യുവാവിന്റെ കൊലപാതകം: മൈസൂരു സ്വദേശിനി റിമാൻഡിൽ
യുവാവിന്റെ കൊലപാതകം: മൈസൂരു സ്വദേശിനി റിമാൻഡിൽ
Thursday, December 8, 2016 3:06 PM IST
ബംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് കണ്ണൂർ സ്വദേശിയായ യുവാവിനെ തീയിട്ടു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൈസൂരു സ്വദേശിനിയായ യുവതിയെ റിമാൻഡ് ചെയ്തു. കോട്ടൺപേട്ട് എസ്ഐ ഡി.ജി. കുമാരസ്വാമിയാണ് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയത്. ബംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലെ ടീസ്റ്റാൾ ജീവനക്കാരൻ കണ്ണവം എടയാർ മുനീസ മൻസിലിൽ മൻസൂറിനെ(27) കൊലപ്പെടുത്തിയ കേസിൽ പാരാമെഡിക്കൽ വിദ്യാർഥിനിയായ, മൈസൂരു കൂവേമ്പുനഗർ സ്വദേശിനി ശ്രുതിയെ(21) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ബംഗളൂരുവിൽ സ്വകാര്യ പാരാമെഡിക്കൽ കോളജ് വിദ്യാർഥിനിയായ ശ്രുതി എല്ലാ ദിവസവും മൈസൂരുവിലെ വീട്ടിൽനിന്നു ട്രെയിൻ മാർഗമാണ് ബംഗളൂരുവിൽ പോയി വന്നിരുന്നത്. റെയിൽവേസ്റ്റേഷനിൽ മൻസൂറിന്റെ ടീസ്റ്റാളിൽനിന്നു പതിവായി ചായകുടിച്ചുള്ള പരിചയം പ്രണയത്തിൽ കലാശിക്കുകയായിരുന്നു. ഇരുവരും മൂന്നു വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ജൂണിൽ ശ്രുതി ഗർഭിണിയാകുകയും വിവാഹം ചെയ്യാൻ മൻസൂറിനോട് അഭ്യർഥിക്കുകയും ചെയ്തു.


എന്നാൽ, വിവാഹാഭ്യർഥന തള്ളിയ മൻസൂർ ഗർഭഛിദ്രം നടത്താൻ ശ്രുതിയെ നിർബന്ധിച്ചത്രെ. വകവരുത്തുകയെന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ മാസം 27ന് മജസ്റ്റിക്കിനടുത്തുള്ള ശാന്താള സർക്കിളിലെ ശ്രീകൃഷ്ണ ലോഡ്ജിലേക്ക് മൻസൂറിനെ ശ്രുതി വിളിച്ചുവരുത്തി.തൊട്ടടുത്ത ദിവസം രാവിലെ ശീതളപാനീയത്തിൽ ഉറക്കഗുളിക കലർത്തി മൻസൂറിനു നൽകിയശേഷം പ്രഭാതഭക്ഷണം കഴിക്കാനായി ശ്രുതി പുറത്തേക്കു പോയി. പിന്നീട്, ഉറക്കത്തിലായിരുന്ന മൻസൂറിന്റെ ദേഹത്ത് പെട്രോൾ ഒഴിച്ചശേഷം കിടക്കയ്ക്ക് തീവയ്ക്കുകയായിരുന്നു. തുടർന്ന് ശ്രുതിയും ഉറക്കഗുളിക കഴിച്ചു. തീ ആളിക്കത്തിയപ്പോൽ ചൂടുസഹിക്കാനാകാതെ മുറിയിൽനിന്നു പുറത്തിറങ്ങിയപ്പോൾ തളർന്നു വീണ ശ്രുതിയേയും മൻസൂറിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. ഇരുവരും ചേർന്ന് ആത്മഹത്യക്ക് ശ്രമിച്ചതായാണ് യുവതി പോലീസിനോടു പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.