പാർലമെന്റ്: അഡ്വാനിയുടെ ആത്മരോഷം അണപൊട്ടി
പാർലമെന്റ്: അഡ്വാനിയുടെ ആത്മരോഷം അണപൊട്ടി
Wednesday, December 7, 2016 3:33 PM IST
ന്യൂഡൽഹി: പാർലമെന്റ് നടപടികൾ തുടർച്ചയായി തടസപ്പെടുന്നതിൽ സ്പീക്കറെയും സർക്കാരിനെയും കുറ്റപ്പെടുത്തി മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനി. പാർലമെന്റ് സുഗമമായി നടത്തുന്നതിന് സ്പീക്കർ സുമിത്ര മഹാജനോ പാർലമെന്ററികാര്യ മന്ത്രി അനന്ത്കുമാറോ യാതൊന്നും ചെയ്യുന്നില്ലെന്നാണ് അഡ്വാനി തുറന്നടിച്ചത്. ഒരു കാലത്ത് കടുത്ത അഡ്വാനി പക്ഷപാതി എന്നറിയപ്പെട്ടിരുന്ന അനന്ത്കുമാർ അദ്ദേഹത്തെ സമാധാനിപ്പിക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ആശ്വാസ വാക്കുകൾ വിലപ്പോയില്ല.

അഡ്വാനിയുടെ ആത്മരോഷം ഉച്ചത്തിലായ വിവരം തിരിച്ചറിഞ്ഞ മന്ത്രി അനന്ത്കുമാർ പ്രസ് ഗാലറിയിലേക്കു വിരൽ ചൂണ്ടി അദ്ദേഹത്തിന്റെ വാക്കുകൾ റിപ്പോർട്ട് ചെയ്തേക്കുമെന്ന മുന്നറിയിപ്പു നൽകി. എന്നാൽ, സ്പീക്കർ സഭ നടത്തുന്നില്ലെന്ന കാര്യം താൻ സ്പീക്കറോടു തന്നെ പറയാൻ പോകുകയാണെന്ന് അഡ്വാനി പറഞ്ഞു. ഇക്കാര്യം പരസ്യമായും പറയും. ഇക്കാര്യത്തിൽ പാർലമെന്ററികാര്യ മന്ത്രിയും സ്പീക്കറും ഒരുപോലെ കുറ്റക്കാരാണെന്നുമാണെന്നും അഡ്വാനി പറഞ്ഞു. ഇതുൾപ്പെടെ അഡ്വാനിയുടെയും അനന്ത്കുമാറിന്റെയും സംഭാഷണം വ്യക്‌തമായി പ്രസ് ഗാലറിയിലിരുന്ന് കേൾക്കാമായിരുന്നു.

സഭ പിരിഞ്ഞ ഉടൻ തന്നെ ലോക്സഭാ ഉദ്യോഗസ്‌ഥനടുത്തെത്തിയ അഡ്വാനി എത്രമണി വരെയാണു സഭ പിരിഞ്ഞതെന്നു തിരക്കി. രണ്ടു മണിവരെയെന്ന് ഉത്തരം കിട്ടിയപ്പോൾ എന്തുകൊണ്ട് സമ്മേളനം പൂർണമായി അവസാനിപ്പിക്കുന്നില്ലെന്നു ചോദിച്ചു. തുടർന്ന് ആരോടും ഒന്നും പറയാതെ അദ്ദേഹം സഭ വിട്ടു.


ശീതകാല സമ്മേളനത്തിന്റെ തുടർച്ചയായ മൂന്നാമത്തെ ആഴ്ചയിൽ ഇന്നലെയും മറ്റു നടപടികളൊന്നും നടക്കാതെ ലോക്സഭ പിരിഞ്ഞിരുന്നു. ലോക്സഭയിൽ പതിവുപോലെ നോട്ട് വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം രൂക്ഷമാക്കിയതിനെ തുടർന്ന് സഭ പിരിഞ്ഞതിനിടെയാണ് അസ്വസ്‌ഥനായ അഡ്വാനി സുമിത്ര മഹാജനും മന്ത്രി അനന്ത്കുമാറിനുമെതിരേ തുറന്നടിച്ചത്. ഉച്ചയ്ക്കു മുൻപായി സഭ പിരിയുന്നതിനു തൊട്ടു മുൻപായിരുന്നു അഡ്വാനിയുടെ അതൃപ്തി വാക്കുകളായി പുറത്തുചാടിയത്.

ഈ സമയം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങളിൽ ചിലരും ഭരണപക്ഷ നിരയുടെ മുന്നിലുണ്ടായിരുന്നു. എന്നാൽ, അഡ്വാനിയുടെ ആത്മരോഷത്തെപ്പോലും പ്രതിപക്ഷത്തിനെതിരേ തിരിച്ചുവിടാനാണ് മന്ത്രി വെങ്കയ്യ നായിഡു ശ്രമിച്ചത്. പ്രതിപക്ഷ ബഹളത്തിൽ സഭാ നടപടികൾ തടസപ്പെടുത്തുന്നതിൽ മുതിർന്ന നേതാക്കൾ പോലും ഇത്തരത്തിലാണ് പ്രതികരിക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്.

പാർലമെന്റ് നടപടികൾ തുടർച്ചയായി തടസപ്പെടുന്നതിൽ കഴിഞ്ഞ ദിവസങ്ങളിലും അഡ്വാനി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സഭയിൽ വോട്ടിംഗോട് കൂടി ചർച്ച വേണമെന്നും നോട്ട് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചയിൽ പങ്കെടുത്തു സംസാരിക്കണമെന്നുമുള്ള ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുകയാണ്. വോട്ടിംഗോടു കൂടിയുള്ള ചർച്ചയ്ക്ക് സ്പീക്കർ ഇതുവരെ അനുമതി നൽകിയിട്ടില്ല.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.