കറൻസി ക്ഷാമത്തിന്റെ ഒരു മാസം
കറൻസി ക്ഷാമത്തിന്റെ ഒരു മാസം
Wednesday, December 7, 2016 3:44 PM IST
ഇന്നു ഡിസംബർ എട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ കറൻസി റദ്ദാക്കലിന് ഒരു മാസം പൂർത്തിയായി. നവംബർ എട്ടിനാണ് 500 രൂപ, 1000 രൂപ കറൻസികൾ റദ്ദാക്കിയത്. പകരം 2000 രൂപ, 500 രൂപ കറൻസികൾ ഇറക്കി. എന്നിട്ട്?

നാട്ടിൽ സംഭവിച്ചത്

കറൻസി ലഭ്യത പൊടുന്നനെ കുറഞ്ഞു. പിൻവലിച്ചതിന്റെ പകുതി തുകയ്ക്കുള്ള കറൻസിപോലും പുതുതായി എത്തിയില്ല. 2000 രൂപ നോട്ടുകൾ ചെറിയ ആവശ്യങ്ങൾക്കായി ചെലവാക്കാൻ പറ്റുന്നില്ല. ബാങ്കിൽനിന്നു വലിക്കാവുന്ന തുക വ്യക്‌തികൾക്ക് ആഴ്ചയിൽ 24,000 രൂപയും സ്‌ഥാപനങ്ങൾക്ക് 50,000 രൂപയും എന്ന നിബന്ധന പിൻവലിക്കാത്തതിനാൽ വ്യക്‌തികൾ ചെലവ് ചെയ്യാൻ മടിക്കുന്നു. സ്‌ഥാപനങ്ങൾ ശമ്പളം നൽകാൻ ബുദ്ധിമുട്ടുന്നു. അക്കൗണ്ടിൽ നൽകുന്ന ശമ്പളവും പെൻഷനും പിൻവലിക്കാനാകാത്തതിനാൽ ശമ്പളക്കാരും പെൻഷൻകാരും വിഷമിക്കുന്നു. മറ്റുള്ളവർക്കും ബാങ്കിലെ പണം യഥേഷ്‌ടം വിനിയോഗിക്കാൻ പറ്റുന്നില്ല.

ഇതിന്റെ ഫലം?

നാട്ടിൽ വ്യാപാരം കുറഞ്ഞു. ഉത്പാദനം കുറഞ്ഞുതുടങ്ങി. തൊഴിലും കുറയുന്നു.
സ്വർണവിപണിയിൽ 80 ശതമാനം വരെ ഇടിവ്, വസ്ത്രവിപണിയിലും സ്‌ഥിതി മാറ്റമില്ല. ടൂറിസവും റിയൽഎസ്റ്റേറ്റും കനത്ത തിരിച്ചടി നേരിട്ടു.

പ്ലാസ്റ്റിക് പണം

കറൻസിക്കു പകരം കാർഡ് ഉപയോഗിച്ചും മൊബൈൽ വാലറ്റ് ഉപയോഗിച്ചും ഡിജിറ്റൽ ട്രാൻസ്ഫർ വഴിയും ഇടപാടുകൾ നടത്തുന്നതിനു ഗവൺമെന്റ് എല്ലാവരെയും പ്രേരിപ്പിച്ചുവരികയാണ്. ഇതിന്റെ ഫലമായി ഇവയുടെ ഉപയോഗം കൂടി. നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ഇറക്കിയ റൂപേയുടെ ഉപയോഗം മൂന്നിരട്ടിയായി. പക്ഷേ, ഓരോ ഇടപാടിലെയും തുക കുറഞ്ഞു. മറ്റു ഡെബിറ്റ് കാർഡുകളിലും ഇടപാട് തുക 15 ശതമാനം താണു.

ക്രെഡിറ്റ് കാർഡ് ഇടപാടുകൾ ഇരട്ടിച്ചു. പക്ഷേ, ഓരോ ഇടപാടിലെയും തുക 25–30 ശതമാനം കുറഞ്ഞു.
മൊത്തത്തിൽ മനുഷ്യൻ പണം ചെലവാക്കൽ കുറച്ചു. അതു കച്ചവടം കുറച്ചു.

എടിഎമ്മുകൾ

ഒരു മാസത്തിനു ശേഷവും എടിഎമ്മുകൾ മുഴുവൻ പുതിയ നോട്ടുകൾ വയ്ക്കാവുന്ന വിധം പുനർക്രമീകരിച്ചിട്ടില്ല. കമ്പനികൾ പറയുന്നതു 90 ശതമാനം ശരിയായെന്ന്. ആകെ ഉള്ളതു 2.2 ലക്ഷം എടിഎമ്മുകൾ.
പ്രവർത്തിക്കുന്നവയിൽ 500 രൂപ നോട്ടുകൾ വേണ്ടത്ര ഇല്ല. തന്മൂലം കുറച്ചുസമയംകൊണ്ട് നോട്ടുകൾ തീരും.

പാലിക്കാത്ത വാക്കുകൾ

റദ്ദായ നോട്ടുകൾ മാറ്റിവാങ്ങാവുന്നതിന്റെ പരിധി കൂട്ടുമെന്നു പറഞ്ഞു. പകരം പരിധി കുറച്ചു. പിന്നെ മാറ്റിവാങ്ങൽ ബാങ്കുകളിൽ ഇല്ലാതാക്കി.

സ്വന്തം അക്കൗണ്ടിൽനിന്ന് എടിഎമ്മിലൂടെ പിൻവലിക്കാവുന്ന തുക 4000 രൂപയാക്കുമെന്നു പറഞ്ഞു. ചെയ്തില്ല.
ബാങ്കിൽനിന്നു പിൻവലിക്കാവുന്ന തുകയിൽ നാമമാത്ര വർധന മാത്രം.

സാമ്പത്തിക വളർച്ച

സാമ്പത്തികവളർച്ച രണ്ടു ശതമാനം കുറയുമെന്നു മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് പറഞ്ഞു. പ്രതീക്ഷിച്ചതിലും മൂന്നു ശതമാനം കുറയുമെന്ന് ആംബിറ്റ് കാപ്പിറ്റൽ.


ഗോൾഡ്മാൻ സാക്സ് നേരത്തേ 7.8 ശതമാനം വളർച്ച പ്രതീക്ഷിച്ചത് രണ്ടാഴ്ച മുമ്പ് 7.3 ശതമാനമായും ഇന്നലെ 6.3 ശതമാനമായും കുറച്ചു. റിസർവ് ബാങ്ക് 7.6 ശതമാനത്തിൽനിന്ന് 7.1 ശതമാനത്തിലേക്കു പ്രതീക്ഷ താഴ്ത്തി.

പാർലമെന്റ് സ്തംഭനം

കറൻസി റദ്ദാക്കലിനെത്തുടർന്നു പാർലമെന്റിലെ പ്രവർത്തനങ്ങൾ സ്തംഭിച്ചു. തുടർച്ചയായ 16–ാം ദിവസവും ഒരു കാര്യവും നടക്കുന്നില്ല.

ഇതു ചരക്കു–സേവന നികുതി (ജിഎസ്ടി) നടപ്പാക്കലിനും തടസം സൃഷ്‌ടിക്കുമെന്ന് ഉറപ്പായി. ഭരണപക്ഷവും പ്രതിപക്ഷവും കറൻസി വിഷയത്തിൽ സംഘർഷത്തിലായതോടെ ജിഎസ്ടിയിലെ തർക്കങ്ങൾ പരിഹരിക്കാൻ പറ്റാതായി.

ക്യൂവിലെ മരണങ്ങൾ

എൺപതിലേറെപ്പേരാണു കറൻസിക്കായുള്ള ക്യൂകളിൽനിന്നു മരണമടയുകയോ അവശരാകുകയോ ചെയ്തത്. ഇത്ര നീണ്ട കാലത്തേക്ക് ഇത്ര നീണ്ട ക്യൂകൾ രാജ്യം അനുഭവിച്ചിട്ടില്ല. ഇപ്പോഴും ജനത്തിനു വേണ്ടത്ര പണം കിട്ടുന്ന സാഹചര്യവുമില്ല. ഗ്രാമീണ മേഖലയിലെ എടിഎമ്മുകളിലും ബാങ്ക് ശാഖകളിലും പണം വേണ്ടത്ര എത്തിയിട്ടുമില്ല.

സഹകരണമേഖല നിശ്ചലം

ഇതോടൊപ്പം മറ്റു പല നിബന്ധനകളും പ്രഖ്യാപിച്ചതോടെ സഹകരണ ബാങ്കുകൾ നിശ്ചലമായി. അവയിൽ മാത്രം പണം നിക്ഷേപിച്ചിട്ടുള്ളവർക്കു പണം ലഭിക്കുന്നതിനു വഴികൾ തുറന്നുകിട്ടിയിട്ടില്ല. ഇതോടൊപ്പം വായ്പാ തിരിച്ചടവുകൾ മുടങ്ങി. ഇനി ആ കുടിശികയുടെ പിഴപ്പലിശകളും ജനം സഹിക്കണം.

ആസ്തികൾക്ക് ഇടിവ്

ഭൂമിയും കെട്ടിടവും സ്വർണവും അടക്കം ആസ്തികളായി കരുതുന്നവയുടെ എല്ലാം വിലയിൽ ഇടിവു വന്നു. റിയൽ എസ്റ്റേറ്റ് വ്യാപാരവും നിശ്ചലമായി. ആസ്തിവിലകൾ താഴുന്നതു ബാങ്കുകളെയും ബാധിക്കും.

റദ്ദാക്കിയ നോട്ടുകൾ

500 രൂപയുടെ 1716.5 കോടി കറൻസി.
മൊത്തം തുക 8,58,250 കോടി രൂപ.
1000 രൂപയുടെ 685.8 കോടി കറൻസി.
മൊത്തം തുക 6,85,800 കോടി രൂപ.
ആകെ 15,44,050 കോടി രൂപ.
തിരിച്ചെത്തിയ റദ്ദായ നോട്ടുകൾ
11.55 ലക്ഷം കോടി (റിസർവ്ബാങ്ക് അറിയിച്ചത്)12.86 ലക്ഷം കോടി (ബ്ലൂംബർഗ്ന്യൂസ് റിപ്പോർട്ട്)
പുതുതായി വിതരണം ചെയ്ത നോട്ടുകൾ
4.34 ലക്ഷം കോടി രൂപയുടെ

വിവിധ മേഖലകളിലെ വ്യാപാര ഇടിവ്

ഗൃഹോപകരണങ്ങൾ
നഗരം 54%
ഗ്രാമം 43%
കാർ, ബൈക്ക്
നഗരം 57.9%
ഗ്രാമം 82.9%
ഹോട്ടൽ ഭക്ഷണം
നഗരം 42.1%
ഗ്രാമം 12.4%
ചായക്കട, തട്ടുകട
നഗരം 28%
ഗ്രാമം 18.8%
സിഗരറ്റ്
നഗരം 61.5%
ഗ്രാമം 11.8%
സോപ്പ്,ഷാംപൂ,
അലക്കുപൊടി
നഗരം 22.7%
ഗ്രാമം 3.5%
(ബ്രിക്വർക്സ്
മീഡിയയുടെ സർവേ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.