റബർ കർഷകരോടു വീണ്ടും മുഖംതിരിച്ച് കേന്ദ്ര വാണിജ്യമന്ത്രി
റബർ കർഷകരോടു വീണ്ടും മുഖംതിരിച്ച് കേന്ദ്ര വാണിജ്യമന്ത്രി
Wednesday, December 7, 2016 3:33 PM IST
ന്യൂഡൽഹി: റബർ വിലത്തകർച്ചയെ തുടർന്നു കർഷകരും തൊഴിലാളികളും നേരിടുന്ന കടുത്ത പ്രതിസന്ധി പരിഹരിക്കാൻ പാർലമെന്ററി സമിതി നൽകിയ ശിപാർശകൾ അവഗണിച്ചു കേന്ദ്ര വാണിജ്യമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ മറുപടി നൽകി. റബർ ഇറക്കുമതി നിയന്ത്രിക്കുന്നതു മുതൽ റബർ നയം ഉടൻ പ്രഖ്യാപിക്കുക എന്നതു വരെയുള്ള പ്രധാന ശിപാർശകളിന്മേൽ വ്യക്‌തമായ ഉറപ്പോ, പ്രഖ്യാപനങ്ങളോ ഇല്ലാതെയാണു വാണിജ്യമന്ത്രി വിശദമായ പ്രസ്താവന ഇന്നലെ പാർലമെന്റിൽ വച്ചത്. റബർ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിയോടു കേന്ദ്രസർക്കാരിന്റെ ചിറ്റമ്മ നയം തുടരുകയാണ്.

ആഭ്യന്തര വിപണിയിലെ റബർവില കുത്തനെ ഇടിഞ്ഞിട്ടും ആവശ്യത്തിലധികം റബർ വ്യവസായികൾ ഇറക്കുമതി ചെയ്യുന്നതായി മന്ത്രിയുടെ രേഖ വെളിപ്പെടുത്തി. എന്നാൽ, ഇറക്കുമതി നിയന്ത്രിക്കാൻ ഇനിയും കഴിയില്ലെന്ന ന്യായമാണു കേന്ദ്രത്തിന്റേത്. ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം നികത്തുന്നതിനാണ് ഇറക്കുമതിയെന്നും ആവശ്യത്തേക്കാൾ വളരെ കൂടുതൽ ഇറക്കുമതി ചെയ്തിട്ടില്ലെന്ന വ്യവസായികളുടെ തൊടുന്യായം ആവർത്തിക്കാനും മന്ത്രി മടിക്കുന്നില്ല. റബർ നയം പ്രഖ്യാപിക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകൾ സംബന്ധിച്ചു ധനമന്ത്രാലയവുമായി ചർച്ച നടക്കുകയാണെന്നും അതിനാലാണു പ്രഖ്യാപനം വൈകുന്നതെന്നുമാണു ന്യായം.

വയലാർ രവി, ജോയി ഏബ്രഹാം എന്നിവർ അംഗങ്ങളും ബിജെപി അംഗം ചന്ദൻ മിത്ര അധ്യക്ഷനുമായ പാർലമെന്ററി സമിതി വിശദമായ പഠനത്തിനു ശേഷം സമർപ്പിച്ച ശിപാർശകൾ പോലും അംഗീകരിച്ചു നടപ്പാക്കാൻ കേന്ദ്രസർക്കാർ തയാറായിട്ടില്ല. പല ശിപാർശകളും നടപ്പാക്കാനുള്ള ബുദ്ധിമുട്ടുകളും തൊടുന്യായങ്ങളും നിരത്തുന്നതിനോടൊപ്പം ശേഷിച്ചവ പരിഗണനയിലാണെന്ന വാദമാണ് 26 പേജുള്ള നിർമല സീതാരാമന്റെ മറുപടിയിലുള്ളത്.

2011–12 കാലത്തു ആഭ്യന്തര റബർ വില കിലോഗ്രാമിനു ശരാശരി 2018.05 രൂപ ആയിരുന്നത് 113.06 രൂപയായി കുറഞ്ഞുവെന്നാണു മന്ത്രിയുടെ കണക്ക്. വിലത്തകർച്ച മൂലം 30 ശതമാനം കർഷകർ 2015–16ൽ റബർ ടാപ്പിംഗ് ഉപേക്ഷിച്ചുവെന്നും കേന്ദ്രം സമ്മതിക്കുന്നുണ്ട്. റബർ ഉത്പാദനം 2014–15ലെ 6.45 ലക്ഷം ടണ്ണിൽ നിന്ന് കഴിഞ്ഞ ഒരു വർഷം മാത്രം 5.62 ലക്ഷം ടണ്ണായി കുറഞ്ഞു. ഈ പ്രതിസന്ധിക്കിടയിലും റബർ ഇറക്കുമതി 2009–0ൽ 1,77,130 ടണ്ണിൽ നിന്ന് 2014–15ൽ 4,42,130 ടൺ ആയി കുത്തനെ കൂടി.

റബർവില വലിയ തോതിൽ കുറഞ്ഞ ശേഷവും അഞ്ചു വർഷത്തിനകം 2.65 ലക്ഷം കൂടുതലായി ഇറക്കുമതി നടത്തിയതായി കേന്ദ്രം പാർലമെന്റിനെ അറിയിച്ചു. ഇതിൽത്തന്നെ തീരുവ നൽകിയുള്ള ഇറക്കുമതിയിൽ വലിയ വർധനയുണ്ട്. മുമ്പു വളരെ നാമമാത്രമായിരുന്ന തീരുവ നൽകിയുള്ള റബർ ഇറക്കുമതി അഞ്ചു വർഷം കൊണ്ടു 2010–11ലെ വെറും 55,090 ടണ്ണിൽ നിന്ന് 2014–15 വർഷത്തിൽ കുത്തനെ ഉയർന്ന് 3,38,305 ടൺ ആയി. ഇതേ കാലയളവിൽ മുൻകൂർ ലൈസൻസ് പ്രകാരം തീരുവയില്ലാത്ത ഇറക്കുമതി 1,35,602 ടണ്ണിൽ നിന്ന് 1,03,825 ടൺ ആയി കുറയുകയും ചെയ്തു.


പാർലമെന്ററി സമിതിയുടെ മറ്റു ചില നിർദേശങ്ങളും മന്ത്രിയുടെ മറുപടിയും താഴെ.

1. റബർ വിലത്തകർച്ച പരിഹരിക്കാൻ കേന്ദ്രം അടിയന്തര ഇടപെടൽ നടത്തണം. ആവശ്യത്തിലധികം ഇറക്കുമതി ചെയ്യുന്നത് അടക്കം ഇറക്കുമതി നിയന്ത്രിക്കാനും നടപടി സ്വീകരിക്കണം. ഷീറ്റ് റബറിനു പകരം ബ്ലോക്ക് റബർ ഉത്പാദിപ്പിക്കണമെന്ന നിർദേശം താങ്ങാനാവാത്ത ചെലവും വിദേശ ബ്ലോക്ക് റബറിന്റെ വിലയുമായി പിടിച്ചുനിൽക്കാൻ കർഷകർക്കു കഴിയില്ല എന്നതും അടക്കമുള്ള പല കാരണങ്ങളാൽ പ്രായോഗികമല്ലെന്നും പാർലമെന്ററി സമിതി ചൂണ്ടിക്കാട്ടി. എന്നാൽ, ബ്ലോക്ക് റബർ കർഷകർ ആവശ്യത്തിനു ഉത്പാദിപ്പിക്കുകയാണു പോംവഴിയെന്നും ഇറക്കുമതി കൂടാൻ ഒരു പ്രധാന കാരണം ഇതാണെന്നുമാണു കേന്ദ്രസർക്കാരിന്റെ ന്യായീകരണം. റബർ ഇറക്കുമതി നിർത്താനാകില്ലെന്നും മന്ത്രി പ്രസ്താവനയിൽ വ്യക്‌തമാക്കിയിട്ടുണ്ട്.

2. റബർ കൃഷിക്കും പുനഃകൃഷിക്കുമുള്ള സാമ്പത്തിക സഹായം ഗണ്യമായി കൂട്ടുക. എന്നാൽ, റബർ ബോർഡിനു ധനമന്ത്രാലയം കൂടുതൽ വിഹിതം അനുവദിച്ചാൽ പരിഗണിക്കാം എന്നതാണു മറുപടിയുടെ കാതൽ. കേരളത്തിൽ ചെലവിന്റെ എട്ടു ശതമാനവും വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളിലും മറ്റും 15 ശതമാനവുമാണു സാമ്പത്തിക സഹായമെന്നു മന്ത്രി വിശദീകരിച്ചു. വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളിലെ കൃഷിക്ക് 1,00,000 ലക്ഷം രൂപ സഹായം നൽകും. എന്നാൽ പരമ്പരാഗത റബർ കൃഷിയുള്ള കേരളത്തിൽ ഇത്രയും തുക നൽകില്ല.

3. റബർ തടി കാർഷിക വ്യവസായം എന്ന നിലയിൽ സംസ്കരിക്കുന്നതിനായി നടപടിയെടുക്കണമെന്നു സമിതി ശിപാർശ ചെയ്തു. ഇക്കാര്യം പരിസ്‌ഥിതി– വനം മന്ത്രാലയവുമായി ആലോചിക്കാം എന്ന ഒഴുക്കൻ മറുപടിയാണു മന്ത്രിയുടേത്. കേരള സർക്കാർ റബർ തടിക്ക് ഏർപ്പെടുത്തിയിട്ടുള്ള നികുതിപ്പണം കർഷകരെ ബാധിക്കുന്നുവെന്നും അതിനാൽ ഇക്കാര്യം പുനഃപരിശോധിക്കാൻ സംസ്‌ഥാന സർക്കാരിനോടു അഭ്യർഥിച്ചുവെന്നും നിർമല സീതാരാമൻ പറഞ്ഞു.


ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.