നടൻ അജിത് ജയയുടെ സ്മൃതിമണ്ഡപത്തിൽ; പിന്നാലെ അഭ്യൂഹങ്ങൾ
നടൻ അജിത് ജയയുടെ സ്മൃതിമണ്ഡപത്തിൽ; പിന്നാലെ അഭ്യൂഹങ്ങൾ
Wednesday, December 7, 2016 3:33 PM IST
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പിൻഗാമിയെച്ചൊല്ലി എഡിഎംകെയിൽ ചർച്ചകൾ തുടരുന്നതിനിടെ ചലച്ചിത്രതാരം അജിത് ചെന്നൈയിലെ മറീന ബീച്ചിൽ ജയലളിതയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ടു ബൾഗേറിയയിലായിരുന്ന അജിത് ഇന്നലെ പുലർച്ചെ നാലരയോടെയാണു ചെന്നൈ വിമാനത്താവളത്തിലെത്തിയത്. അവിടെനിന്നു നേരെ മറീന ബീച്ചിൽ ജയലളിത അന്ത്യവിശ്രമം കൊള്ളുന്ന സ്‌ഥലത്ത് എത്തുകയായിരുന്നു. താരത്തിനൊപ്പം ഭാര്യ ശാലിനിയും ഉണ്ടായിരുന്നു.

ജയലളിതയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു ശ്രമിച്ചിരുന്നുവെങ്കിലും ബൾഗേറിയയിൽനിന്നു വിമാനം ലഭിക്കാത്തതിനാൽ എത്താൻ കഴിഞ്ഞില്ലെന്നു അജിത്തിന്റെ അടുത്ത സുഹൃത്തുക്കൾ പറയുന്നു. ബൾഗേറിയയിൽ നിന്നു റൊമേനിയ വരെ കാറോടിച്ച് എത്തിയശേഷമാണ് അജിതിന് ഇന്ത്യയിലെത്താനായതെന്നും അവർ പറഞ്ഞു. തല 57 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണു ബൾഗേറിയയിൽ പുരോഗമിക്കുന്നത്.


ജയലളിതയുടെ തോഴി ശശികല നടരാജൻ അണ്ണാ ഡിഎംകെയുടെ കേന്ദ്രസ്‌ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയാണു അജിത് ചെന്നൈയിലെത്തിയതും ജയലളിതയ്ക്കു പ്രണാമമർപ്പിച്ചതും. ജയലളിതയുമായി ഏറെ ആത്മബന്ധം പുലർത്തിയിരുന്ന “തല” എന്ന് ആരാധകർ സ്നേഹപൂർവം വിളിക്കുന്ന അജിതിനെ അണ്ണാ എഡിഎംകെയുടെ നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുത്തേക്കുമെന്നും പ്രചാരണമുണ്ട്. തന്റെ പിൻഗാമി അജിത്താണെന്ന് അവസാന കാലത്തു ജയലളിത പറഞ്ഞുവത്രേ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.