നോട്ട് വിഷയത്തിൽ പ്രതിപക്ഷത്തെ വിമർശിച്ച് മോദി
നോട്ട് വിഷയത്തിൽ പ്രതിപക്ഷത്തെ വിമർശിച്ച് മോദി
Wednesday, December 7, 2016 3:10 PM IST
ന്യൂഡൽഹി: നോട്ട് വിഷയത്തിൽ ചർച്ചയ്ക്കു തയാറാകാത്ത പ്രതിപക്ഷത്തെ വിമർശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടർച്ചയായി ദുർഘടം സൃഷ്‌ടിക്കുന്ന പ്രതിപക്ഷം നോട്ട് നിരോധനം ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങളിൽ പാർലമെന്റിൽ ചർച്ചയ്ക്കു തയാറാകുന്നില്ലെന്നാണ് മോദി കുറ്റപ്പെടുത്തിയത്. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി.

പാർലമെന്റിൽ ചർച്ചയ്ക്കു തയാറാകാത്ത പ്രതിപക്ഷത്തിന്റെ നിലപാടിനെ ജനാധിപത്യവിരുദ്ധമെന്നാണ് മോദി വിശേഷിപ്പിച്ചത്. കഴിഞ്ഞ വിവിധ ദശകങ്ങളിലായി പാർലമെന്റിൽ പല സർക്കാർ തീരുമാനങ്ങളും ചർച്ച ചെയ്തിട്ടുണ്ട്. അതിൽ സാമൂഹികമായ ബുദ്ധിമുട്ടുണ്ടാക്കിയ വിഷയങ്ങളും ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇപ്പോൾ നോട്ട് നിരോധനം ഉൾപ്പെടെയുള്ള വിഷയത്തിൽ പ്രതിപക്ഷം കൂട്ടായ തീരുമാനത്തിലൂടെ മുഖം തിരിച്ചു നിൽക്കുകയാണെന്നും മോദി വിമർശിച്ചു.


യോഗത്തിൽ നോട്ട് നിരോധനത്തെ പിന്തുണച്ച ജനങ്ങളെ അഭിനന്ദിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ ധനമന്ത്രി അരുൺ ജയ്റ്റ്ലി പിന്തുണച്ചു. കാഷ്ലെസ്, ഡിജിറ്റൽ സമ്പദ് വ്യവസ്‌ഥയ്ക്കു വേണ്ടി എംപിമാർ ജനങ്ങൾക്കിടയിൽ വൻതോതിൽ ബോധവത്കരണം നടത്തണമെന്ന് മോദി ആവശ്യപ്പെട്ടു. നോട്ട് പിൻവലിച്ച നടപടിയിൽ ജനശക്‌തി തങ്ങളോടൊപ്പമാണെന്നാണ് മോദി പാർട്ടി എംപിമാർക്കു മുന്നിൽ അവകാശപ്പെട്ടത്. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യേണ്ടതാണെന്നും മോദി വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.