാടി കെ. പളനിസ്വാമി, പി. തങ്കമണി തുടങ്ങിയവരും ഉണ്ടായിരുന്നു.

അതേസമയം, പാർട്ടിയിൽനിന്നു ജയലളിത രണ്ടു തവണ ശശികലയെ പുറത്താക്കിയത് ചില പാർട്ടി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. 1996ലും 2011ലും ആയിരുന്നു ജയ ശശികലയ്ക്കെതിരേ തിരിഞ്ഞത്. പാർട്ടി പ്രവർത്തകരുടെ ഇംഗിതപ്രകാരം ശശികലയിൽനിന്നും അവരുടെ കുടുംബാംഗങ്ങളിൽനിന്നും താൻ അകലം പാലിക്കാൻ തീരുമാനിച്ചതായി 1996ൽ ജയ പ്രഖ്യാപിച്ചതും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജയയ്ക്കൊപ്പം ശശികലയ്ക്കും കുടുംബാംഗങ്ങൾക്കും എതിരേ അഴിമതി ആരോപണം ഉയർന്നതിനു പിന്നാലെയായിരുന്നു ഇത്. 1996ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്കു നേരിട്ട അപജയം ശശികലയുടെയും ബന്ധുക്കളുടെയും ഇടപെടലുകൾകൊണ്ടാണെന്നും കരുതുന്നവരുണ്ട്.


2011ൽ ശശികലയും അവരുടെ ഭർത്താവ് എം. നടരാജനും ഉൾപ്പെടെ 12 പേരെ ജയലളിത പാർട്ടിയിൽനിന്നു പുറത്താക്കി. ജയയുടെ അപ്രീതിക്കു പാത്രമായ ഈ ചരിത്രങ്ങൾ ശശികലയെ അവരുടെ പിൻഗാമിയാക്കുന്നതിനു തടസമായേക്കാമെന്നും കരുതപ്പെടുന്നു. പ്രത്യേകിച്ച്, സ്വത്ത് സമ്പാദനക്കേസിൽ സുപ്രീംകോടതി വിധി കാത്തിരിക്കുന്ന പശ്ചാത്തലത്തിൽ.

കെ.എ. ചെങ്കോട്ടൈയൻ, എം. തമ്പിദുരൈ എന്നിവരെയാണ് കോയമ്പത്തൂർ മേഖലയിൽനിന്നുള്ള പാർട്ടി പ്രവർത്തകർ പിന്തുണയ്ക്കുന്നത്. ചെങ്കോട്ടൈയൻ എം.ജി.ആറിന്റെയും ജയയുടെയും വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. തമ്പിദുരൈ ജയയുടെ അടുത്ത അനുയായിയും. മധുരയിൽനിന്നുള്ളവർക്ക് പനീർശെൽവംതന്നെ പാർട്ടി തലപ്പത്ത് എത്തുന്നതിനോടാണു താത്പര്യം. പൻറൂടി എസ്. രാമചന്ദ്രന്റെ പേരും ഉയർന്നുകേൾക്കുന്നുണ്ട്.

എന്നാൽ, തമിഴ് നടൻ അജിത് അടിയന്തരമായി ചെന്നൈയിൽ എത്തിയതും ചർച്ചയ്ക്കു വഴിവയ്ക്കുന്നു. സിനിമാ ഷൂട്ടിംഗിനിടെ ബൾഗേറിയയിൽനിന്നാണ് അജിത് ചെന്നൈയിൽ പറന്നിറങ്ങിയതും ജയ അന്ത്യവിശ്രമംകൊള്ളുന്ന മറീന ബീച്ചിലെത്തി പ്രണാമമർപ്പിച്ചതും.

പാർട്ടി ജനറൽ സെക്രട്ടറിസ്‌ഥാനത്തേക്ക് അജിത് വരുമെന്ന് കഴിഞ്ഞ രണ്ടു മാസമായി സമൂഹമാധ്യമങ്ങളിലടക്കം വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു. ജയലളിത അന്ത്യനാളിൽ തന്റെ പിൻഗാമിയായി അജിതിന്റെ പേര് പറഞ്ഞിരുന്നതായും ശ്രുതിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.