റിസോഴ്സ് സാറ്റ് 2എ വിക്ഷേപണം വിജയം
റിസോഴ്സ് സാറ്റ് 2എ വിക്ഷേപണം വിജയം
Wednesday, December 7, 2016 3:10 PM IST
ബംഗളൂരു: ഇന്ത്യയുടെ റിമോർട്ട് സെൻസിംഗ് ഉപഗ്രഹമായ റിസോഴ്സ് സാറ്റ് 2എയുടെ വിക്ഷേപണം വിജയം. ഇന്നലെ രാവിലെ 10.25ന് പിഎസ്എൽവി സി 36 ഉപഗ്രഹത്തെ വഹിച്ചുകൊണ്ട് ഉയർന്നു. ശ്രീഹരിക്കോട്ടയിൽ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടന്നത്. പിഎസ്എൽവി സി36 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്.

18 മിനിറ്റുകൊണ്ട് ഉപഗ്രഹം 817കിലോമീറ്റർ ദൂരത്തുളള ഭ്രമണപഥത്തിലെത്തി. പിഎസ്എൽവിയുടെ എക്സ്എൽ പതിപ്പാണ് പിഎസ്എൽവി സി36. 1235 കിലോഗ്രാം ഭാരമുള്ള റിസോഴ്സ് സാറ്റ് 2എ സൗരകേന്ദ്രിത ഭ്രമണപഥത്തിൽ ചുറ്റിയാണ് ഭൂമിയെ നിരീക്ഷിക്കുക. റിസോഴസ് സാറ്റ്1, റിസോഴ്സ് സാറ്റ്2 എന്നീ ഉപഗ്രഹങ്ങളുടെ സീരീസിൽപ്പെട്ടതാണ് റിസോഴ്സ് സാറ്റ് 2എ. റിസോഴ്സ് സാറ്റ്1 2003ലും റിസോഴ്സ് സാറ്റ്2 2011ലുമാണ് വിക്ഷേപിച്ചത്. ഈ ഉപഗ്രഹത്തിന്റെ കാലാവധി അഞ്ച് വർഷം ആയിരിക്കും. ഹൈ റെസലൂഷൻ ഉള്ള ലീനിയർ ഇമേജിംഗ് സെൽഫ് സ്കാനർ കാമറ, മീഡിയം റെസലൂഷൻ ഉള്ള ലിസ് 3 കാമറ, ആധുനിക വൈഡ് ഫീൽഡ് സെൻസർ കാമറ എന്നിവ ഉപഗ്രഹത്തിലുണ്ടാകും.


കാമറകൾ പകർത്തുന്ന ചിത്രങ്ങളും വീഡിയോകളും സൂക്ഷിക്കാൻ 200 ജിബി സ്റ്റോറേജുമുണ്ട്. പിഎസ്എൽവി ഭ്രമണപഥത്തിലെത്തിക്കുന്ന 121 ാമത്തെ ഉപഗ്രഹമാണ് റിസോഴ്സ് സാറ്റ് 2എ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.