പ്രതിസന്ധിഘട്ടത്തിൽ തമിഴ്നാട് ഭരണം നിയന്ത്രിച്ചതു ഷീല
പ്രതിസന്ധിഘട്ടത്തിൽ തമിഴ്നാട് ഭരണം നിയന്ത്രിച്ചതു ഷീല
Tuesday, December 6, 2016 3:10 PM IST
ചെന്നൈ: മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായതു മുതൽ ഇന്നലെ അവരുടെ സംസ്കാരം നടന്നതുവരെ തമിഴ്നാട്ടിലെ അടിയന്തര സാഹചര്യങ്ങളെ നേരിട്ടതും ഭരണം നിയന്ത്രിച്ചതും മലയാളിയുടെ നേതൃത്വത്തിൽ. മുഖ്യമന്ത്രി ജയലളിതയുടെ ഉപദേഷ്ടാവും മുൻ തമിഴ്നാട് ചീഫ് സെക്രട്ടറിയുമായ ഷീല ബാലകൃഷ്ണനാണ് ഈ നിർണായകഘട്ടത്തിൽ ഭരണ പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചത്. തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോസ്‌ഥയായിരുന്ന ഷീല തിരുവനന്തപുരം സ്വദേശിയാണ്.

ജയലളിത ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടപ്പോൾ അപ്പോളോ ആശുപത്രിയിലെ അവരുടെ മുറിയിൽ തോഴി ശശികലക്കൊപ്പം ഉപദേശക ഷീല ബാലകൃഷ്ണനും പ്രവേശനമുണ്ടായിരുന്നു. അപ്പോളോ ആശുപത്രിയുടെ രണ്ടാംനിലയിൽ ഒരു മുറിയിലിരുന്നാണ് ഷീല ഇക്കാലത്തു തമിഴ്നാട് ഭരണം നിയന്ത്രിച്ചത്. ജയലളിതയുടെ മരണത്തെത്തുടർന്നു തമിഴ്നാട്ടിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ മുൻകരുതലുകളെടുത്തതും ഷീലയുടെ നേതൃത്വത്തിലായിരുന്നു.


1976 ബാച്ച് ഐഎഎസ് ഉദ്യോഗസ്‌ഥയായ ഷീല ബാലകൃഷ്ണൻ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതു തഞ്ചാവൂരിൽ അസിസ്റ്റന്റ് കളക്ടറായാണ്. വിവിധ തസ്തികകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച അവർ 2002 ലാണ് ജയലളിതയുമായി അടുപ്പം സ്‌ഥാപിക്കുന്നത്. ഇതു പിന്നീടു വന്ന ഡിഎംകെ സർക്കാരിന് ഇഷ്ടപ്പെട്ടില്ല. ഷീലയെ അപ്രധാന തസ്തികകളിൽ ഒതുക്കി. ജയലളിത അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ വീണ്ടും ഉയർച്ച.

2012 –ൽ ഷീലയെ ചീഫ് സെക്രട്ടറിയായി ജയലളിത നിയമിച്ചത് അവരുടെ ഭർത്താവ് ബാലകൃഷ്ണൻ ഉൾപ്പെടെ പല സീനിയർ ഐഎഎസ് ഉദ്യോഗസ്‌ഥരെയും മറികടന്നാണ്. 2014–ൽ വിരമിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഉപദേശകയായി ഷീലയെ നിയമിച്ചു. ജയലളിത നടപ്പാക്കിയ പല ജനക്ഷേമ പദ്ധതികൾക്കു പിന്നിലും ഷീലയുടെ കരങ്ങളുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.